ADVERTISEMENT

ന്യൂഡൽഹി∙ രാജ്യാന്തര, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റുകളിൽനിന്നു വിരമിച്ചെങ്കിലും ക്രിക്കറ്റിൽ ഇനിയും കളിക്കാനുള്ള മോഹവുമായി മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിങ്. വിദേശ ട്വന്റി20 ലീഗുകളിൽ കളിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുവരാജ് സിങ് ബിസിസിഐയ്ക്ക് കത്തെഴുതിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടു ചെയ്യുന്നു. രാജ്യാന്തര കരിയർ അവസാനിച്ചതിനുശേഷം നേരമ്പോക്കിനുവേണ്ടി വിദേശ ലീഗുകളിൽ കളിക്കാമെന്നാണു യുവിയുടെ നിലപാട്.

എനിക്ക് ട്വന്റി20 ക്രിക്കറ്റ് കളിക്കാൻ താൽപര്യമുണ്ട്.  ഈ സമയത്ത് നേരമ്പോക്കിനുവേണ്ടി ക്രിക്കറ്റ് കളിക്കാൻ എനിക്കു സാധിക്കും. എനിക്കു ജീവിതം ആസ്വദിക്കാൻ ആഗ്രഹമുണ്ട്. രാജ്യാന്തര കരിയർ, ഐപിഎൽ പോലുള്ള വലിയ ടൂർണമെന്റുകളിലെ പ്രകടനം എന്നിവയെക്കുറിച്ചു ചിന്തിക്കുന്നതു ക്ലേശകരമാണെന്നും വിരമിക്കൽ പ്രഖ്യാപനത്തിനിടെ യുവി വ്യക്തമാക്കിയിരുന്നു. മുംബൈയിൽ വിളിച്ചു ചേർത്ത പ്രത്യേക വാർത്താ സമ്മേളനത്തിലാണ് മുപ്പത്തിയേഴുകാരനായ യുവരാജ് വിരമിക്കൽ പ്രഖ്യാപിച്ചത്. 2011 ൽ ഇന്ത്യ ഏകദിന ലോകകപ്പ് നേടിയപ്പോൾ ടീമിന്റെ നട്ടെല്ലായത് യുവരാജ് സിങ്ങിന്റെ മിന്നും പ്രകടനമായിരുന്നു.

യുവരാജ് സിങ്ങിന്റെ രാജ്യാന്തര കരിയർ ഇങ്ങനെ

രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി 40 ടെസ്റ്റുകളും 304 ഏകദിനങ്ങളും 58 ട്വന്റി20 മൽസരങ്ങളും കളിച്ചിട്ടുണ്ട്. 2000ൽ നയ്റോബിയിൽ കെനിയയ്ക്കെതിരായ ഏകദിന മൽസരത്തിലൂടെയായിരുന്നു യുവരാജിന്റെ രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റം. 17 വർഷത്തോളം നീണ്ട കരിയറിനൊടുവിൽ 2017ൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് അവസാന ഏകദിനം കളിച്ചത്.

304 ഏകദിനങ്ങളിൽനിന്ന് 36.55 റണ്‍ ശരാശരിയിൽ 8701 റൺസാണ് സമ്പാദ്യം. 14 സെഞ്ചുറികളും 52 അർധസെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. 150 റൺസാണ് ഉയർന്ന സ്കോർ. ഇത്രയും മൽസരങ്ങളിൽനിന്ന് 111 വിക്കറ്റും സ്വന്തമാക്കി. മികച്ച ഫീൽഡറായിരുന്ന യുവി 94 ക്യാച്ചും നേടിയിട്ടുണ്ട്. ടെസ്റ്റ് കരിയറിന് 2003ൽ ന്യൂസീലൻഡിനെതിരായ മൽസരത്തിലൂടെ തുടക്കമിട്ട യുവി, 2012ൽ ഇംഗ്ലണ്ടിനെതിരെ കൊൽക്കത്തയിലാണ് അവസാന ടെസ്റ്റ് കളിച്ചത്. 40 ടെസ്റ്റുകളിൽനിന്ന് 33.92 റൺ ശരാശരിയിൽ 1900 റൺസും നേടി. മൂന്നു സെഞ്ചുറിയും 11 അർധസെഞ്ചുറികളും സഹിതമാണിത്. ഒൻപതു വിക്കറ്റുകളും 31 ക്യാച്ചും ടെസ്റ്റ് കരിയറിനു തിളക്കമേറ്റുന്നു.

2007ൽ സ്കോട്‌ലൻ‍ഡിനെതിരെയായിരുന്നു യുവിയുടെ ട്വന്റി20 അരങ്ങേറ്റം. 2017 ഫെബ്രുവരി ഒന്നിന് ബെംഗളൂരുവിൽ ഇംഗ്ലണ്ടിനെതിരായ മൽസരത്തോടെ ട്വന്റി20 കരിയറിനും അവസാനം. ട്വന്റി20യിൽ 58 മൽസരങ്ങളിൽനിന്ന് 28.02 റൺ ശരാശരിയിൽ 1177 റൺസാണ് സമ്പാദ്യം. ഉയർന്ന സ്കോർ പുറത്താകാതെ നേടിയ 77 റൺസ്. 31 വിക്കറ്റും 12 ക്യാച്ചും ട്വന്റി20യിൽ സ്വന്തമായുണ്ട്. 17 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുതതാണു മികച്ച ബോളിങ് പ്രകടനം.

രാജ്യാന്തര, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നു വിരമിച്ച ശേഷം വിരേന്ദര്‍ സെവാഗ്, സഹീർ ഖാൻ തുടങ്ങിയവർ വിദേശലീഗുകളിൽ കളിച്ചിട്ടുണ്ട്. യുഎഇയിലെ ടി10 ലീഗിലാണ് ഇരുവരും പങ്കെടുത്തത്. രണ്ട് വര്‍ഷം മുൻപ് ഇന്ത്യൻ താരം യൂസഫ് പഠാന് ഹോങ്കോങ് ട്വന്റി20യിൽ കളിക്കാൻ ബിസിസിഐ അനുമതി നൽകിയിരുന്നു. പിന്നീട് അതു പിൻവലിക്കുകയും ചെയ്തു. അതേസമയം യൂസഫിന്റെ സഹോദരനും മുന്‍ ഇന്ത്യൻ താരവുമായ ഇർ‌ഫാൻ പഠാൻ കരീബിയൻ പ്രീമിയർ ലീഗിനുള്ള ഡ്രാഫ്റ്റിൽ ഉൾപ്പെട്ടിരുന്നു. കരീബിയൻ പ്രീമിയർ ലീഗ് ഡ്രാഫ്റ്റിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ താരവുമായി ഇതോടെ ഇർഫാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com