sections
MORE

ധോണി മുഖ്യ വിക്കറ്റ് കീപ്പറായി തുടരില്ല; ടീമിനൊപ്പം നിന്ന് പന്തിനെ ‘വളർത്തും’

dhoni-rishabh-pant
SHARE

മുംബൈ∙ വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വെള്ളിയാഴ്ച തിരഞ്ഞെടുക്കാനിരിക്കെ, ആരാധകരുടെ ആകാംക്ഷയത്രയും മുൻ ക്യാപ്റ്റൻ കൂടിയായ മഹേന്ദ്രസിങ് ധോണിയെച്ചൊല്ലിയാണ്. ലോകകപ്പിനു ശേഷം താരം വിരമിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ ധോണി മനസ്സു തുറന്നിട്ടില്ല. ഈ സാഹചര്യത്തിൽ ധോണിയെ സിലക്ടർമാർ ടീമിൽ ഉൾപ്പെടുത്തുമോ എന്നതാണ് പ്രധാന ആകാംക്ഷ. ഇനിയും വിരമിക്കുന്നില്ലെങ്കിൽ ധോണിയെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നത് അവസാനിപ്പിച്ചേക്കുമെന്നും പ്രകടനം നോക്കി മാത്രമേ ടീമിൽ തുടർന്നു പരിഗണിക്കൂ എന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.

അതിനിടെ, വിൻഡീസ് പര്യടനത്തിനുള്ള ടീമിലേക്ക് തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ധോണി ബിസിസിഐയെ അറിയിച്ചതായും റിപ്പോർട്ടുണ്ട്. മൂന്ന്  ഏകദിനങ്ങളും മൂന്ന് ട്വന്റി20യും ഇന്ത്യ വെസ്റ്റിൻഡീസിൽ കളിക്കുന്നുണ്ട്. തന്റെ നാലാമത്തെയും അവസാനത്തെയും ലോകകപ്പിൽ കളിച്ചശേഷം കഴിഞ്ഞ ദിവസമാണ് ധോണി നാട്ടിൽ തിരിച്ചെത്തിയത്. ഇന്ത്യൻ ക്രിക്കറ്റിലെ തലമുറമാറ്റം അനായാസമാക്കുന്നതിന് ധോണിയുടെ സേവനം തുടർന്നും ഉപയോഗിക്കാനാണ് ബിസിസിഐയുടെ നീക്കമെന്ന് വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്.

‘വെസ്റ്റിൻഡീസ് പര്യടനത്തിനായി ധോണി ഇത്തവണ ടീമിനൊപ്പം ഉണ്ടാകില്ല. തുടർന്നങ്ങോട്ടും ഒന്നാം നമ്പർ വിക്കറ്റ് കീപ്പറെന്ന നിലയിൽ നാട്ടിലും വിദേശത്തും നടക്കന്ന പരമ്പരകളിൽ ധോണിയെ പ്രതീക്ഷിക്കേണ്ട. ഋഷഭ് പന്തായിരിക്കും ഇനിയങ്ങോട്ട് ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ. പന്ത് വിക്കറ്റിനു പിന്നിൽ സ്ഥിരപ്പെടുന്നതുവരെ ധോണിയെ ടീമിനൊപ്പം നിർത്തി അദ്ദേഹത്തിന്റെ സേവനം ഉറപ്പുവരുത്തും. ഇന്ത്യയുടെ പതിനഞ്ചംഗ ടീമിൽ ധോണി തുടർന്നു ഉണ്ടാകുമെങ്കിലും അന്തിമ ഇലവനിൽ സാധ്യത തീർത്തും വിരളം’ – ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, നിർബന്ധിച്ച് പറഞ്ഞയയ്ക്കേണ്ട ആളല്ല ധോണിയെന്നും ബിസിസിഐ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. കരിയർ ഗ്രാഫിനെ സംബന്ധിച്ചിടത്തോളം ‘എപ്പോൾ’ എന്നതിനേക്കാൾ ‘എന്തുകൊണ്ട്’ എന്ന ചോദ്യം ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താനെന്ന് പലവട്ടം തെളിയിച്ച താരമാണ് അദ്ദേഹം. സമയമാകുമ്പോൾ ധോണി സ്വയം വിരമിച്ചോളം. എല്ലാവർക്കും എന്തിനാണ് ഇത്ര തിടുക്കമെന്നും ഇവർ ചോദിക്കുന്നു.

വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ടീമിനെ തിരഞ്ഞെടുക്കാൻ വെള്ളിയാഴ്ചയാണ് സിലക്ടർമാർ യോഗം ചേരുന്നത്. ധോണിക്കു പകരം ദിനേഷ് കാർത്തിക്കിന്റെ പേരും പരിഗണനയിലുണ്ടെങ്കിലും 34 വയസ്സു പിന്നിട്ട കാർത്തിക്കിനേക്കാൾ നല്ലത് പന്തിനെ പരിഗണിക്കുന്നതാണെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ലോകകപ്പിൽ രണ്ടാം നമ്പർ വിക്കറ്റ് കീപ്പറായി പരിഗണിക്കപ്പെട്ട കാർത്തിക് വിശാല കാഴ്ചപ്പാടിൽ ധോണിക്കു പകരക്കാരനല്ലെന്നാണ് വാദം.

‘ഋഷഭ് പന്തിന് വരുന്ന ഒക്ടോബറിലാണ് 22 വയസ്സ് പൂർത്തിയാകുക. അടുത്ത വർഷം ഓസ്ട്രേലിയയിൽ ട്വന്റി20 ലോകകപ്പ് നടക്കുമ്പോൾ പന്തിന് 23 വയസ്സാകും. വിക്കറ്റിനു പിന്നിൽ ഇന്ത്യയുടെ ഭാവിയാണ് താനെന്ന് പന്ത് പലവട്ടം തെളിയിച്ചിട്ടുണ്ട്. അതേസമയം, കുറച്ചുകൂടി പാകപ്പെടാനുമുണ്ട്. ഈ ഒരു വർഷം അതിനു ധാരാളം’ –  ബിസിസിഐ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സുമായി ഒരു വർഷം കൂടി കരാറുള്ളതും ധോണിയുടെ വിരമിക്കലിന് തടസ്സമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ചെന്നൈ സൂപ്പർ കിങ്സിന്റെ നട്ടെല്ലു തന്നെ ധോണിയാണ്. ടീമിൽനിന്നും വെറുതെയങ്ങ് ഒഴിഞ്ഞുപോകാൻ ധോണിക്കാകില്ല. അവിടെയും അനിവാര്യമായ തലമുറമാറ്റം ഉറപ്പാക്കേണ്ടതുണ്ട്. അതുകൂടി പരിഗണിച്ചായിരിക്കാം അദ്ദേഹം വിരമിക്കൽ പ്രഖ്യാപിക്കാത്തതെന്ന് ഐപിഎല്ലുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇതേ റിപ്പോർട്ട് പറയുന്നു.

English Summary: MS Dhoni won’t be first-choice wicketkeeper, but will help team in smooth transition

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA