ADVERTISEMENT

ലണ്ടൻ ∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ഹാൾ ഓഫ് ഫെയിമിൽ ഇടംപിടിച്ച് ഇന്ത്യയുടെ ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കർ. ക്രിക്കറ്റ് പിച്ചിലെ ഇതിഹാസങ്ങളെ ആദരിക്കാൻ ഐസിസി 2009ൽ ആരംഭിച്ച സംരംഭത്തിൽ 10 വർഷത്തിനു ശേഷമാണു സച്ചിന് ഇടം ലഭിക്കുന്നത്. നാൽപ്പത്താറുകാരനായ സച്ചിനു മുൻപേ 5 ഇന്ത്യൻ താരങ്ങൾ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ടിട്ടുണ്ട്. സച്ചിനു പുറമേ ദക്ഷിണാഫ്രിക്കയുടെ മുൻതാരം അലൻ ഡോണൾഡും 2 തവണ ലോകകപ്പ് നേടിയ ഓസീസ് വനിതാ ടീം താരം കാതറിൻ ഫിറ്റ്സ്പാട്രിക്കും ഹാൾ ഓഫ് ഫെയിമിലേക്ക് ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടു.

എന്തുകൊണ്ട് വൈകി?

പ്രതിഭയിൽ പിന്നിൽ നിൽക്കുന്ന ഒട്ടേറെത്താരങ്ങൾ അംഗീകരിക്കപ്പെട്ടിട്ടും ഹാൾ ഓഫ് ഫെയിമിലേക്ക് എന്തുകൊണ്ട് സച്ചിനെ ഇതുവരെ പരിഗണിച്ചില്ല? സ്വാഭാവികമായും ഉയരുന്ന ഈ സംശയത്തിനുള്ള മറുപടി ഐസിസിയുടെ പക്കലുണ്ട്: അവസാന രാജ്യാന്തര മത്സരം കളിച്ച് 5 വർഷത്തിനുശേഷമേ ഹാൾ ഓഫ് ഫെയിം അംഗീകാരത്തിനായി ഒരു താരത്തെ പരിഗണിക്കൂ. ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിന്റെ 200–ാം ജൂബിലിയുടെ ഭാഗമായി 2014 ജൂലൈ അഞ്ചിനാണു സച്ചിൻ തന്റെ അവസാന രാജ്യാന്തര മത്സരത്തിനിറങ്ങുന്നത്. കൃത്യം 5 വർഷത്തിനുശേഷം ഐസിസി സച്ചിനെ അംഗീകാരത്തിനായി പരിഗണിച്ചു.

സച്ചിൻ ആറാമൻ

സച്ചിനു മുൻപു ഹാൾ ഓഫ് ഫെയിമിൽ ഇടംപിടിച്ചത് 5 ഇന്ത്യൻ താരങ്ങളാണ്: സുനിൽ ഗാവസ്‌കർ, കപിൽദേവ്, ബിഷൻ സിങ് ബേദി, അനിൽ കുംബ്ലെ, രാഹുൽ ദ്രാവിഡ്. ദ്രാവിഡും കുംബ്ലെയും സച്ചിനു മുൻപേ അംഗീകാരത്തിന് അർഹരായി.

ഇതുവരെ 90

ഇതുവരെ 90 താരങ്ങളാണ് ഐസിസിയുടെ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ടിട്ടുള്ളത്. ഡബ്ല്യു.ജി.ഗ്രേസ്, ഡോൺ ബ്രാഡ്മാൻ എന്നിവരടക്കം 55 താരങ്ങളാണ് ഏറ്റവുമാദ്യത്തെ പട്ടികയിൽ ഇടംപിടിച്ചത്.ഇംഗ്ലണ്ടിൽനിന്നാണ് (28) ഏറ്റവും കൂടുതൽ താരങ്ങളുള്ളത്. തൊട്ടുപിന്നിൽ ഓസ്ട്രേലിയ (26). 8 വനിതകളും പട്ടികയിലുണ്ട്.

സച്ചിൻ തെൻഡുൽക്കർ

ഇത് അഭിമാന നിമിഷമാണ്. ക്രിക്കറ്റിനു വലിയ സംഭാവനകൾ നൽകിയ തലമുറകൾക്കൊപ്പം അംഗീകരിക്കപ്പെട്ടതിൽ ഏറെ സന്തോഷം. എന്റെ മാതാപിതാക്കൾ, ഭാര്യ അഞ്ജലി, സഹോദരൻ അജിത്, എന്നെ നയിച്ച പരിശീലകൻ രമാകാന്ത് അച്ഛരേക്കർ എന്നിവരെയെല്ലാം നന്ദിയോടെ ഓർക്കുന്നു.

English Summary: Sachin Tendulkar, Allan Donald inducted into ICC Hall of Fame

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com