sections
MORE

സിംബാബ്‌വെ ക്രിക്കറ്റ് ബോർഡിന് ഐസിസി വിലക്ക്; ഹൃദയം തകർന്ന് താരങ്ങൾ

zimbabwe-cricket-team
സിംബാബ്‍വെ ക്രിക്കറ്റ് ടീം (ഫയൽ ചിത്രം)
SHARE

ഹരാരെ ∙ ലോകക്രിക്കറ്റിൽനിന്നു സിംബാബ്‌വെയ്ക്ക് പുറത്തേക്കുള്ള വഴി കാണിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ക്രിക്കറ്റ് നടത്തിപ്പിൽ രാഷ്ട്രീയ ഇടപെടലുകൾ രൂക്ഷമായതിനെത്തുടർന്നാണ് സിംബാബ്‌വെ ക്രിക്കറ്റ് ബോർഡിനെ ഐസിസി വിലക്കിയത്. സിംബാബ്‌വെ ടീമുകൾക്ക് രാജ്യാന്തര മത്സരങ്ങളിൽ ഇനി പങ്കെടുക്കാനാവില്ല. ക്രിക്കറ്റ് ബോർഡിനുള്ള സാമ്പത്തിക സഹായവും ഐസിസി നിർത്തലാക്കി. ‘‘കൗൺസിലിലെ ഒരംഗത്തെ വിലക്കുന്നത് അത്ര ചെറിയ തീരുമാനമല്ല. പക്ഷേ, ക്രിക്കറ്റിനെ രാഷ്ട്രീയ മുക്തമാക്കി നിർത്തുക എന്നത് കൗൺസിലിന്റെ കടമയാണ്..’’– ഐസിസി ചെയർമാൻ ശശാങ്ക് മനോഹർ പറഞ്ഞു. ‘ഐസിസി ഭരണഘടനയ്ക്ക് എതിരായ കാര്യങ്ങളാണ് സിംബാബ്‌വെ ക്രിക്കറ്റിൽ നിരന്തരമായി നടക്കുന്നത്. ഇനിയും ഇതു തുടരാനാകില്ല..’– മനോഹർ കൂട്ടിച്ചേർത്തു. നേരത്തെ സിംബാബ്‌വെ സ്പോർട്സ് ആൻഡ് റിക്രിയേഷൻ കമ്മിഷൻ തന്നെ സിംബാബ്‌വെ ക്രിക്കറ്റിനെ വിലക്കിയിരുന്നു. എന്നാൽ സിംബാബ്‌വെയിൽ ക്രിക്കറ്റ് തുടരണണമെന്ന് ആഗ്രഹമുളളതിനാൽ ഒക്ടോബറിൽ ഒരു വിലയിരുത്തൽ കൂടി നടത്തുമെന്ന് ഐസിസി അറിയിച്ചിട്ടുണ്ട്. ഇതിനു ശേഷമേ അടുത്ത വർഷം ജനുവരിയിൽ നിശ്‌ചയിച്ച സിംബാബ്‌വെയുടെ ഇന്ത്യൻ പര്യടനത്തിന്റെ കാര്യം ഉ‍ൾപ്പെടെയുള്ളവ തീരുമാനമാകൂ.

ആദ്യ വിലക്ക്

ആദ്യമായാണ് ഒരു പൂർണ അംഗത്തെ ഐസിസി വിലക്കുന്നത്. 2015ൽ രാഷ്ട്രീയ ഇടപെടലുകളുടെ പേരിൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന് താക്കീത് നൽകിയെങ്കിലും വിലക്കേ‍ർപ്പെടുത്തിയില്ല. അസോഷ്യേറ്റ് അംഗങ്ങളായ നേപ്പാൾ, യുഎസ്എ ബോർഡുകൾ വിലക്ക് നേരിട്ടിട്ടുണ്ട്. പ്രധാന ടീമുകളുമായി മത്സരങ്ങൾ സംഘടിപ്പിക്കാൻ കഴിയാത്തതിനാൽ റാങ്കിങ്ങിൽ പിന്നാക്കം പോയ സിംബാ‌ബ്‌വെ ഇത്തവണ ഏകദിന ലോകകപ്പിനും യോഗ്യത നേടിയില്ല. ബോർഡിന്റെ സാമ്പത്തിക സ്ഥിതിയും മോശമായി. 1981ൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിലെ അസോഷ്യേറ്റ് അംഗമായ സിംബാബ്‌വെ 1992ലാണ് പൂർണ അംഗമാകുന്നത്. 1983ലെ ലോകകപ്പിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ സിംബാബ്‌വെ ആദ്യ ഏകദിനമൽസരത്തിൽ തന്നെ ഓസ്ട്രേലിയയെ 13 റൺസിന് തോൽപിച്ച് വരവറിയിച്ചു. 1992ൽ ടെസ്റ്റ് പദവി നേടുന്ന ഒൻപതാമത്തെ ടീമുമായി. തുടർച്ചയായ തോൽവികൾ മൂലം സിംബാബ്‌വെയുടെ ടെസ്റ്റ് പദവി 2005ൽ ഐസിസി തിരിച്ചെടുത്തിരുന്നു. 2011ൽ ഇത് പുനഃസ്ഥാപിച്ചു നൽകി.

വിലക്ക് എന്തു കൊണ്ട്?

സാമ്പത്തിക തിരിമറികളാണ് സിംബാബ്‌വെ ക്രിക്കറ്റ് ബോർ‍ഡിനെ എത്രയും പെട്ടെന്നു വിലക്കാൻ ഐസിസി തീരുമാനമെടുക്കാനുള്ള പ്രധാന കാരണം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉലയുന്ന സിംബാബ്‌‌വെയിൽ ക്രിക്കറ്റ് ബോർഡിന് ഐസിസി നൽകുന്ന സഹായം വരെ സർക്കാർ കൈക്കലാക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിതി. യുഎസ് ഡോളറിലാണ് ഐസിസി സഹായം നൽകുന്നത് എന്നതിനാൽ സിംബാബ്‌വെയിലെ കറൻസിയിലേക്ക് മാറ്റുമ്പോൾ ഇതു വലിയ തുകയാണ്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബോർഡ് ഭരണസമിതിക്ക് ഇതുവരെ സ്ഥാനമേറ്റെടുക്കാൻ കഴിയാത്തതും വിലക്കിനു കാരണമായി.

ഞങ്ങളെന്താണു ചെയ്യേണ്ടത്? 

കിറ്റുകൾ കത്തിച്ചു കളഞ്ഞ് മറ്റൊരു ജോലിക്ക് അപേക്ഷിക്കണോ..? ഐസിസിയുടെ തീരുമാനം കൊണ്ട് ഒരു ടീം ഒന്നാകെ അപരിചിതരായി മാറുന്നു! എത്ര പേരാണ് ജോലിയില്ലാത്തവരായി മാറുന്നത്. എത്ര കുടുംബങ്ങളെയാണ് ഈ തീരുമാനം ബാധിക്കുന്നത്? തെറ്റു ചെയ്തവരെ ശിക്ഷിച്ചാൽ‌ പോരേ..? കളിക്കാരെന്തു പിഴച്ചു? സിക്കന്ദർ റാസ (സിംബാബ്‌വെ ക്രിക്കറ്റ് താരം)

ഫ്ലവറും സ്ട്രീക്കും

ടെസ്റ്റിലും ഏകദിനത്തിലും കൂടുതൽ റൺസ് നേടിയ സിംബാബ്‍വെ താരം ആൻഡി ഫ്ലവറാണ്– ടെസ്റ്റിൽ 4794 റൺസ്, ഏകദിനത്തിൽ 6786 റൺസ്.കൂടുതൽ വിക്കറ്റ് നേടിയത് പേസ് ബോളർ ഹീത്ത് സ്ട്രീക്ക്– ടെസ്റ്റിൽ 216. ഏകദിനത്തിൽ 237.

English Summary: Zimbabwe suspended by ICC over 'government interference'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA