ADVERTISEMENT

മുംബൈ ∙ ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരിൽ വിരമിക്കുമോ, അതോ മികച്ച ഫോമിലേക്ക് എത്തുന്നതുവരെ തുടരുമോ തുടങ്ങിയ ചോദ്യങ്ങൾ സജീവമായി നിൽക്കെ വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽനിന്നു സ്വയം പിൻമാറി മുൻ ക്യാപ്റ്റൻ എം.എസ്.ധോണി. ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലഫ്റ്റനന്റ് കേണലായ ധോണി അടുത്ത 2 മാസത്തേക്കു സൈനിക സേവനത്തിനായി സമയം നീക്കിവയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ഇന്നു പ്രഖ്യാപിക്കാനിരിക്കെയാണു 2 മാസത്തേക്കു മത്സരങ്ങളിൽനിന്നു വിട്ടുനിൽക്കാനുള്ള ധോണിയുടെ തീരുമാനം വന്നത്. 

ടെറിട്ടോറിയൽ ആർമിയുടെ പാരഷൂട്ട് റെജിമെന്റിൽ ലഫ്റ്റനന്റ് കേണലായ മുപ്പത്തെട്ടുകാരൻ ധോണി 2 മാസം റെജിമെന്റിനൊപ്പം ചെലവഴിക്കുമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവർ സൂചിപ്പിച്ചു. ധോണി വിട്ടുനിൽക്കുന്ന തീരുമാനം ബിസിസിഐ അധികൃതർ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെയും സിലക്‌ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ.പ്രസാദിനെയും അറിയിച്ചിട്ടുണ്ട്. 

ലോകകപ്പിൽ ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും അത്ര മികച്ച പ്രകടനമല്ല ധോണി നടത്തിയത്. ഏറ്റവും കൂടുതൽ ബൈ റൺസ് വഴങ്ങിയ കീപ്പർമാരിലൊരാൾ ധോണിയായിരുന്നു. സെമിയിൽ ഉൾപ്പെടെ പല മത്സരങ്ങളിലും ധോണിയുടെ പതിവ് ഫിനിഷിങ് പാടവം കാണാൻ കഴിഞ്ഞതുമില്ല. പ്രതാപകാലത്തെ വേഗവും കൃത്യതയും പലപ്പോഴും ധോണിക്കു നഷ്ടപ്പെടുന്നതായും ബെസ്റ്റ് ഫിനിഷർ എന്ന പേരിനു യോജിക്കും വിധമുള്ള പ്രകടനം ധോണിയിൽനിന്ന് ഉണ്ടാകുന്നില്ലെന്നും സച്ചിൻ തെൻഡു‍ൽക്കർ ഉൾപ്പെടെ ഒട്ടേറെപ്പേർ വിമർശനമുയർത്തിയിരുന്നു. 

പട്ടാളക്കാരും ധോണിയും 

2011 സെപ്റ്റംബറിലാണു ടെറിട്ടോറിയൽ ആർമിയിലെ ലഫ്റ്റനന്റ് കേണൽ പദവി ധോണിക്കു നൽകുന്നത്. ഓണററി പദവിയാണിത് (ബഹുമാനാർഥം നൽകുന്നത്, ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഇല്ല). നടൻ മോഹൻലാലിനു പിന്നീടു നൽകിയതും ഇതേ ലഫ്. കേണൽ പദവിയാണ്. ധോണിക്കൊപ്പം ഒളിംപിക്സ് സ്വർണ ജേതാവ് ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയ്ക്കും ലഫ്. കേണൽ പദവി നൽകിയിരുന്നു. കപിൽദേവിന് 2008ൽ ലഫ്. കേണൽ പദവി കിട്ടി. സച്ചിൻ ഇന്ത്യൻ എയർഫോഴ്സിലെ ഓണററി ഗ്രൂപ്പ് ക്യാപ്റ്റനാണ്. വാർഷിക പരിശീലനത്തിൽ പങ്കെടുക്കണമെന്നല്ലാതെ മറ്റു നിർബന്ധിത ജോലികളോ സേവനങ്ങളോ ഓണററി പദവി ലഭിക്കുന്നവർ ചെയ്യേണ്ടതില്ല. 

English Summary: Joining Parachute Regiment of Territorial Army for next 2 months: MS Dhoni tells BCCI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com