ADVERTISEMENT

മുംബൈ ∙ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചതു മുതൽ ക്രിക്കറ്റ് ആരാധകർക്കുണ്ടായിരുന്ന സംശയങ്ങൾക്കെല്ലാം മറുപടി പറഞ്ഞ് സിലക്‌ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ.പ്രസാദ്.

വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാൻ നടത്തിയ പത്രസമ്മേളനത്തിൽ അമ്പാട്ടി റായുഡുവിന്റെ പേരിലുയർന്ന ചോദ്യശരങ്ങൾക്കു നടുവിലായിരുന്നു മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പറായ പ്രസാദ്. 

ടീമിൽനിന്നു മനഃപൂർവം തഴഞ്ഞതുകൊണ്ടല്ലേ അമ്പാട്ടി റായുഡു ലോകകപ്പിനിടെ കരിയർ അവസാനിപ്പിച്ചത്? 

സിലക്‌ഷൻ കമ്മിറ്റിക്ക് ആരോടും പക്ഷപാതമില്ല. മിടുക്കർക്ക് അവസരം കൊടുക്കാനാണു ഞങ്ങൾ ഇവിടെ ഇരിക്കുന്നത്. ഒരാളോടും വിവേചനമില്ല. ആരോടും ഇഷ്ടക്കൂടുതലുമില്ല. ഏതൊക്കെ വികാരങ്ങളിലൂടെ റായുഡു കടന്നുപോയോ അത്തരം വികാരങ്ങളിലൂടെ തന്നെയാണു കമ്മിറ്റിയും കടന്നുപോകുന്നത്. 

വിജയ് ശങ്കറിനെ താങ്കൾ ത്രീ ഡൈമൻഷനൽ താരമെന്നു വിളിച്ചപ്പോഴാണല്ലോ ശങ്കറിന്റെ കളി കാണാൻ താൻ ത്രീഡി ഗ്ലാസ് വാങ്ങിയെന്നു റായുഡു ട്വീറ്റ് ചെയ്തത്? 

ആ ട്വീറ്റ് രസമുള്ളതായിരുന്നു. ഞാൻ അത് ആസ്വദിച്ചു. ട്വീറ്റിന്റെ സമയം കൃത്യമായിരുന്നു. ശങ്കറിനെപ്പറ്റിയുള്ള എന്റെ പരാമർശം റായുഡു മറ്റൊരു തരത്തിലാണ് എടുത്തതെന്നു തോന്നുന്നു. 

ആ ട്വീറ്റിന്റെ പേരിലാണോ ധവാനും ശങ്കറിനും പരുക്കു പറ്റിയപ്പോഴും റായുഡുവിനെ ലോകകപ്പ് ടീമിലേക്കു വിളിക്കാതിരുന്നത്? 

ഒരിക്കലുമല്ല. ഞങ്ങൾ ചില കണക്കുകൂട്ടലുകൾ നടത്തി. കൂട്ടലും കിഴിക്കലും നടത്തിയപ്പോൾ റായുഡു മറ്റുള്ളവരെക്കാൾ പിന്നിലായിപ്പോയി. പിന്നെ, ഒഴിവാക്കാതെ മറ്റു മാർഗമില്ലായിരുന്നു. മു‍ൻപൊരിക്കൽ റായുഡുവിന് അവസരം നൽകിയത് ഇതേ കമ്മിറ്റിയാണ്. 

എന്ത് അവസരം? 

2017–18 സീസണിലെ ഐപിഎൽ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ റായുഡുവിനെ ഏകദിന ടീമിലേക്കെടുത്തു. എന്നാൽ, താരം യോയോ ടെസ്റ്റിൽ പരാജയപ്പെട്ടു.

ഒറ്റയടിക്കു പുറത്താക്കാതെ, ശരീരക്ഷമത കൂട്ടാൻ ഒരു മാസത്തെ പരിശീലനത്തിനു റായുഡുവിനെ അയയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചു. പിന്നീട് ടീമിലെടുക്കുകയും ചെയ്തു. 

 ധവാനും ശങ്കറിനും പരുക്കേറ്റപ്പോഴെങ്കിലും റായുഡുവിനെ പരിഗണിക്കാമായിരുന്നു? 

ധവാനു പരുക്കേറ്റപ്പോൾ ഇടംകയ്യൻ ബാറ്റ്സ്മാനെയാണു ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടത്. അതിനാൽ ഋഷഭ് പന്തിനു നറുക്ക് വീണു. ശങ്കറിനു പരുക്കു പറ്റിയപ്പോൾ മായങ്കിന് അവസരം നൽകി.

ചില കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ് ആ തിരഞ്ഞെടുപ്പും നടത്തിയത്. അല്ലാതെ ആരുടെയും ഇഷ്ടം നടപ്പാക്കിയതല്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com