ബുമ്രയെ തന്നു, പന്തിനെയും; ലോകകപ്പ് തന്നുമില്ല; ശാസ്ത്രി–കോലിമാർ തുടരുമോ?
Mail This Article
ലോകകപ്പ് സെമിയിലെ അപ്രതീക്ഷിത തോൽവിയുടെ നിരാശ മറന്ന് വിജയാകാശത്തേക്ക് ചിറകടിച്ചുയരാൻ വെമ്പുന്ന ടീം ഇന്ത്യയ്ക്ക് കരുത്തു പകരാൻ ഇനിയെത്തുക ആരാകും? ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി പുതിയ പരിശീലക സംഘത്തെ കണ്ടെത്തുന്നതിന് ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡ് (ബിസിസിഐ) അപേക്ഷ ക്ഷണിച്ചിട്ടുണ്ടെങ്കിലും, ആരാധകർ ഉറ്റുനോക്കുന്നത് മറ്റൊരു സാധ്യതയിലേക്കാണ്; നിലവിലെ മുഖ്യ പരിശീലകൻ രവി ശാസ്ത്രി ഒരിക്കൽക്കൂടി തൽസ്ഥാനത്തു തുടരുമോ? ക്യാപ്റ്റൻ വിരാട് കോലിയുമായി ശാസ്ത്രിക്കുള്ള അഭേദ്യമായ ബന്ധവും ശാസ്ത്രിയുടെ പരിശീലന കാലയളവിൽ ടീം ഇന്ത്യയിൽ ഉണ്ടായിരുന്ന സൗഹാർദ്ദപരമായ അന്തരീക്ഷവും കണക്കിലെടുക്കുമ്പോൾ ഈ സാധ്യത കണ്ണുമടച്ചു തള്ളാനാകില്ല.
അതേസമയം, പ്രധാന ടൂർണമെന്റുകൾക്കായി ടീമിനെ ഒരുക്കിയിറക്കുമ്പോഴുള്ള തന്ത്രജ്ഞതയിലും ഇക്കാലയളവിൽ ടീമിനു ലഭ്യമായ താരങ്ങളുടെ പ്രതിഭയ്ക്കൊത്ത ഫലം കൊയ്തെടുക്കുന്നതിലും ശാസ്ത്രിയും കോലിയും ചേർന്ന കൂട്ടുകെട്ട് എത്രത്തോളം വിജയകരമായിരുന്നു എന്നത് സംശയത്തിനിട നൽകുന്നുമുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ കോലി–ശാസ്ത്രി കൂട്ടുകെട്ട് ടീം ഇന്ത്യയ്ക്ക് സമ്മാനിച്ച നേട്ടങ്ങളെന്തൊക്കെയാണ്? വരുത്തിവച്ച കോട്ടങ്ങളോ?
∙ ചടുലം, അവസരോചിതം !
ക്രിക്കറ്റ് പണ്ഡിതരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ജസ്പ്രീത്, ബുമ്ര, ഋഷഭ് പന്ത് എന്നിവർക്ക് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരമൊരുക്കിയതാണ് ഈ കൂട്ടുകെട്ടിന്റെ ഏറ്റവും കനമുള്ള സംഭാവനയെന്ന് നിസംശയം പറയാം. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ കേപ്ടൗണിലായിരുന്നു ബുമ്രയുടെ ടെസ്റ്റ് അരങ്ങേറ്റം. അവിടുന്നിങ്ങോട്ട് ബുമ്രയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്ന് ചരിത്രം! പരിമിത ഓവർ മൽസരങ്ങളിൽ സൂപ്പർ താരമായി വളരുമ്പോഴും, ടെസ്റ്റ് ക്രിക്കറ്റിന്റെ സാമ്പ്രദായിക രീതികളോടും ചിട്ടവട്ടങ്ങളോടും തന്റെ സവിശേഷ ബോളിങ് രീതിയുമായി ബുമ്രയ്ക്ക് എത്രകണ്ട് പൊരുത്തപ്പെടാനാകും എന്ന് സംശയിച്ചവരാണ് ക്രിക്കറ്റ് വൃത്തങ്ങളിൽ ഏറെയും. പരുക്കേൽക്കാനുള്ള സാധ്യത ഏറെയായതിനാൽ ഏകദിനത്തിലെ ഒന്നാം നമ്പർ ബോളറെ പരിമിത ഓവർ മൽസരങ്ങളിൽ മാത്രം ഒതുക്കിനിർത്തുന്നതിനോടായിരുന്നു ഭൂരിപക്ഷത്തിനും താൽപര്യം.
ശാസ്ത്രിയും കോലിയും ചിന്തിച്ചത് തിരിച്ചാണ്. പരിമിത ഓവർ മൽസരങ്ങളിലെ മികവ് അതേപടി ടെസ്റ്റിലും ബുമ്രയ്ക്ക് തുടരാനാകുമെന്ന് ഇരുവരും കണക്കുകൂട്ടി. 10 മൽസരങ്ങൾ പിന്നിടുന്ന ബുമ്രയുടെ ടെസ്റ്റ് കരിയറിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, ആ കണക്കുകൂട്ടൽ 100 ശതമാനം ശരിയായിരുന്നുവെന്ന് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല, ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും എതിരാളികൾ ഏറ്റവും ഭയക്കുന്ന ബോളറായുള്ള ബുമ്രയുടെ അവതാരപ്പിറവിക്കും ഇക്കാലയളവു സാക്ഷിയായി. ഓസീസ് മണ്ണിൽ ഈ വർഷമാദ്യം ടെസ്റ്റ് പരമ്പര നേടി ഇന്ത്യ ചരിത്രമെഴുതിയപ്പോൾ, ബോളിങ് ആക്രമണത്തിനു ചുക്കാൻ പിടിച്ചത് ഇതേ ബുമ്ര തന്നെ.
ബുമ്രയുടെ അതേ പാതയിലായിരുന്നു രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള ഋഷഭ് പന്തിന്റെയും വരവ്. ടെസ്റ്റ് ക്രിക്കറ്റിന്റെ സാമ്പ്രദായിക രീതികളോട് ഒരുതരത്തിലും ചേർന്നുനിൽക്കാത്ത പന്തിന്റെ ‘ഐപിഎൽ മോഡൽ’ ബാറ്റിങ് ശൈലി, ‘ലിമിറ്റഡ് ഓവർ ക്രിക്കറ്റർ’ എന്ന പരിധിക്കുള്ളിൽ അദ്ദേഹത്തെ തളച്ചിടാൻ ക്രിക്കറ്റ് പണ്ഡിതരെ പ്രേരിപ്പിച്ചു. പക്ഷേ, കാലം പന്തിനായും ടീം ഇന്ത്യയ്ക്കായും കാത്തുവച്ചത് മറ്റൊരു വഴിയാണ്. ടെസ്റ്റ് ക്രിക്കറ്റിൽനിന്നുള്ള ധോണിയുടെ അപ്രതീക്ഷിത വിരമിക്കലിനു ശേഷം പിൻഗാമിയുടെ റോളിലെത്തിയ ബംഗാൾ താരം വൃദ്ധിമാൻ സാഹയ്ക്കേറ്റ പരുക്ക് വഴിത്തിരിവായി. ഇംഗ്ലണ്ട് പരമ്പരയിൽ സാഹയ്ക്കു പകരം വിക്കറ്റ് കാക്കാനെത്തിയ ദിനേഷ് കാർത്തിക്കിന്റ മോശം ഫോം കൂടിയായതോടെ പന്തിനെ ‘ടെസ്റ്റ്’ ചെയ്യാനുള്ള വേദിയൊരുങ്ങി.
വിക്കറ്റ് കീപ്പറെന്ന നിലയിൽ കൂടുതൽ മെച്ചപ്പെടേണ്ടതുണ്ടെന്ന വസ്തുത നിലനിൽക്കെത്തന്നെ, ശാസ്ത്രി–കോലി ദ്വയത്തിന്റെ ദീർഘദർശനം പന്തിൽ ഒരു ‘മാച്ച് വിന്നറെ’ കണ്ടെത്തി. നിനച്ചിരിക്കാതെ കിട്ടിയ അവസരം ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും പ്രതികൂല സാഹചര്യങ്ങളിൽ പൊരുതി നേടിയ സെഞ്ചുറികളുമായി പന്ത് ഇരു കയ്യും നീട്ടി സ്വീകരിച്ചത് ഇന്ത്യൻ ക്രിക്കറ്റിലെ തിളങ്ങുന്ന ചരിത്രം!
∙ ഒരു ‘കൈക്കുഴ ചൂതാട്ടം’
ഏകദിന ക്രിക്കറ്റിൽ ശാസ്ത്രി–കോലി ദ്വയത്തിന്റെ കയ്യൊതുക്കമുള്ളൊരു നീക്കം കണ്ടത് കൈക്കുഴ സ്പിൻ ദ്വയമായ ‘കുൽചാ’ സഖ്യത്തെ അവതരിപ്പിച്ചപ്പോഴാണ്. ഏറെക്കാലം ഇന്ത്യൻ ക്രിക്കറ്റിനെ കുഴക്കിയ മധ്യ ഓവറുകളിലെ വിക്കറ്റ് വരൾച്ചയ്ക്കുള്ള ഉത്തരമായിരുന്നു ഇടംകയ്യൻ ചൈനാമാൻ ബോളറായ കുൽദീപ് യാദവും ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചെഹലും ചേർന്ന ‘കുൽചാ’ സഖ്യം. കഴിഞ്ഞ രണ്ടു സീസണുകളിൽ ടീം ഇന്ത്യ നേടിയ മിക്ക വിജയങ്ങളിലും ‘കുൽചാ’ ദ്വയത്തിന്റെ കനമുള്ള സംഭാവനകളുണ്ട്.
2018ൽ ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പര നേടി ചരിത്രമെഴുതിയപ്പോഴും, രോഹിത് ശർമയ്ക്കു കീഴിൽ യുഎഇയിൽ ഏഷ്യാകപ്പ് സ്വന്തമാക്കിയപ്പോഴും അതിൽ തെളിഞ്ഞുകണ്ടത് ‘കുൽചാ’ സഖ്യത്തിന്റെ കയ്യൊപ്പാണ്. അതേസമയം, നിഗൂഢതകളൊളുപ്പിച്ച ഇരുവരുടെയും പന്തുകൾ കാലക്രമത്തിൽ എതിർ ടീമുകൾ പഠിച്ചെടുത്ത് പൊളിച്ചടുക്കുന്നത് ഇക്കഴിഞ്ഞ ലോകകപ്പിൽ കണ്ടു. ഇന്ത്യൻ ടീമിൽ ‘കുൽചാ’ ദ്വയത്തെ ഉറപ്പിച്ചുനിർത്തിയിരുന്ന അടിവേരിനു കോടാലി വയ്ക്കപ്പെട്ടു എന്ന് വിളിച്ചുപറഞ്ഞാണ് ലോകകപ്പിനു തിരശീല വീണതെന്നു ചുരുക്കം.
∙ അനുഭവങ്ങൾ, പാളിച്ചകൾ
ഇനി ശാസ്ത്രി–കോലി കൂട്ടുകെട്ടിന്റെ ചില പോരായ്മകളിലേക്ക്. ഇരുവർക്കും കീഴിൽ ടീം ഇന്ത്യ കഴിഞ്ഞ രണ്ടു വർഷവും നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ടീം തിരഞ്ഞെടുപ്പായിരുന്നുവെന്ന് നൂറുവട്ടം! ദക്ഷിണാഫ്രിക്കൻ മണ്ണിൽ ടെസ്റ്റ് പരമ്പര വിജയമെന്ന ചരിത്രനേട്ടം കഴിഞ്ഞ വർഷം ഇന്ത്യയുടെ കയ്യിൽനിന്നു വഴുതിയത് നൂലിഴയ്ക്കാണ്. അതിനു കാരണമായതാകട്ടെ, ടീം തിരഞ്ഞെടുപ്പിലെ പാളിച്ചകളും. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ മൂന്നു ടെസ്റ്റുകളിലും വെറും അഞ്ച് സ്പെഷലിസ്റ്റ് ബാറ്റ്സ്മാൻമാരുമായാണ് ഇന്ത്യ കളിച്ചത്. ഹാർദിക് പാണ്ഡ്യയെ ടീമിൽ ഉൾപ്പെടുത്താനുള്ള നിർബന്ധ ബുദ്ധി കൂടി ചേർന്നതോടെ പേസ് ബോളർമാരെ നേരിടുന്നതിൽ എക്കാലവും മികവു തെളിയിച്ച അജിങ്ക്യ രഹാനെ ബെഞ്ചിലിരിക്കേണ്ടി വന്നു. ഫലമോ, ആദ്യ രണ്ടു ടെസ്റ്റുകളിൽത്തന്നെ തോറ്റ് ഇന്ത്യ പരമ്പര അടിയറവു വച്ചു. ആദ്യ ടെസ്റ്റിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഭുവനേശ്വർ കുമാറിനെ രണ്ടാം ടെസ്റ്റിൽ പുറത്തിരുത്താനുള്ള തീരുമാനവും ആരാധകരെ ഞെട്ടിച്ചു.
തുടർന്നു നടന്ന ഇംഗ്ലണ്ട് പര്യടനത്തിലും അഞ്ച് സ്പെഷലിസ്റ്റ് ബാറ്റ്സ്മാൻമാരെ വച്ചുള്ള ചൂതാട്ടം തുടരാനാണ് ശാസ്ത്രിയും കോലിയും തീരുമാനിച്ചത്. ആദ്യ നാലു ടെസ്റ്റിനുള്ളിൽത്തന്നെ പരമ്പര കൈവിട്ടതോടെ തീരുമാനം പാളിയെന്ന് ഒരിക്കൽക്കൂടി വ്യക്തമായി. ഒന്നാമത്തെയും നാലാമത്തെയും ടെസ്റ്റുകൾ തീരെ ചെറിയ വ്യത്യാസത്തിലാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ആറാം നമ്പറിൽ ഒരു സ്പെഷലിസ്റ്റ് ബാറ്റ്സ്മാനെക്കൂടി ഉൾപ്പെടുത്താനുള്ള ബുദ്ധി ശാസ്ത്രിയും കോലിയും കാട്ടിയിരുന്നെങ്കിൽ തിളങ്ങുന്നൊരു പരമ്പര വിജയം കൂടി ഇന്ത്യയുടെ പേരിലിരുന്നേനെ! എന്തായാലും അഞ്ച് സ്പെഷലിസ്റ്റ് ബോളർമാരെ വച്ചുള്ള ചൂതാട്ടം ശാസ്ത്രി–കോലിമാർ ഇതോടെ അവസാനിപ്പിച്ചത് ടീം ഇന്ത്യയുടെ ഭാഗ്യം.
അതേസമയം, ടീം തിരഞ്ഞെടുപ്പിലെ ‘മണ്ടത്തരങ്ങൾ’ ഏകദിനത്തിൽ ഇരുവരും നിർബാധം തുടർന്നു. ലോകകപ്പിന്റെ സമയത്തു പോലും ബാറ്റിങ് ഓർഡറിൽ നാലാം നമ്പറിലേക്ക് ആളെ കണ്ടെത്താനാകാതെ നെട്ടോട്ടമോടേണ്ടി വന്നത് ഏറ്റവും വലിയ ഉദാഹരണം. ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് നാലാം നമ്പറിലേക്ക് സാങ്കേതികത്തികവാർന്നൊരു ബാറ്റ്സ്മാനെ കണ്ടെത്താനുള്ള ദീർഘവീക്ഷണവും ശ്രമവും ശാസ്ത്രിക്കും കോലിക്കും ഇല്ലാതെ പോയത് ടീമിനുതന്നെ വിനയായി. നീണ്ട നാലു വർഷവും പ്രതിഭാധനരായ ഒട്ടേറെ താരങ്ങളും കയ്യിലിരിക്കുമ്പോഴാണ് നാലാം നമ്പറിലേക്ക് ഒരു താരത്തെ കണ്ടെത്താനാകാതെ പോയത്.
കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയിൽ മികച്ച പ്രകടനം കാഴ്ചവച്ച രഹാനെയെ നിർദ്ദാക്ഷിണ്യം തഴഞ്ഞതിനൊക്കെ എന്തു വിശദീകരണമാണുള്ളത്? അമ്പാട്ടി റായുഡുവിനെ വച്ചുള്ള പാളിയ പരീക്ഷണങ്ങൾക്കൊടുവിൽ ലോകകപ്പിൽ ‘ത്രീ–ഡയമെൻഷണൽ’ വിജയ് ശങ്കറിലാണ് സിലക്ടർമാർ ‘നാലാം നമ്പർ വെല്ലുവിളി’ക്ക് ഉത്തരം കണ്ടെത്തിയത്. അതുപക്ഷേ കൈവിട്ട കളിയായി. ശിഖർ ധവാനും വിജയ് ശങ്കറിനും പരുക്കേറ്റതോടെ ലോകകപ്പ് സെമി പോലൊരു നിർണായക മൽസരത്തിൽ നാലാം നമ്പറിൽ ബാറ്റിങ്ങിനെത്തിയത് ആദ്യം ടീമിൽ പോലുമില്ലാതിരുന്ന ഋഷഭ് പന്താണ്! ടീം തിരഞ്ഞെടുപ്പിലെ പാളിച്ചകൾക്ക് വേറെന്തുവേണം, ഉദാഹരണം?
∙ തിരിച്ചടിച്ച് പിടിവാശി
ഇന്ത്യൻ ക്രിക്കറ്റ് കണ്ട മികച്ച ‘തന്ത്രജ്ഞൻ’മാരിൽ ഒരാൾ എന്ന് പൊതുവെ വാഴ്ത്തപ്പെടുമ്പോഴും, അതിനെ സാധൂകരിക്കുന്ന നേട്ടങ്ങൾ പരിശീലകനെന്ന നിലയിൽ രവി ശാസ്ത്രി ഇനിയും സ്വന്തമാക്കേണ്ടിയിരിക്കുന്നു. കളിക്കാരനെന്ന നിലയിൽ ഓരോ മൽസരം കഴിയുന്തോറും കൂടുതൽ ഔന്നത്യത്തിലേക്കു വളരുമ്പോഴും, ക്യാപ്റ്റനെന്ന നിലയിൽ കോലി ശരാശരി മാത്രമാണെന്നും എല്ലാവരും സമ്മതിക്കും. ഫലത്തിൽ, കോലിയുടെ കളത്തിലെ നീക്കങ്ങൾക്ക് മൂർച്ച കൂട്ടാൻ വിരുതനായൊരു പരിശീലകന്റെ സാമിപ്യം അനിവാര്യം.
പരിശീലകനും ക്യാപ്റ്റനുമെന്ന നിലയിൽ, ‘താൻ പിടിച്ച മുയലിന് നാലു ചെവി’ എന്ന കാർക്കശ്യ നിലപാടാണ് ശാസ്ത്രി–കോലിമാരുടേത്. പരിമിത ഓവർ മൽസരങ്ങളിൽനിന്ന് രവിചന്ദ്രൻ അശ്വിനെ മാറ്റിനിർത്താനുള്ള തീരുമാനം ഉദാഹരണം. സമാനമായ അവസ്ഥയിലേക്ക് വലിച്ചെറിയപ്പെട്ടെങ്കിലും വീരോചിതം പൊരുതി തിരിച്ചെത്തിയ താരമാണ് രവീന്ദ്ര ജഡേജ. ലഭ്യമായ ഏറ്റവും ചെറിയ അവസരത്തിൽപ്പോലും മൈതാനത്ത് മിന്നൽപ്പിണറാകാനുള്ള ‘ത്രീ ഡയമെൻഷനൽ’ മികവാണ് ശാസ്ത്രി–കോലിമാരുടെ ‘ഗുഡ് ബുക്കി’ൽ ഇല്ലാതിരുന്നിട്ടും ജഡേജയെ ടീമിന്റെ അവിഭാജ്യ ഘടകമാക്കിയത്.
പ്രതിഭാ ധാരാളിത്തമുള്ള ഒട്ടേറെ താരങ്ങൾക്ക് ജന്മം നൽകിയ ടീം ഇന്ത്യ ഇനിയും വിജയവഴിയിൽ തുടരുമെന്ന് ഉറപ്പാണ്. അപ്പോഴും, തകർച്ചയുടെ പടുകുഴിയിലായിരുന്ന ‘പാവപ്പെട്ട ഓസീസിനെതിരെ’ അവരുടെ നാട്ടിൽ നേടിയ ടെസ്റ്റ് പരമ്പര വിജയമാണ് പരിശീലകനെന്ന നിലയിൽ രവി ശാസ്ത്രിയുടെ ഷോകേസിലെ ഏറ്റവും തിളക്കമുള്ള കിരീടമെന്ന് ഓർക്കുക. പുതിയ പരിശീലകനെ തിരഞ്ഞെടുക്കുമ്പോൾ ശാസ്ത്രിക്കും സാധ്യതയുണ്ടെന്ന വർത്തമാനം ഇന്ത്യൻ ആരാധകരെ ആശങ്കപ്പെടുത്തുന്നതും ഇതേ കാരണത്താൽ തന്നെ!
English Summary: Manorama Online takes a look at the pros and cons of the Kohli-Shastri combination.