sections
MORE

തീയിൽ കുരുത്ത സ്മിത്ത്, വെയിലത്തു വാടുമോ; കൂവാം, പക്ഷേ തോൽപിക്കാനാവില്ല!

steve-smith
ഒന്നാം ഇന്നിങ്സിൽ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തിന്റെ ആഹ്ലാദം. സ്മിത്തിനെ പരിഹസിക്കുന്ന മുഖം മൂടിയണിഞ്ഞെത്തിയ ഇംഗ്ലിഷ് ആരാധകരാണ് വലതുവശത്ത് ആദ്യ ചിത്രത്തിൽ. സാൻഡ് പേപ്പർ ഉയർത്തിക്കാട്ടി പരിഹസിക്കുന്ന ഇംഗ്ലിഷ് ആരാധകർ വലത് ചുവടെയുള്ള ചിത്രത്തിൽ.
SHARE

ഒൻപതു വർഷം മുൻപ് ലോഡ്സിൽ ടെസ്റ്റ് അരങ്ങേറ്റം കുറിക്കുമ്പോൾ സ്റ്റീവ് സ്മിത്തിന്റെ പേരിനൊപ്പം ലെഗ് സ്പിന്നർ എന്നായിരുന്നു വിശേഷണം. ഷെയ്ൻ വോണിന്റെ പിൻഗാമിയെന്ന വാഴ്ത്തലുകളും കൂടിയായതോടെ ആ വരവ് വാർത്തകളിലും ഇടംനേടി. പക്ഷേ, വിജയം കണ്ടില്ല ബോളിങ് പ്രതീക്ഷകൾ. എട്ടാമനായിറങ്ങി ക്രീസിൽ പിടിച്ചു നിന്നതോടെ ബാറ്റ് ചെയ്യാനറിയുന്ന സ്പിന്നർ എന്നായി അടുത്ത വിശേഷണം. ഇരുപതിന്റെ പടി കടന്ന യുവതാരത്തെ ഓസ്ട്രേലിയ മൂന്നു ഫോർമാറ്റിലും പരീക്ഷിച്ചു. പരാജയം തന്നെ ഫലം.

ബാറ്റിലും ബോളിലും ആശയറ്റു കരിയർ തന്നെ ചോദ്യചിഹ്നമായ നിലയിൽ എല്ലാം ഒന്നിൽ നിന്നു തുടങ്ങാനായിരുന്നു സ്മിത്തിന്റെ തീരുമാനം. ടീമിൽ നിന്നു പുറത്തായ സ്മിത്ത് ചെന്നതു കോച്ച് ട്രെന്റ് വുഡ്ഹില്ലിന്റെ അടുത്തേയ്ക്ക്. വോണിന്റെ ‌പിൻഗാമിയാകാനെത്തിയ പയ്യന്റെ ബാറ്റിങ്ങിലാണു വുഡ്ഹിൽ ശ്രദ്ധവച്ചത്. സ്മിത്തിന്റെ സമീപനത്തിൽ തുടങ്ങി ടെക്നിക്കിൽ വരെ കോച്ച് കൈവച്ചു. പന്തിനു പിന്നാലെ പോയി ഷോട്ടിനു ശ്രമിച്ചിരുന്ന സ്മിത്ത് ക്ഷമയോടെ ക്രീസിൽ നിൽക്കാൻ തുടങ്ങി. ഓഫ് സ്റ്റംപിനു പുറത്തെത്തുന്ന പന്തുകൾക്കു മാത്രം മറുതന്ത്രമാണ് വുഡ്‌ഹിൽ ഉപദേശിച്ചത്.

ഓഫ് സ്റ്റംപ് ലൈനിൽ ഗാർഡ് എടുത്ത്, പന്തിന്റെ ലൈനിനു നേർക്കു ചെന്നുള്ള സ്മിത്ത് സ്പെഷൽ സ്ട്രോക്കുകളുടെ പിറവിയായിരുന്നു മറുപടി. രണ്ടു സീസൺ തികയും മുൻപേ സ്റ്റീവ് സ്മിത്ത് എന്ന ‘ബാറ്റ്സ്മാൻ’ ഓസ്ട്രേലിയൻ ടീമിലെത്തി. ആരും പ്രതീക്ഷിക്കാത്തതും അതിനാടകീയവുമൊരു തിരിച്ചുവരവ്!

steve-smith-century-celebration

ഇന്ത്യയ്ക്കെതിരെ മൊഹാലി ടെസ്റ്റിൽ അസാധാരണ പദചലനങ്ങളുമായി ക്രീസിൽ നിറഞ്ഞാടുന്ന, പേസും സ്പിന്നും മെരുക്കുന്ന സ്മിത്തിനെ ലോകം കണ്ടു. റിസർവ് ബാറ്റ്സ്മാനായി പരിഗണിച്ച താരത്തെ ടോപ് ഓർഡറിൽ നിയോഗിച്ചാണ് ഓസ്ട്രേലിയ പിന്നെ ആഷസിനിറങ്ങിയത്. ബാറ്റ്സ്മാൻ എന്ന നിലയിൽ സ്മിത്തിന്റെ ജീവൻമരണപ്പോരാട്ടമെന്നു പറയണം 2013 ലെ ആഷസ്. എല്ലാം അവസാനിച്ചെന്നു കരുതിയിടത്തു നിന്നു യുവതാരം കരിയർ വീണ്ടെടുക്കുന്ന കാഴ്ചയായിരുന്നു ആ ഇംഗ്ലിഷ് സീസൺ.

ഓവലിൽ കന്നിസെഞ്ചുറി നേടി തുടങ്ങിയ സ്മിത്തിന് പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നില്ല. ആധുനിക ക്രിക്കറ്റിന്റെ അമരത്തേയ്ക്കാണ് ബോളർ ആകാൻ ശ്രമിച്ചു ബാറ്റ്സ്മാനായി മാറിയ താരം നടന്നുകയറിയത്. ഡോൺ ബ്രാഡ്മാനു ശേഷം ഓസീസ് കണ്ട ഏറ്റവും മികച്ച താരമായി വളരുകയായിരുന്നു സ്മിത്ത് എന്ന ബാറ്റിങ് ജീനിയസ്. 2018ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ പന്തുചുരണ്ടൽ വിവാദത്തിൽ പക്ഷേ എല്ലാം വീണുടഞ്ഞു.

siddle-smith

ആറു വർഷത്തിനിപ്പുറം വീണ്ടുമൊരു ആഷസിന് ഇറങ്ങിയപ്പോഴും സ്മിത്തിന് മുന്നിലുള്ളതു ഒരേ ലക്ഷ്യം തന്നെയാണ്. വിവാദത്തിൽ വീണുപോയ ‘കരിയർ’ വീണ്ടെടുക്കൽ. വീണ്ടും ഒന്നിൽ നിന്നു തുടങ്ങുകയാണ് സ്റ്റീവൻ സ്മിത്ത്. അന്നത്തെ ഓവലിലും ഇന്നത്തെ എജ്ബാസ്റ്റനിലുമായി പിറന്നുവീണ ശതകങ്ങളിലും തെളിയുന്നത് ഒരേ കാര്യമാണ്– ക്ലാസ്, കലർപ്പില്ലാത്ത ക്ലാസ്. അതിനെ ‘കൂവിത്തോൽപ്പിക്കാനാവില്ല’.

∙ കോലിയെ മറികടന്ന് സ്മിത്ത്

എജ്ബാസ്റ്റനിലെ തിരിച്ചുവരവിൽ സ്റ്റീവ് സ്മിത്ത് കുറിച്ചത് ടെസ്റ്റിലെ 24– ാം ശതകം. ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ക്രിക്കറ്ററാണ് സ്മിത്ത്. 118 ഇന്നിങ്സിൽ നിന്നാണ് സ്മിത്തിന്റെ 24 ാം സെഞ്ചുറി. സാക്ഷാൽ ഡോൺ ബ്രാഡ്മാൻ (66 ഇന്നിങ്സ്) മാത്രമേ സ്മിത്തിനു മുന്നിലുള്ളൂ. വിരാട് കോ‌ലി (123), സച്ചിൻ തെൻഡുൽക്കർ (125) എന്നിവരെ സ്മിത്ത് പിന്തള്ളി.

English Summary: Steve Smith Creates History with a fighting Ton in Ashes Return for Australia

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA