ADVERTISEMENT

ഫ്ലോറിഡയിലെ ബോളിങ് പിച്ചിൽ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ വെസ്റ്റിൻഡീസിന് നേടാനായത് 95 റൺസ്. ഇന്ത്യ 17.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഇന്ത്യയ്ക്കായി ആദ്യ രാജ്യാന്തര മത്സരത്തിനിറങ്ങിയ നവ്ദീപ് സെയ്നി 3 വിക്കറ്റും ഭുവനേശ്വർ കുമാർ 2 വിക്കറ്റുമെടുത്തു. 49 റൺസെടുത്ത കീറോൺ പൊള്ളാർഡിനു മാത്രമേ വിൻഡീസ് നിരയിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞുള്ളൂ.

ഫ്ലോറിഡ ∙ അമേരിക്കൻ മണ്ണിൽ ഇന്ത്യൻ ബോളർമാർ നടത്തിയ മിന്നലാക്രമണത്തിൽ വെസ്റ്റിൻഡീസ് ചാരമായി. അരങ്ങേറ്റക്കാരൻ നവ്ദീപ് സെയ്നിയെന്ന ഇരുപത്താറുകാരൻ പട നയിച്ചപ്പോൾ വിൻഡീസിനു 100 റൺസ് പോലും നേടാനായില്ല. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ വിരാട് കോലിയുടെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് ഇന്ത്യൻ ബോളർമാർ നടത്തിയത്. ഇന്ത്യയ്ക്കായി പന്തെറിഞ്ഞ 6 ബോളർമാരും വിക്കറ്റെടുത്തു.

4 ഓവറിൽ 19 റൺസ് വിട്ടുകൊടുത്ത് പേസർ സെയ്നി 3 വിക്കറ്റെടുത്തപ്പോൾ ഭുവനേശ്വർ കുമാർ 2 വിക്കറ്റും വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, ഖലീൽ അഹമ്മദ്, ക്രുനാൽ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതവുമെടുത്തു. വിൻഡീസ് ഇന്നിങ്സിന്റെ ആദ്യ ഓവറിൽ സുന്ദർ ഒരു റൺ മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തു. അവസാന ഓവറിൽ ഒരു റൺപോലും വിട്ടുകൊടുക്കാതെ സെയ്നി ഒരു വിക്കറ്റുമെടുത്തു.

സ്പിന്നർ വാഷിങ്ടൺ സുന്ദറാണ് ഇന്ത്യയ്ക്കായി ബോളിങ് ഓപ്പൺ ചെയ്തത്. രണ്ടാം പന്തിൽ വിൻഡീസ് ഓപ്പണർ ജോൺ കാംബെൽ പൂജ്യത്തിനു പുറത്ത്. രണ്ടാമത്തെ ഓവറിന്റെ അവസാന പന്തിൽ ഭുവനേശ്വർ കുമാർ മറ്റൊരു ഓപ്പണർ എവിൻ ലൂയിസിനെയും വീഴ്ത്തി. അ‍ഞ്ചാം ഓവറിലാണു സെയ്നി എത്തുന്നത്. രണ്ടാമത്തെ പന്ത് സിക്സിനു പറത്തി നിക്കോളാസ് പുരാൻ സെയ്നിയെ വിറപ്പിച്ചെങ്കിലും നാലാം പന്തിൽ പുരാനെ ഋഷഭ് പന്തിന്റെ കയ്യിലെത്തിച്ചു സെയ്നിയുടെ പ്രതികാരം. തൊട്ടടുത്ത പന്തിൽ ഷിമ്രോൺ ഹെറ്റ്മയർ ബോൾഡ്. പക്ഷേ, പവൽ സെയ്നിക്കു ഹാട്രിക് നിഷേധിച്ചു.

NA-Saini
വിക്കറ്റ് നേടിയ നവദീപ് സെയ്നിയുടെ ആഹ്ളാദം.

പൊള്ളാർഡ് മാത്രം

സെയ്നിക്കു ശേഷം വന്ന ഖലീലും ക്രുനാലും ജഡേജയുമെല്ലാം വെസ്റ്റിൻഡീസിനെ പിടിച്ചുകെട്ടി. നാലാമനായി ഇറങ്ങി പിടിച്ചുനിന്ന പൊള്ളാർഡിലായിരുന്നു വിൻഡീസ് പ്രതീക്ഷ മുഴുവനും. എന്നാൽ, അവസാന ഓവറിലെ 3–ാം പന്തിൽ പൊള്ളാർഡിനെ പുറത്താക്കി സെയ്നി വീണ്ടും പ്രഹരമേൽപിച്ചു. 49 പന്തിൽ 4 സിക്സും 2 ഫോറും പായിച്ചാണു പൊള്ളാർഡ് 49 റൺസെടുത്തത്.

ആദ്യം

രാജ്യാന്തര ട്വന്റി20യിൽ എതിർടീമിന്റെ 2 ഓപ്പണർമാരെയും ഇന്ത്യ പൂജ്യത്തിനു പുറത്താക്കുന്നത് ഇതാദ്യം. വിൻഡീസ് ഓപ്പണർമാരായ ജോൺ കാംബെല്ലും എവിൻ ലൂയിസുമാണു റണ്ണൊന്നുമെടുക്കാതെ ഔട്ടായത്.

English Summary: West Indies vs India 1st T20, Live Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com