ADVERTISEMENT

പോർട് ഓഫ് സ്പെയിൻ ∙ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികളെന്ന സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിന്റെ റെക്കോർഡ് ഇനി എത്ര നാൾ? ലോകകപ്പിലുൾപ്പെടെ അകന്നുനിന്ന സെഞ്ചുറിത്തിളക്കത്തിലേക്ക് ചെറിയൊരു ഇടവേളയ്ക്കുശേഷം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി വീണ്ടും ബാറ്റെടുത്തതോടെ ആ മില്യൻ ഡോളർ ചോദ്യം വീണ്ടും സജീവ ചർച്ചയാകുന്നു. വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിലാണ് കയ്യൊതുക്കമുള്ളൊരു സെഞ്ചുറിയുമായി കോലി വീണ്ടും താരമായത്. മഴയ്ക്കും കെടുത്താനാകാതെ പോയ ആ സെഞ്ചുറി പ്രഭയിൽ ഇന്ത്യ കുറിച്ചതോ, തകർപ്പൻ വിജയവും.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 279 റൺസാണെടുത്തത്. മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യയ്ക്ക് ഇടയ്ക്കു പെയ്ത മഴയാണ് തിരിച്ചടിയായത്. മഴയ്ക്കുശേഷം ഒഴുക്കു നഷ്ടമായ ഇന്ത്യ 279 റൺസിൽ ഒതുങ്ങുകയായിരുന്നു. പിന്നീട് വിൻഡീസ് ഇന്നിങ്സിനിടയിലും മഴയെത്തി. ഇതോടെ 46 ഓവറിൽ വിജയലക്ഷ്യം 270 റണ്‍സായി പുനർനിർണയിച്ചു. എന്നാൽ മഴയ്ക്കൊപ്പം ആഞ്ഞെറിഞ്ഞ ഭുവനേശ്വർ കുമാറിന്റെയും സംഘത്തിന്റെയും ബോളിങ് കൂടിയായതോടെ വിൻഡീസ് 42 ഓവറിൽ 210 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യൻ വിജയം 59 റൺസിന്. മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിൽ. ആദ്യ മൽസരം മഴമൂലം ഉപേക്ഷിച്ചതിനാൽ ഇന്ത്യ പരമ്പരയിൽ തോൽക്കില്ലെന്ന് ഉറപ്പ്!

∙ കൈപിടിച്ച് ക്യാപ്റ്റൻ

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് സ്കോർ ബോർഡിൽ വെറും രണ്ടു റൺസുള്ളപ്പോഴാണ് ശിഖർ ധവാന്റെ വിക്കറ്റ് നഷ്ടമായത്. തുടക്കത്തിൽത്തന്നെ ക്രീസിലെത്തേണ്ടി വന്നെങ്കിലും അതിന്റെ യാതൊരു സമ്മർദ്ദവും കൂടാതെ തകർത്തടിച്ച കോലി, രോഹിത് ശർമയ്ക്കൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്താണ് ഇന്ത്യൻ ഇന്നിങ്സിന് അടിത്തറയിട്ടത്. ഋഷഭ് പന്ത് അധികം കാത്തുനിൽക്കാതെ മടങ്ങിയെങ്കിലും അഞ്ചമനായെത്തിയ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് നാലാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത് ഇന്ത്യൻ ഇന്നിങ്സിനെ ഭേദപ്പെട്ട തലത്തിലേക്ക് ഉയർത്തുകയും ചെയ്തു. മികച്ച സ്കോറിലേക്കു നീങ്ങവേ, അപ്രതീക്ഷിതമായി പെയ്ത മഴയാണ് ഇന്ത്യൻ ഇന്നിങ്സിന്റെ താളം തെറ്റിച്ചത്. 

125 പന്തിലാണു കോലി 120 റൺസെടുത്തത്. 14 ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടുന്നതാണ് കോലിയുടെ സെഞ്ചുറി. ഏകദിന ക്രിക്കറ്റിലെ 42–ാം സെഞ്ചുറിയാണു വിരാട് കോലി ഇന്നലെ കുറിച്ചത്. 8 സെഞ്ചുറി കൂടി നേടിയാൽ സച്ചിൻ തെൻഡുൽക്കറെ (49) മറികടന്ന്, ഏറ്റവും അധികം ഏകദിന സെഞ്ചുറി നേടുന്ന താരത്തിനുള്ള റെക്കോർഡ് കോലിക്കു സ്വന്തമാക്കാം. വെറും 238 മൽസരങ്ങളിൽനിന്നാണ് കോലി 42 സെഞ്ചുറികൾ നേടിയത്.

∙ ഇതു ‘വിൻ’ഡീസല്ല !

ട്വന്റി20 പരമ്പര അടിയറവു വച്ചതിനു പിന്നാലെ ഏകദിന പരമ്പരയിലെ ആദ്യ മൽസരവും തോറ്റതോടെ വിൻഡീസ് ‘ക്ഷീണ’ത്തിലാണ്. 280 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച വിൻഡീസിന്, ഡക്ക്‌വർത്ത് ലൂയിസ് നിയമമാണ് ആദ്യം തിരിച്ചടി നൽകിയത്. മഴമൂലം മൽസരം 46 ഓവറാക്കി ചുരുക്കിയതോടെ വിജയലക്ഷ്യം 270 റൺസായി.

ഉത്തരവാദിത്തമില്ലാത്ത ബാറ്റിങ്ങിലൂടെ താരങ്ങളും അതിവേഗം മടങ്ങിയപ്പോൾ പിടിച്ചുനിന്നത് അർധസെഞ്ചുറിയുമായി ടോപ് സ്കോററായ ഓപ്പണർ എവിൻ ലൂയിസ് മാത്രം. 80 പന്തിൽ എട്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം നേടിയ 65 റൺസായിരുന്നു സമ്പാദ്യം. 300–ാം രാജ്യാന്തര ഏകദിനത്തിന്റെ പകിട്ടിലിറങ്ങിയ മറ്റൊരു ഓപ്പണർ ക്രിസ് ഗെയ്‍ൽ 24 പന്തിൽ 11 റൺസെടുത്ത് പുറത്തായി. നിക്കോളാസ് പുരാൻ (52 പന്തിൽ 42) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ഭുവനേശ്വർ കുമാറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഇന്ത്യയ്ക്കായി ഭുവി എട്ട് ഓവറിൽ 31 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു. മുഹമ്മദ് ഷമി, കുൽദീപ് യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

∙ റെക്കോർഡുയരെ കോലി

ഇതിനിടെ ഏകദിന ക്രിക്കറ്റിൽ വെസ്റ്റിൻഡീസിന് എതിരെ ഏറ്റവും അധികം റൺസ് നേടുന്ന താരം എന്ന റെക്കോർഡും ഇന്ത്യൻ നായകൻ സ്വന്തമാക്കി. ഇന്നലെ നേടിയ സെഞ്ചുറിയോടെ (120), പാക്കിസ്ഥാൻ താരം ജാവേദ് മിയാൻദാദിന്റെ 24 വർഷം പഴക്കമുള്ള റെക്കോർഡാണു കോലി തകർത്തത്. 64 ഇന്നിങ്സിൽ നിന്ന് 1930 റൺസ് നേടിയ മിയാൻദാദിനെ മറികടക്കാൻ 34 ഇന്നിങ്സ് മാത്രമേ കോലിക്കു വേണ്ടിവന്നുള്ളു. വിൻഡീസിനെതിരെ ഇന്നലെ വ്യക്തിഗത സ്കോർ 19ൽ എത്തിയപ്പോഴാണു നേട്ടത്തിലെത്തിയത്. ഏകദിനത്തിൽ വിൻഡീസിനെതിരെ 8 സെഞ്ചുറികൾ നേടിയിട്ടുള്ള കോലിയുടെ ശരാശരി എഴുപതിൽ അധികമാണ്. വിൻഡീസിനെതിരെ ഏറ്റവുമധികം സെഞ്ചുറികൾ (8) നേടിയ താരമെന്ന റെക്കോർഡും കോലിക്കു സ്വന്തമായി.

ഏകദിന ക്രിക്കറ്റിൽ ഒരു രാജ്യത്തിനെതിരെ ഏറ്റവും കുറഞ്ഞ ഇന്നിങ്സുകളിൽനിന്ന് 2000 റൺസ് നേടുന്ന താരത്തിനുള്ള റെക്കോർഡും വിരാട് കോലി സ്വന്തമാക്കി. വിൻഡീസിനെതിരെ 34 ഇന്നിങ്സിൽനിന്നു നേട്ടത്തിലെത്തിയ കോലി ഇന്ത്യയുടെതന്നെ രോഹിത് ശർമയെയാണു (37 ഇന്നിങ്സ്– ഓസീസ്) മറികടന്നത്. സച്ചിൻ തെൻഡുൽക്കർ (40– ഓസീസ്) ആണു മൂന്നാം സ്ഥാനത്ത്.

∙ ടോപ് 5 (ഏകദിനത്തിൽ വിൻഡീസിനെതിരെ ഏറ്റവും അധികം റൺസ് നേടിയവർ)

താരം, ഇന്നിങ്സ്, റൺസ്  ക്രമത്തിൽ

വിരാട് കോലി (ഇന്ത്യ) 34 2032

മിയാൻദാദ് (പാക്കിസ്ഥാൻ)  64 1930 

മാർക്ക് വോ (ഓസ്ട്രേലിയ)  47 1708 

കാലിസ് (ദക്ഷിണാഫ്രിക്ക) 40 1666 

റമീസ് രാജ (പാക്കിസ്ഥാൻ)  53 1624 

∙ മറ്റു റെക്കോർഡുകൾ

∙ ഏകദിനത്തിലെ റൺവേട്ടക്കാരിലെ എട്ടാം സ്ഥാനം ഇനി വിരാട് കോലിക്ക്. രണ്ടാം ഏകദിനത്തിനിടെ, മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയെ (11,363) മറികടന്നാണു കോലി എട്ടാം സ്ഥാനത്തെത്തിയത്. 

∙ ഒരേ ടീമിനെതിരെ കൂടുതൽ ഏകദിന സെഞ്ചുറി

9 സച്ചിൻ തെൻഡുൽക്കർ, ഓസ്ട്രേലിയയ്ക്കെതിരെ

8 സച്ചിൻ തെൻഡുൽക്കർ ശ്രീലങ്കയ്ക്കെതിരെ

8 വിരാട് കോലി ശ്രീലങ്കയ്‌ക്കെതിരെ

8 വിരാട് കോലി ഓസ്ട്രേലിയയ്‌ക്കെതിരെ

8 വിരാട് കോലി വെസ്റ്റിൻഡീസിനെതിരെ

∙ ക്യാപ്റ്റനെന്ന നിലയിൽ ഒരേ ടീമിനെതിരെ കൂടുതൽ ഏകദിന സെഞ്ചുറി

6 വിരാട് കോലി വെസ്റ്റിൻഡീസിനെതിരെ

5 റിക്കി പോണ്ടിങ് ന്യൂസീലൻഡിനെതിരെ

4 റിക്കി പോണ്ടിങ് ഇംഗ്ലണ്ടിനെതിരെ

4 റിക്കി പോണ്ടിങ് ഇന്ത്യയ്‌ക്കെതിരെ

4 എ.ബി. ഡിവില്ലിയേഴ്സ് ഇന്ത്യയ്‌ക്കെതിരെ

∙ ഓരോ ക്യാപ്റ്റൻമാർക്കു കീഴിലും കോലിയുടെ ഏകദിന സെഞ്ചുറികൾ

20 കോലി തന്നെ ക്യാപ്റ്റനായിരിക്കെ

19 എം.എസ്. ധോണി

02 വീരേന്ദർ സേവാഗ്

01 ഗൗതം ഗംഭീർ

∙ റൺ മെഷീൻ

രാജ്യാന്തര ക്രിക്കറ്റിൽ 300 ഏകദിനങ്ങൾ തികയ്ക്കുന്ന ആദ്യ വിൻഡീസ് താരമായി ക്രിസ് ഗെയ്‌ൽ. വിൻഡീസിനായുള്ള 297–ാം ഏകദിനമാണു ഗെയ്ൽ ഇന്നലെ കളിച്ചത്. ഐസിസി ലോക ഇലവനായാണു മറ്റുള്ള 3 ഏകദിനങ്ങളും ഗെയ്ൽ കളിച്ചത്. 

ഏകദിന ക്രിക്കറ്റിൽ വിൻഡീസിനായി ഏറ്റവും അധികം റൺസ് നേടുന്ന താരത്തിനുള്ള റെക്കോർഡ് ക്രിസ് ഗെയ്‌ൽ സ്വന്തമാക്കി(10353). ബ്രയാൻ ലാറയെയാണു (10348) മറികടന്നത്. രാജ്യാന്തര ഏകദിനത്തിൽ ഏറ്റവും അധികം റൺസ് നേടുന്ന വിൻഡീസ് താരം എന്ന റെക്കോർഡ് ഗെയ്ൽ നേരത്തേ സ്വന്തമാക്കിയിരുന്നെങ്കിലും ഇതിൽ 55 റൺസ് നേടിയതു ഐസിസി ലോക ഇലവനായാണ്. ഇന്ത്യയ്ക്കെതിരെ ഇന്നലെ വ്യക്തിഗത സ്കോർ 7ൽ എത്തിയതോടെയാണു ഗെയ്ൽ ഉയർന്ന റൺവേട്ടക്കാരനായത്. 11 റൺസെടുത്ത് ഗെയ്ൽ ഔട്ടായി.

English Summary: Virat Kohli Close to Sachin Tendulkar's Record of Most ODI Centuries.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com