ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് രവി ശാസ്ത്രിക്ക് ഒരു ഊഴം കൂടി ലഭിക്കുമോ? അതോ തൽസ്ഥാനത്ത് ഒരു പുതിയ മുഖം കാണാനാകുമോ? ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ലഭിച്ച നൂറുകണക്കിന് അപേക്ഷകളിൽനിന്ന് ആറു പേരിലേക്ക് പട്ടിക ചുരുങ്ങുമ്പോൾ ഇരു സാധ്യതകളും സജീവം. രവി ശാസ്ത്രിക്കു പുറമെ മുൻ ന്യൂസീലൻഡ് കോച്ച് മൈക്ക് ഹെസ്സൻ, മുൻ ഓസീസ് ഓൾറൗണ്ടറും ശ്രീലങ്കൻ കോച്ചുമായ ടോം മൂഡി, മുൻ വിൻഡീസ് ഓൾറൗണ്ടറും അഫ്ഗാനിസ്ഥാൻ കോച്ചുമായ ഫിൽ സിമ്മ‍ൺസ്, മുൻ ഇന്ത്യൻ ടീം മാനേജർ ലാൽചന്ദ് രജ്പുത്, മുൻ ഇന്ത്യൻ ഫീൽഡിങ് കോച്ച് റോബിൻ സിങ് എന്നിവരാണു ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചവർ.

പരിശീലകനെ തിരഞ്ഞെടുക്കാനുള്ള ചുമതല വഹിക്കുന്ന ബിസിസിഐ ഉപദേശക സമിതിക്കു മുന്നിൽ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച ആറു പേരും അഭിമുഖത്തിനെത്തും. പരിശീലക കാലയളവിൽ നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾ ഇവർ സമിതിക്കു മുമ്പാകെ അക്കമിട്ടു നിരത്തും. ഇതിനുശേഷമാകും പരിശീലകന്റെ കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തുക. ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റൻ കപിൽ ദേവ്, വനിതാ ടീം മുൻ ക്യാപ്റ്റൻ ശാന്ത രംഗസ്വാമി, മുൻ പരിശീലകൻ കൂടിയായ അൻഷുമാൻ ഗെയ്ക്ക‌വാദ് എന്നിവരാണ് സമിതിയംഗങ്ങൾ.

നിലവിലെ സാഹചര്യത്തിൽ രവി ശാസ്ത്രി തന്നെ തുടരാനാണ് സാധ്യത കൂടുതൽ. ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോലി ഉൾപ്പെടെയുള്ളവരുടെ പിന്തുണ ശാസ്ത്രിക്കുണ്ട്. വെസ്റ്റിൻഡീസ് പര്യടനത്തിനു മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലും ശാസ്ത്രി തുടരന്നതിലുള്ള താൽപര്യം കോലി തുറന്നുപറഞ്ഞിരുന്നു. തുടർച്ചയായി രണ്ടു ലോകകപ്പ് സെമികളിൽ ശാസ്ത്രിക്കു കീഴിൽ ടീം തോറ്റതാണ് അദ്ദേഹത്തിനെതിരായ ഘടകം. അതേസമയം, രവി ശാസ്ത്രിക്കു കീഴിൽ ഏകദിന, ട്വന്റി20 കിരീടങ്ങൾ ഇപ്പോഴും അന്യമാണെങ്കിലും ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ ഒന്നാമതെത്തിയത് അദ്ദേഹത്തിനു കീഴിലാണ്.

ശാസ്ത്രിക്കു പുറമെ അദ്ദേഹത്തിന്റെ പരിശീലക സംഘത്തിൽ അംഗങ്ങളായ ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാർ, ബോളിങ് പരിശീലകൻ ഭരത് അരുൺ, ഫീൽഡിങ് പരിശീലകൻ ആർ.ശ്രീധർ തുടങ്ങിയവർക്കും പകരക്കാരെ കണ്ടെത്തേണ്ടതുണ്ട്. ലോകകപ്പോടെ കാലാവധി കഴിഞ്ഞ ശാസ്ത്രിക്കും സംഘത്തിനും പുതിയ പരിശീലകരെ കണ്ടെത്തുന്നതിന് 45 ദിവസത്തേക്ക് കാലാവധി നീട്ടിനൽകിയിരുന്നു.

ടോം മൂഡി, മൈക്ക് ഹെസ്സൻ എന്നിവരുടെ പേരുകൾ ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് നേരത്തേ മുതൽ കേൾക്കുന്നതാണെങ്കിലും മുൻ വിൻഡീസ് താരമായ ഫിൽ സിമ്മൺസ് അന്തിമ പട്ടികയിൽ ഇടംപിടിച്ചത് അപ്രതീക്ഷിതമായി. അയർലൻഡ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ കുഞ്ഞൻ രാജ്യങ്ങളെ രാജ്യാന്തര ക്രിക്കറ്റിൽ കൈപിടിച്ചുനടത്തിയ അനുഭവസമ്പത്താണ് സിമ്മൺസിന്റെ കരുത്ത്. 2016ലെ ട്വന്റി20 ലോകകപ്പിൽ വെസ്റ്റിൻഡീസ് ചാംപ്യൻമാരാകുന്ന സമയത്ത് സിമ്മൺസായിരുന്നു അവരുടെ പരിശീലകൻ. 2017ൽ അഫ്ഗാനിസ്ഥാൻ പരിശീലക സ്ഥാനം ഏറ്റെടുത്തു.

ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച റോബിൻ സിങ്ങിന്റെ പേരും പ്രതീക്ഷിച്ചതാണ്. 2007ൽ ഇന്ത്യ ട്വന്റി20 ലോകകപ്പ് നേടുമ്പോൾ ടീമിന്റെ ഫീൽഡിങ് പരിശീലകനായിരുന്നു റോബിൻ. ഇതേ ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച ലാല്‍ചന്ദ് രജ്പുത്. പിന്നീട് അഫ്ഗാനിസ്ഥാൻ, സിംബാബ്‍വെ ടീമുകളെയും പരിശീലിപ്പിച്ചു.

ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിന്റെ മുഖ്യപരിശീലകനായിരുന്ന ന്യൂസീലൻഡുകാരന്‍ മൈക്ക് ഹെസ്സൻ, അടുത്തിടെയാണ് തൽസ്ഥാനത്തുനിന്ന് ഒഴിഞ്ഞത്. ന്യൂസീലൻഡിനെ ആറു വർഷത്തോളം പരിശീലിപ്പിച്ച പരിചയസമ്പത്തുമുണ്ട്. 2015 ലോകകപ്പ് സെമിയിലെത്തിയ ന്യൂസീലൻഡ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു.

English Summary: Six candidates short-listed for Team India's head coach's job

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com