ADVERTISEMENT

ലണ്ടൻ∙ രണ്ടു പതിറ്റാണ്ടു പിന്നിടുന്ന കാത്തിരിപ്പിനൊടുവിൽ ക്രിക്കറ്റ് വീണ്ടും കോമൺവെൽത്ത് ഗെയിംസിന് ‘ടിക്കറ്റെടുത്തു’.  2022ൽ ബ്രിട്ടനിലെ ബർമിങ്ങാമിൽ നടക്കുന്ന ഗെയിംസിലാണ് ക്രിക്കറ്റും മൽസരയിനമായി ഉൾപ്പെടുത്തിയത്. അതേസമയം, വനിതാ വിഭാഗത്തിൽ മാത്രമേ ക്രിക്കറ്റ് ഉണ്ടാകൂ. 1998ൽ മലേഷ്യയിലെ ക്വാലലംപുരിൽ നടന്ന ഗെയിംസിലാണ് ഇതിനു മുൻപ് ക്രിക്കറ്റും മൽസരയിനമായിരുന്നത്. അന്ന് ഏകദിന ഫോർമാറ്റിലായിരുന്നു മൽസരമെങ്കില്‍ ഇക്കുറി ട്വന്റി20 ടൂർണമെന്റാണ് നടത്തുക.

2028ലെ ലൊസാഞ്ചലസ് ഒളിംപിക്സിൽ ക്രിക്കറ്റ് മൽസരയിനമായി ഉൾപ്പെടുത്താനുള്ള രാജ്യാന്തര ക്രിക്കറ്റ് കൗൺസിന്റെ (ഐസിസി) ശ്രമങ്ങൾക്ക് ഊർജം പകരുന്നതാണ് ഈ നീക്കം. 2022 ജൂലൈ 27 മുതൽ ഓഗസ്റ്റ് ഏഴു വരെയാണ് കോമൺവെൽത്ത് ഗെയിംസ് അരങ്ങേറുക. വാർവിക്ക്ഷയർ ക്രിക്കറ്റ് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ എജ്ബാസ്റ്റൻ ക്രിക്കറ്റ് മൈതാനമാണ് ക്രിക്കറ്റ് മൽസരങ്ങൾക്ക് വേദിയൊരുക്കുക. ഇതിനു മുൻപ് ക്രിക്കറ്റ് മൽസരയിനമായിരുന്ന 1998ലെ ക്വാലലംപുർ ഗെയിംസിൽ ദക്ഷിണാഫ്രിക്കയായിരുന്നു ചാംപ്യൻമാർ. ഫൈനലിൽ കരുത്തരായ ഓസ്ട്രേലിയയെ തോൽപ്പിച്ചാണ് അന്ന് ദക്ഷിണാഫ്രിക്ക സ്വർണം നേടിയത്.

‘കോൺവെൽത്ത് ഗെയിംസിലേക്ക് ക്രിക്കറ്റിനെ ഒരിക്കൽക്കൂടി സ്വാഗതം ചെയ്യുന്ന ചരിത്ര ദിനമാണിത്’ – കോമൺവെൽത്ത് ഗെയിംസ് ഫൗണ്ടേഷൻ പ്രസിഡന്റ് ഡെയിം ലൂയിസ് മാർട്ടിന്‍ പറഞ്ഞു. ‘ഇതിനു മുൻപ് ക്രിക്കറ്റ് കോമൺവെൽത്ത് ഗെയിംസിൽ മൽസരയിനമായിരുന്നത് 1998ൽ ക്വാലലംപുരിലാണ്. പുരുഷവിഭാഗത്തിൽ ഏകദിന ഫോർമാറ്റിൽ സംഘടിപ്പിക്കപ്പെട്ട ടൂർണമെന്റിൽ ദക്ഷിണാഫ്രിക്കയാണ് ചാംപ്യൻമാരായത്. ജാക്വസ് കാലിസ്, റിക്കി പോണ്ടിങ്, സച്ചിൻ തെൻഡുൽക്കർ തുടങ്ങിയ ഇതിഹാസ താരങ്ങൾ പങ്കെടുക്കുകയും ചെയ്തു’ – മാർട്ടിൻ ചൂണ്ടിക്കാട്ടി.

വനിതാ ക്രിക്കറ്റിനെ ഗെയിംസിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തെ ഐസിസി സ്വാഗതം ചെയ്തു. രാജ്യാന്തര തലത്തിൽ വനിതാ ക്രിക്കറ്റിന്റെ ശാക്തീകരണത്തിന് ഈ തീരുമാനം വഴിവയ്ക്കുമെന്ന് ഐസിസി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘വനിതാ ക്രിക്കറ്റ്, രാജ്യാന്തര ക്രിക്കറ്റ് സമൂഹം എന്നിവയെ സംബന്ധിച്ച് ഇതൊടു ചരിത്ര ദിനമാണ്. നാമെല്ലാവരും ഒരുമിച്ചു നിന്നാണ് ഈ സ്വപ്നം യാഥാർഥ്യമാക്കാൻ പരിശ്രമിച്ചത്. ബർമിങ്ങാമിൽ 2022ൽ നടക്കുന്ന ഗെയിംസിൽ വനിതാ ക്രിക്കറ്റും ഭാഗമാകുന്നത് വലിയൊരു ആദരവാണ്’ – ഐസിസി ചീഫ് എക്സിക്യുട്ടീവ് മനു സാഹ്‍നി പറഞ്ഞു.

∙ ‘ക്വാലലംപുർ ഗെയിംസിലെ ക്രിക്കറ്റ്

1998ൽ മലേഷ്യയിലെ ക്വാലലംപുരിലാണ് ഇതിനു മുൻപ് ക്രിക്കറ്റ് കോമൺവെൽത്ത് ഗെയിംസിന്റെ ഭാഗമായിരുന്നത്. അന്ന് പുരുഷൻമാർക്കായി ഏകദിന ഫോർമാറ്റിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. രാജ്യാന്തര ഏകദിന പദവി അനുവദിക്കാതിരുന്നതിനാൽ ലിസ്റ്റ് എ വിഭാഗത്തിലാണ് ഈ ഗെയിംസിലെ മൽസരങ്ങൾ ഉൾപ്പെടുത്തിയത്. മറ്റു ടൂർണമെന്റുകളിൽ പതിവുള്ളതുപോലെ വെസ്റ്റ് ഇൻഡീസ് ടീം പല ടീമുകളായി തിരിഞ്ഞാണ് ഗെയിംസിൽ പങ്കെടുത്തത്. ആന്റിഗ്വ ആൻഡ് ബർബുഡ സീനിയർ വിഭാഗത്തിൽ അരങ്ങേറ്റം കുറിച്ചതും ഈ ഗെയിംസിൽത്തന്നെ. രാജ്യാന്തര ക്രിക്കറ്റിൽ അയർലൻഡ് ടീമിന്റെ ഭാഗമാണെങ്കിലും ഗെയിംസിൽ നോർത്തേൺ അയർലൻഡ് വേറെ ടീമായാണ് മൽസരിച്ചത്.

ആകെ 16 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. അന്നത്തെ ഒൻപതു ടെസ്റ്റ് ടീമുകളിൽ ഏഴെണ്ണവും ടൂർണമെന്റിനെത്തി. കൗണ്ടി ക്രിക്കറ്റിനെ ബാധിക്കുമെന്നതിനാൽ ഇംഗ്ലണ്ട് ടീമിനെ അയയ്ക്കാൻ വിസമ്മതിച്ചപ്പോൾ, വെസ്റ്റിൻഡീസ് പല ടീമുകളായി തിരിഞ്ഞാണ് പങ്കെടുത്തത്. ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയ ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസീലൻഡ് ടീമുകൾ പ്രമുഖ താരങ്ങളെ ഉൾപ്പെടുത്തിയാണ് ടൂർണമെന്റിനെത്തിയത്. കിരീടം ചൂടിയ ദക്ഷിണാഫ്രിക്കൻ ടീമിൽ ഷോൺ പൊള്ളോക്ക്, ജാക്വസ് കാലിസ്, മഖായ എൻടിനി, മാർക്ക് ബൗച്ചർ, ഹെർഷേൽ ഗിബ്സ് തുടങ്ങിയവരുണ്ടായിരുന്നു. ഓസീസ് ടീമിൽ സ്റ്റീവ് വോ, മാർക്ക് വോ, ആദം ഗിൽക്രിസ്റ്റ്, റിക്കി പോണ്ടിങ്, ഡാമിയൻ ഫ്ലെമിങ്, ഡാരൻ ലേമാൻ എന്നിവരും ന്യൂസീലൻഡ് ടീമിൽ സ്റ്റീഫൻ ഫ്ലെമിങ്, ഡാനിയൽ വെട്ടോറി തുടങ്ങിയവരും അണിനിരന്നു.

സച്ചിൻ തെൻഡുൽക്കർ, അനിൽ കുംബ്ലെ, ഹർഭജൻ സിങ്, വി.വി.എസ്. ലക്ഷ്മൺ തുടങ്ങിയവർ ഉൾപ്പെട്ടിരുന്നെങ്കിലും ഇന്ത്യയുടേത് സമ്പൂർണ ടീമായിരുന്നില്ല. ഇതേ സമയത്ത് സഹാറ കപ്പ് നടക്കുന്നതായിരുന്നു കാരണം. പാക്കിസ്ഥാൻ ഷോയ്ബ് അക്തറിനെ ഉൾപ്പെടുത്തിയപ്പോൾ ശ്രീലങ്കൻ ടീമിൽ മഹേള ജയവർധനെ, സിംബാബ്‌വെയിൽ ആൻഡി ഫ്ലവർ തുടങ്ങിയവരും കളത്തിലിറങ്ങി. ഇന്ത്യയുടെ പോരാട്ടം ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ ഒതുങ്ങിയപ്പോൾ ദക്ഷിണാഫ്രിക്ക, ന്യൂസീലൻഡ്, ശ്രീലങ്ക, ഓസ്ട്രേലിയ ടീമുകളാണ് സെമിയിലെത്തിയത്. ശ്രീലങ്കയെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്കയും ന്യൂസീലൻഡിനെ തോൽപ്പിച്ച് ഓസ്ട്രേലിയയും ഫൈനലിലെത്തി. ഒടുവിൽ ഓസീസിനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക സ്വർണമെഡലും നേടി. മൂന്നാം സ്ഥാന മൽസരത്തിൽ ശ്രീലങ്കയെ കീഴ്പ്പെടുത്തി ന്യൂസീലൻഡ് വെങ്കലം സ്വന്തമാക്കി.

English Summary: Women's cricket included in 2022 Commonwealth games

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com