sections
MORE

ഭിന്നശേഷിക്കാരുടെ ലോക ട്വന്റി20: മലയാളിക്കരുത്തിൽ ഇന്ത്യയ്ക്കു കിരീടം

anish rajan
അനീഷ് പി. രാജൻ അച്ഛൻ രാജനും അമ്മ ശ്യാമളയ്ക്കും ഒപ്പം.
SHARE

ലണ്ടൻ ∙ ഭിന്നശേഷിക്കാരുടെ ലോക ട്വന്റി20 ക്രിക്കറ്റ് പരമ്പരയിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ തോൽപിച്ച് ഇന്ത്യയ്ക്കു കിരീടം. ആവേശകരമായ ഫൈനലിൽ ഇംഗ്ലണ്ടിന്റെ കടുത്ത വെല്ലുവിളിയെ അതിജീവിച്ചാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. സ്കോർ: ഇന്ത്യ 20 ഓവറിൽ 7ന് 180, ഇംഗ്ലണ്ട് 20 ഓവറിൽ 9 വിക്കറ്റിന് 144. ടീമിലെ ഏക മലയാളിതാരമായ ഇടംകൈ സ്പിന്നർ അനീഷ് ഒരു വിക്കറ്റെടുത്തു. 2 റണ്ണൗട്ടുകൾക്കു വഴിയൊരുക്കുകയും ചെയ്തു.

പല തരത്തിലുള്ള ശാരീരിക പരിമിതികളുള്ളവരാണ് ടീമംഗങ്ങൾ. തങ്ങളുടെ പരിമിതിയെ മറികടക്കുന്ന പ്രകടനത്തോടെയാണ് ഇന്ത്യൻ ടീമിനൊപ്പം ഇവർ കിരീടമുയർത്തിയത്.ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും പുറമേ പാക്കിസ്ഥാൻ, ബംഗ്ലദേശ്, സിംബാബ്‌വെ, അഫ്ഗാനിസ്ഥാൻ ടീമുകളാണു പരമ്പരയിൽ പങ്കെടുത്തത്. പാക്കിസ്ഥാനെ 8 വിക്കറ്റിനു തോൽപിച്ചാണ് ഇന്ത്യ ഫൈനലിൽ കടന്നത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കു കുതിപ്പേകിയതു രവീന്ദ്ര സാന്റെയും സുഗനേഷ് മഹേന്ദ്രനുമാണ്. 34 പന്തിൽ 53 റൺസുമായി സാന്റെ തകർത്തടിച്ചു മുന്നേറിയപ്പോൾ വെറും 11 പന്തിൽ 33 റൺസുമായി മിന്നൽവേഗത്തിൽ സുഗനേഷ് ഇന്ത്യൻ ഇന്നിങ്സിനെ തോളിലേറ്റി. ഓപ്പണർ കുനാൽ ഫനാസെയും (36) ക്യാപ്റ്റൻ വിക്രാൻ കെനിയും (29) മികച്ച പ്രകടനമാണു നടത്തിയത്. അനീഷ് രാജനു ബാറ്റ് ചെയ്യാൻ ഇറങ്ങേണ്ടി വന്നില്ല.

മറുപടിയിൽ ഓപ്പണർമാരായ അലക്സ് ബ്രൗണും (44) ജയിംസ് ഗുഡ്‌വിനും (17) ഇംഗ്ലണ്ടിനു മികച്ച തുടക്കമാണു നൽകിയത്. രണ്ടാം വിക്കറ്റിൽ ബ്രൗണും ഫ്ലിന്നും (28) ഇന്ത്യൻ ബോളിങ് നിരയെ അനായാസം നേരിട്ട് 66 റൺസ് കൂട്ടിച്ചേർത്തെങ്കിലും ബ്രൗണിനെ വീഴ്ത്തി സണ്ണി ഗൊയാട്ട് ഇന്ത്യയ്ക്കു ബ്രേക്ക്‌ത്രൂ നൽകി. പിന്നീട് തുടരെത്തുടരെ വിക്കറ്റ് വീഴ്ത്തി ഇന്ത്യ മത്സരത്തിലേക്കു തിരിച്ചുവന്നു.

∙ ഇടംകൈ വിസ്മയം, അനീഷ്

ഇടംകൈയൻമാരുടെ ദിനത്തിലാണ് ഇടംകൈ സ്പിന്നറായ അനീഷ് (28) ഉൾപ്പെട്ട ഇന്ത്യൻ ടീം ലോക കിരീടത്തിൽ മുത്തമിട്ടത്. ഇടുക്കി പാറേമാവ് പടീതറയിൽ പി. രാജന്റെയും കെ.കെ. ശ്യാമളയുടെയും 3 മക്കളിൽ ഇളയവനു ചെറുപ്പത്തിലേ ക്രിക്കറ്റ് പ്രേമം തലയ്ക്കു പിടിച്ചു.

ഒരു കൈ ഇല്ലാത്തതിനാൽ ആദ്യം ക്യാംപിൽ പങ്കെടുക്കാൻ അനുവദിച്ചില്ല. ഒടുവിൽ അച്ഛന്റെ ബന്ധുവിനെക്കൂട്ടി ചെന്നപ്പോഴാണു ക്യാംപിലേക്ക് അവസരം കിട്ടിയത്. പിന്നീട്, 17 വയസ്സിൽ താഴെയുള്ളവരുടെ ജില്ലാ ക്രിക്കറ്റ് ടീമിലും 19 വയസ്സിൽ താഴെയുള്ളവരുടെ ടീമിലും ഇടംകിട്ടി. കോലഞ്ചേരി ശ്രീനാരായണ ഗുരുകുലം കോളജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് ബിടെക് പൂർത്തിയാക്കി.

കൊച്ചിൻ റിഫൈനറിയിൽ ട്രെയിനിയായിരിക്കെ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിലെത്തി. 2017ൽ കേരളത്തിന്റെ ഫിസിക്കലി ചാലഞ്ച്ഡ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി. മികച്ച പ്രകടനത്തിലൂടെ ദക്ഷിണ മേഖല ടീമിലും അവിടെനിന്നു ദേശീയ ടീമിലേക്കുമെത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA