ADVERTISEMENT

പോർട്ട് ഓഫ് സ്പെയിൻ∙ തുടർ സെഞ്ചുറികളുമായി രാജ്യാന്തര ക്രിക്കറ്റിൽ റെക്കോർഡുകൾ തകർത്തു മുന്നേറുന്ന വിരാട് കോലിയുടെ കിരീടത്തിൽ പൊൻതൂവലായി സമാനതകളില്ലാത്ത മറ്റൊരു റെക്കോർഡ് കൂടി. രാജ്യാന്തര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലുമായി ഒരു പതിറ്റാണ്ടിനുള്ളിൽ 20,000 റൺസ് പിന്നിടുന്ന ആദ്യ താരമെന്ന റെക്കോർഡാണ് വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ കോലി സ്വന്തമാക്കിയത്. ഏകദിനത്തിലെ 43–ാം സെഞ്ചുറി കുറിച്ച കോലി, ട്വന്റി20–ഏകദിന–ടെസ്റ്റ് ഫോർമാറ്റുകളിലായാണ് 10 വർഷം കൊണ്ട് 20,000 റൺസ് പിന്നിട്ടത്.

ഒരു പതിറ്റാണ്ടിനുള്ളിൽ രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന മുൻ ഓസീസ് താരം റിക്കി പോണ്ടിങ്ങിന്റെ റെക്കോർഡ് നേരത്തേതന്നെ മറികടന്ന കോലി, സച്ചിൻ ഉൾപ്പെടെയുള്ളവർക്ക് അന്യമായിരുന്ന റെക്കോർഡാണ് പോർട്ട് ഓഫ് സ്പെയിനിൽ സ്വന്തമാക്കിയത്. ഈ പട്ടികയിൽ രണ്ടാമതുള്ള പോണ്ടിങ്ങിന്റെ സമ്പാദ്യം 18,962 റൺസാണ്. മുൻ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ജാക്വസ് കാലിസ് (16,777), ശ്രീലങ്കൻ താരങ്ങളായ മഹേള ജയവർധനെ (16,304), കുമാർ സംഗക്കാര (15,999), സച്ചിൻ തെന്‍ഡുൽക്കർ (15962), രാഹുൽ ദ്രാവിഡ് (15,853), ഹാഷിം അംല (15,185) എന്നിവരെല്ലാം കോലിക്കു പിന്നിലായി.

വിൻഡീസിനെതിരായ മൽസരത്തിൽ നേടിയ സെഞ്ചുറി, ക്യാപ്റ്റനെന്ന നിലയിൽ കോലിയുടെ 21–ാം സെഞ്ചുറിയാണ്. വെറും 76 ഇന്നിങ്സുകളിൽനിന്നാണ് ‘ക്യാപ്റ്റൻ കോലി’ 21 സെഞ്ചുറികൾ നേടിയത്. 220 ഇന്നിങ്സുകളിൽനിന്ന് 22 സെഞ്ചുറി നേടിയ ഓസീസ് മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് മാത്രമാണ് ഇനി കോലിക്കു മുന്നിലുള്ളത്. ആ റെക്കോർഡിനും അധികം ആയുസ്സില്ലെന്നു ചുരുക്കം. 98 ഇന്നിങ്സുകളിൽനിന്ന് 13 സെഞ്ചുറി കുറിച്ച ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്സ്, 143 ഇന്നിങ്സുകളിൽനിന്ന് 11 സെഞ്ചുറി നേടിയ സൗരവ് ഗാംഗുലി തുടങ്ങിയവരാണ് കോലിക്കു പിന്നിലുള്ളത്.

∙ വെസ്റ്റിൻഡീസിൽ കൂടുതൽ ഏകദിന സെഞ്ചുറി നേടിയ സന്ദർശക താരം

4 വിരാട് കോലി*

3 മാത്യു ഹെയ്ഡൻ

3 ഹാഷിം അംല

3 ജോ റൂട്ട്

∙ ഒരേ ടീമിനെതിരെ കൂടുതൽ ഏകദിന സെഞ്ചുറികൾ

9 വിരാട് കോലി വെസ്റ്റിൻഡീസിനെതിരെ (35 ഇന്നിങ്സ്) *

9 സച്ചിൻ തെൻഡുൽക്കർ ഓസീസിനെതിരെ (70)

8 വിരാട് കോലി ഓസീസിനെതിരെ (35)

8 വിരാട് കോലി ശ്രീലങ്കയ്ക്കെതിരെ (46)

8 സച്ചിൻ െതൻഡുൽക്കർ ശ്രീലങ്കയ്‌ക്കെതിരെ (80)

(ഈ പട്ടികയിലുള്ള ഇന്ത്യക്കാരനല്ലാത്ത ഒന്നാമത്തെ താരം ആരോൺ ഫിഞ്ചാണ്. ഇംഗ്ലണ്ടിനെതിരെ ഏഴു സെഞ്ചുറിയാണ് ഫിഞ്ചിന്റെ സമ്പാദ്യം).

English Summary: Virat Kohli becomes first batsman to score 20,000 international runs in a decade

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com