ADVERTISEMENT

ഗോൾ∙ ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്ക ലീഡിനായി പൊരുതുന്നു. ന്യൂസീലൻഡിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 249 റൺസിനെതിരെ രണ്ടാം ദിനം കളി നിർത്തുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 227 റൺസ് എന്ന നിലയിലാണ് ശ്രീലങ്ക. മൂന്നു വിക്കറ്റ് ബാക്കിനിൽക്കെ ലീഡിനു വേണ്ടത് 23 റൺസ്. ഒരു ഘട്ടത്തിൽ ഏഴിന് 161 റൺസ് എന്ന നിലയിൽ തകർന്ന ശ്രീലങ്കയ്ക്ക് പിരിയാത്ത എട്ടാം വിക്കറ്റിൽ നിരോഷൻ ഡിക്ക്‌വല്ല – സുരംഗ ലക്മൽ സഖ്യം കൂട്ടിച്ചേർത്ത അർധസെഞ്ചുറി കൂട്ടുകെട്ടാണ് (66) കരുത്തായത്. ഡിക്ക്‌വല്ല 39 റൺസോടെയും ലക്മൽ 28 റൺസോടെയും ക്രീസിൽ.

ശ്രീലങ്കൻ നിരയിൽ കുശാൽ മെൻഡിസ്, ഏഞ്ചലോ മാത്യൂസ് എന്നിവർ അർധസെഞ്ചുറി നേടി. മെൻഡിസ് 89 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 53 റൺസും മാത്യൂസ് 98 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 50 റൺസുമെടുത്തു. ക്യാപ്റ്റൻ കരുണരത്‍നെ 39 റൺസെടുത്ത് പുറത്തായി. ന്യൂസീലൻഡിനായി അജാസ് പട്ടേൽ അഞ്ചും സോമർവില്ലെ, ട്രന്റ് ബോൾട്ട് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ, റോസ് ടെയ്‍ലറിന്റെ അർധസെഞ്ചുറിക്കരുത്തിലാണ് കിവീസ് ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്. 132 പന്തു നേരിട്ട ടെയ്‍ലർ, 86 റൺസെടുത്തു. ഹെൻറി നിക്കോള്‍സ് (42), ജീത് റാവൽ (33), ടോം ലാഥം (30) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ആദ്യദിനം അഞ്ചു വിക്കറ്റുമായി കിവീസിനു മൂക്കുകയറിട്ട അഖില ധനഞ്ജയയുടെ സ്ഥാനത്ത്, രണ്ടാം ദിനം സുരംഗ ലക്മലാണ് കിവീസിനെ പിടിച്ചുകെട്ടിയത്. ഇന്നുവീണ അഞ്ചു വിക്കറ്റുകളിൽ നാലും ലക്മൽ സ്വന്തമാക്കി. ഒരാൾ റണ്ണൗട്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com