sections
MORE

ലോകകപ്പിൽ ഇന്ത്യ ‘നാലിൽത്തട്ടി’ വീഴുമ്പോൾ അയ്യർ പുറത്തുണ്ടായിരുന്നു!

shreyas-iyer
SHARE

രാജ്യാന്തര ഏകദിനത്തിൽ 43–ാം സെഞ്ചുറിയുമായി ഇന്ത്യയെ വിജയതീരമണച്ച് അജയ്യനായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി കളത്തിൽനിന്നു മടങ്ങുമ്പോൾ ആരാധകർക്ക് ഒരേയൊരു സംശയം മാത്രം; ഈ കളിമികവിനെ വിശേഷിപ്പിക്കാൻ വാക്കുകൾ തേടി എവിടെപ്പോകും? രണ്ടാം ഏകദിനത്തിൽ കോലി കുറിച്ച സെഞ്ചുറിയെ വിശേഷിപ്പിക്കാൻ പദാവലിയിലുള്ള വിശേഷപ്പെട്ട വാക്കുകളൊക്കെ ഉപയോഗിച്ച് ഞെളിഞ്ഞിരുന്നവർക്കു മുന്നിലേക്കാണ് അഴകളവുകളിൽ ഒരുപടി കൂടി മുന്നിൽ നിൽക്കുന്ന മറ്റൊരു സെഞ്ചുറിയുമായി ക്യാപ്റ്റൻ തൊട്ടടുത്ത മൽസരത്തിൽ പുനരവതരിച്ചത്. സെഞ്ചുറി പിറന്ന സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോൾ തീർച്ചയായും ഈ സെഞ്ചുറി കൂടുതൽ കയ്യടി അർഹിക്കുന്നുണ്ട്.

പ്രശ്നമതല്ല. കോലിയോളം നീണ്ട ഇന്നിങ്സ് സാധ്യമായില്ലെങ്കിലും ക്രീസിൽനിന്ന താരതമ്യേന ചുരുങ്ങിയ സമയംകൊണ്ട് അത്രതന്നെ കയ്യടി വാങ്ങിയ ശ്രേയസ് അയ്യരുടെ ഇന്നിങ്സിനെ എങ്ങനെ വിശേഷിപ്പിക്കും? 35 ഓവറിൽ 255 റൺസ് വിജയലക്ഷ്യവുമായിറങ്ങുമ്പോൾ ഇന്ത്യ ഏറെ പ്രതീക്ഷവച്ച ഋഷഭ് പന്തിന്റെ ബാറ്റ് നിശബ്ദമായതോടെ ടീം 12.2 ഓവറിൽ മൂന്നിന് 92 റൺസ് എന്ന നിലയിലേക്ക് വീണപ്പോഴാണ് അയ്യർ ക്രീസിലെത്തുന്നത്. മൽസരം ഇരുവശത്തേക്കും തിരിയാമായിരുന്ന ഈ ഘട്ടത്തിൽ മൽസരം ജയിക്കാമെന്ന കോലിയുടെ ആത്മവിശ്വാസം ഊട്ടിയുറപ്പിച്ചത് അയ്യരുടെ ഇന്നിങ്സാണെന്ന് നൂറുവട്ടം. മൽസരശേഷം കോലി തന്നെ ഇക്കാര്യം തുറന്നുപറയുകയും ചെയ്തു. 41 പന്തിൽനിന്ന് മൂന്നു ഫോറും അഞ്ചു സിക്സും സഹിതം 65 റണ്‍സെടുത്ത് അയ്യർ മടങ്ങുമ്പോഴേയ്ക്കും ഇന്ത്യ വിജയത്തിന് അരികിലെത്തിയിരുന്നു.

∙ കോലിയുടെ ‘അയ്യരുകളി’

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വെസ്റ്റിൻഡീസ് പലതവണ മഴ തടസ്സപ്പെടുത്തിയ ഇന്നിങ്സിനൊടുവിൽ 35 ഓവറാക്കി വെട്ടുച്ചുരുക്കിയ മൽസരത്തിൽ നേടിയത് ഏഴു വിക്കറ്റ് നഷ്ടത്തിൽ 240 റൺസ്. 35 ഓവർ കളിയിൽ മികച്ച സ്കോറന്ന് നിഷ്പ്രയാസം പറയാവുന്ന ടോട്ടൽ. മഴനിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യത്തിനൊപ്പം 15 റൺസ് അധികം ചേർത്തു. ഇതോടെ 35 ഓവറിൽ വിജയത്തിലേക്കു വേണ്ടിയിരുന്നത് 255 റൺസ്! അതായത് ഓവറിൽ ശരാശരി 7.29 റൺസ്!

പരമ്പരയിൽ ആദ്യ വിജയമെന്ന സ്വപ്നവുമായി കളത്തിലിറങ്ങിയ വിൻഡീസ് തുടക്കത്തിൽ ഏതാണ്ട് ശരിയായ ട്രാക്കിലായിരുന്നു. എന്നാൽ ഇന്ത്യൻ ക്യാപ്റ്റൻ ക്രീസിലെത്തിയതോടെ അവർക്കു ട്രാക്ക് തെറ്റിത്തുടങ്ങി. ഋഷഭ് പന്ത് ‘സംപൂജ്യ’നായതിനു പിന്നാലെ ശ്രേയസ് അയ്യർ ക്യാപ്റ്റനു കൂട്ടിനെത്തിയതോടെ വിൻഡീസിന്റെ ട്രാക്ക് പൂർണമായും തെറ്റി. ഇരുവരും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ ഇന്ത്യ അനായാസം വിജയത്തിലെത്തി. 32.3 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ വിജയലക്ഷ്യം പിന്നിട്ടത്. കോലി 99 പന്തിൽ 14 ബൗണ്ടറി സഹിതം 114 റൺസോടെ പുറത്താകാതെ നിന്നപ്പോൾ, അയ്യർ 41 പന്തിൽ മൂന്നു ഫോറും അഞ്ചു സിക്സും സഹിതം 65 റൺസെടുത്ത് പുറത്തായി. പിന്നീട് കേദാർ ജാദവിനെ (12 പന്തിൽ 19) കൂട്ടുപിടിച്ച് കോലി ടീമിനെ വിജയത്തിലെത്തിച്ചു.

13–ാം ഓവറിന്റെ അഞ്ചാം പന്തിൽ ക്രീസിൽ ഒരുമിച്ച കോലി–ശ്രേയസ് സഖ്യം വഴിപിരിയുന്നത് 29–ാം ഓവറിന്റെ മൂന്നാം പന്തിലാണ്. ഇതിനിടെ ഇരുവരും ഒരുമിച്ചു ക്രീസിൽനിന്നത് 15.4 ഓവറുകളാണ്. അതായത് 94 പന്തുകൾ. ഇന്ത്യൻ സ്കോർ ബോർഡിൽ ചേർത്തത് 120 റൺസും! തുടർച്ചയായ രണ്ടാം മൽസരത്തിലാണ് കോലി – അയ്യർ സഖ്യം സെഞ്ചുറി കൂട്ടുകെട്ട് തീർത്തതെന്ന പ്രത്യേകതയുമുണ്ട്. രണ്ടാം ഏകദിനത്തിലും നാലാം വിക്കറ്റിൽ 125 റൺസ് കൂട്ടുകെട്ട് തീർത്താണ് ഇരുവരും ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

∙ സ്പിന്നർമാർക്കും കയ്യടിക്കാം !

ഒരു ഘട്ടത്തിൽ 500 കടക്കുമെന്നു തോന്നിച്ചാണ് വിൻഡീസ് സ്കോർ ബോർഡിലേക്ക് റണ്ണൊഴുകിയത്. ഓപ്പണർമാരായ ക്രിസ് ഗെയ്‌ലും എവിൻ ലൂയിസും മൽസരിച്ച് ബൗണ്ടറി മഴ തീർത്തതോടെ വിൻഡീസ് 10 ഓവറിൽത്തന്നെ 114 റൺസിലെത്തി. ട്വന്റി20 ക്രിക്കറ്റിനേപ്പോലും അതിശയിക്കുന്ന പ്രകടനം. ഏകദിനത്തിൽ 2012നുശേഷം ആദ്യ 10 ഓവറിൽ പിറക്കുന്ന ഉയർന്ന മൂന്നാമത്തെ സ്കോറാണ് വിൻഡീസ് നേടിയ 114 റൺസ്.

2012നു ശേഷം ഏകദിനത്തിൽ ആദ്യ 10 ഓവറിൽ കൂടുതൽ റൺസ് നേടിയ ടീമുകൾ:

118 ശ്രീലങ്കയ്ക്കെതിരെ ന്യൂസീലൻഡ്, 2015 - 8.2 ഓവർ
116 ഇംഗ്ലണ്ടിനെതിരെ ന്യൂസീലൻഡ്, 2015
114 ഇന്ത്യയ്‌ക്കെതിരെ വെസ്റ്റിൻഡീസ്, 2019 *
113 ശ്രീലങ്കയ്ക്കെതിരെ ദക്ഷിണാഫ്രിക്ക, 2018

ഒടുവിൽ 11–ാം ഓവറിൽ രണ്ടാം ബോളിങ് മാറ്റമായെത്തിയ യുസ്
വേന്ദ്ര ചെഹലാണ് ഇന്ത്യ കാത്തിരുന്ന വിക്കറ്റ് സമ്മാനിച്ചത്. ഇതോടെ ആത്മവിശ്വാസം വീണ്ടെടുത്ത ഇന്ത്യ സ്പിന്നർമാരുടെ മികവിൽ കളംപിടിച്ചു. പേസർമാരായ ഭുവനേശ്വർ കുമാറും മുഹമ്മദ് ഷമിയും ഖലീൽ അഹമ്മദും തല്ലുവാങ്ങി വശംകെട്ട സ്ഥാനത്ത് ചെഹലിനൊപ്പം രവീന്ദ്ര ജഡേജയും കേദാർ ജാദവും ചേർന്ന് വിൻഡീസ് ബാറ്റ്സ്മാൻമാർക്ക് മൂക്കുകയറിട്ടു.

ചെഹൽ ഏഴ് ഓളറിൽ 32 റൺസ് വഴങ്ങിയും ജഡേജ അഞ്ച് ഓവറിൽ 26 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു. വിക്കറ്റ് ലഭിച്ചില്ലെങ്കിലും നാല് ഓവരിൽ 13 റണ്‍സ് മാത്രം വഴങ്ങിയ കേദാർ ജാദവ് ഇന്ത്യൻ നിരയിൽ ഏറ്റവും കുറച്ച് റൺസ് വിട്ടുകൊടുത്ത താരമായി.

∙ ലോകകപ്പും നാലാം നമ്പറും

ലോകകപ്പ് സ്വപ്നങ്ങൾ സെമിയിൽ അവസാനിക്കുന്നതിന് ഒരുപരിധിവരെ കാരണമായ ‘നാലാം നമ്പർ പ്രശ്നം’ ഇപ്പോഴും തീരാവേദനയായി കൊണ്ടുനടക്കുന്ന ആരാധകർ അയ്യരുടെ ഇന്നിങ്സ് കണ്ടപ്പോൾ തീർച്ചയായും തലയിൽ കൈവച്ചിട്ടുണ്ടാകും. ‘ഇവനല്ലേ നമ്മൾ കാത്തിരുന്ന ആ താര’മെന്ന് ഉറപ്പായും ചോദിച്ചിട്ടുമുണ്ടാകും. സുനിൽ ഗാവസ്കർ കഴിഞ്ഞ ദിവസം പറഞ്ഞതും ഇതുതന്നെ. പോർട്ട് ഓഫ് സ്പെയിനിൽ അക്ഷരാർഥത്തിൽ ക്ലാസ്സ് കൊണ്ടും മാസ്സ് കൊണ്ടും കോലിക്കൊത്ത പങ്കാളിയായി അയ്യർ. ഇതുവരെ ഒൻപത് ഏകദിനങ്ങൾ മാത്രം കളിച്ച 24കാരനായ അയ്യർ, നാലാം അർധസെഞ്ചുറിയാണ് കുറിച്ചത്. ലഭിക്കുന്ന അവസരങ്ങളിലെല്ലാം തികവാർന്ന പ്രകടനങ്ങളുമായി അയ്യർ മാറ്റു തെളിയിക്കുമ്പോൾ, ആരാധകർ ഉറ്റുനോക്കുന്നത് സിലക്ടർമാരിലേക്കും പരിശീലക സംഘത്തിലേക്കുമാണ്.

ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്ത സിലക്ടർമാരേ, ഈ അയ്യരെ നിങ്ങൾ എന്തുകൊണ്ടു നേരത്തേ കണ്ടില്ല എന്ന് ആരാധകർ ചോദിച്ചാൽ എന്തു മറുപടി പറയും? ത്രീ ഡയമെൻഷനൽ താരമായി അവതരിപ്പിച്ച വിജയ് ശങ്കറിനൊപ്പം അനുഭസമ്പത്ത് അയ്യർക്കുമുണ്ടായിരുന്നു എന്നോർക്കണം. നാലു വർഷം ലഭിച്ചിട്ടും നാലാം നമ്പറിലേക്ക് മികച്ചൊരു താരത്തെ കണ്ടെത്താത്തിന് പഴികേട്ട മുഖ്യ പരിശീലകൻ രവി ശാസ്ത്രിയും ബാറ്റിങ് പരിശീലകൻ സഞ്ജയ് ബംഗാറും അയ്യരെ കാണാതെ പോയതെന്ത് എന്ന ചോദ്യവുമുയരുന്നുണ്ട്. ലോകകപ്പിനും ഏതാണ് ഒന്നര വർഷം മുൻപ് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ താരമാണ് അയ്യർ. അതിനു മുൻപും ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമായി അയ്യർ മികവു കാട്ടിയിരുന്നു. ഏതു സ്ഥാനത്തും കളിക്കാനുള്ള സന്നദ്ധതയും താരം ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു.

∙ വീണ്ടും റെക്കോർഡ് ബുക്കിൽ കോലി

∙ ക്യാപ്റ്റനെന്ന നിലയിൽ കൂടുതൽ ഏകദിന സെഞ്ചുറികൾ

22 റിക്കി പോണ്ടിങ് (220 ഇന്നിങ്സ്)
21 വിരാട് കോലി (76) *
13 എ.ബി. ഡിവില്ലിയേഴ്സ് (98)
11 സൗരവ് ഗാംഗുലി (143)

∙ വെസ്റ്റിൻഡീസിൽ കൂടുതൽ ഏകദിന സെഞ്ചുറി നേടിയ സന്ദർശക താരം

4 വിരാട് കോലി*
3 മാത്യു ഹെയ്ഡൻ
3 ഹാഷിം അംല
3 ജോ റൂട്ട്

∙ ഒരേ ടീമിനെതിരെ കൂടുതൽ ഏകദിന സെഞ്ചുറികൾ

9 വിരാട് കോലി വെസ്റ്റിൻഡീസിനെതിരെ (35 ഇന്നിങ്സ്) *
9 സച്ചൻതെൻഡുൽക്കർ ഓസീസിനെതിരെ (70)
8 വിരാട് കോലി ഓസീസിനെതിരെ (35)
8 വിരാട് കോലി ശ്രീലങ്കയ്ക്കെതിരെ (46)
8 സച്ചിൻ െതൻഡുൽക്കർ ശ്രീലങ്കയ്‌ക്കെതിരെ (80)

(ഈ പട്ടികയിലുള്ള ഇന്ത്യക്കാരനല്ലാത്ത ഒന്നാമത്തെ താരം ആരോൺ ഫിഞ്ചാണ്. ഇംഗ്ലണ്ടിനെതിരെ ഏഴു സെഞ്ചുറിയാണ് ഫിഞ്ചിന്റെ സമ്പാദ്യം).

English Summary: India Vs West Indies, Third ODI, Analysis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA