sections
MORE

പച്ചക്കൊടി കാട്ടി ഉപദേശക സമിതി; ഇന്ത്യൻ ക്രിക്കറ്റിൽ ‘ശാസ്ത്രി യുഗം’ തുടരും

ms-dhoni-ravi-shastri-virat-kohli
രവി ശാസ്ത്രി ധോണിക്കും കോലിക്കുമൊപ്പം. (ഫയൽ ചിത്രം)
SHARE

മുംബൈ ∙ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രവി ശാസ്ത്രി(57) തുടരും. 2021 വരെയാണു കാലാവധി. കപിൽദേവിന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ഉപദേശക സമിതി ഐകകണ്ഠ്യേനയാണു തീരുമാനമെടുത്തത്.കപിൽ, മുൻ പരിശീലകൻ അൻഷുമാൻ ഗെയ്ക്‌വാദ്, മുൻ വനിതാ ക്യാപ്റ്റൻ ശാന്ത രംഗസ്വാമി എന്നിവരുൾപ്പെട്ട സമിതി ഇന്നലെ നടത്തിയ അഭിമുഖത്തിനു ശേഷമാണു തീരുമാനം പ്രഖ്യാപിച്ചത്. മുൻ ന്യൂസീലൻഡ് പരിശീലകൻ മൈക് ഹെസൻ, ഓസ്ട്രേലിയൻ മുൻ താരം ടോം മൂഡി, മുൻ ഇന്ത്യൻ താരങ്ങളായ റോബിൻ സിങ്, ലാൽചന്ദ് രജ്‌പുത് എന്നിവരെ ഒഴിവാക്കിയാണു ശാസ്ത്രിയെ തിരഞ്ഞെടുത്തത്. 

റോബിൻ സിങ്, ലാൽചന്ദ്, ഹെസൻ എന്നിവർ അഭിമുഖത്തിനു നേരിട്ടെത്തി. ശാസ്ത്രിയും മൂഡിയും വിഡിയോ അഭിമുഖത്തിലാണു പങ്കെടുത്തത്.  മുൻ വെസ്റ്റിൻഡീസ് താരം ഫിൽ സിമ്മൺസ് പിൻമാറി. റാങ്ക് പട്ടികയിൽ ഹെസൻ രണ്ടാമതും മൂഡി മൂന്നാമതുമെത്തി. 1983ൽ ഇന്ത്യ  ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്നു ശാസ്ത്രി.

പഞ്ചാബിൽനിന്നുള്ള വിക്രം റാത്തോഡ്  ബാറ്റിങ് പരിശീലകനായേക്കും. സഞ്ജയ് ബാംഗറിനു ജോലി പോകും. മുൻ ഇംഗ്ലണ്ട് താരങ്ങളായ ജൊനാഥൻ ട്രോട്ട്, മാർക്ക് രാംപ്രകാശ്, മുൻ ഇന്ത്യൻ താരങ്ങളായ ഋഷികേശ് കനിത്‌കർ, അമോൽ മജുംദാർ, പ്രവീൺ ആമ്രെ എന്നിവരുൾപ്പെടെ 12 പേരാണ് അപേക്ഷകർ. 

ഇന്ത്യൻ പരിശീലകർ ഇതുവരെ

ബിഷൻസിങ് ബേദി 1990

അശോക് മങ്കാദ് 1991

അബ്ബാസ് അലി ബെയ്ഗ് 1991–92

അജിത് വഡേക്കർ 1992–1996

സന്ദീപ് പാട്ടീൽ 1996

മദൻലാൽ 1996–1997

അൻഷുമാൻ ഗെയ്ക്‌വാദ് 1997–2000

കപിൽദേവ് 1999–2000

ജോൺ റൈറ്റ് 2000–2005

ഗ്രെഗ് ചാപ്പൽ 2005–2007

ഗാരി കിർസ്റ്റൻ 2008–2011

ഡങ്കൻ ഫ്ലെച്ചർ 2011–2015

അനിൽ കുംബ്ലെ 2016– 2017

രവി ശാസ്ത്രി 2017–2019

(1999 ഒക്ടോബർ–2000 ജൂലൈ കാലത്ത് പരിശീലകൻ കപിലായിരുന്നു. 2014–16ൽ ശാസ്ത്രി ടീം ഡയറക്ടറായി. 1990നു മുൻപ് പരിശീലകൻ എന്നൊരു പദവി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഉണ്ടായിരുന്നില്ല)

∙ 'ഞങ്ങൾ മൂവരും വെവ്വേറെയാണ് ഓരോ അപേക്ഷകനും മാർക്ക് ഇട്ടത്. ഒടുവി‍ൽ കൂട്ടിനോക്കിയപ്പോൾ ചെറിയ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. ആശയവിനിമയത്തിലെ മികവ്, ടീമിനെ മനസ്സിലാക്കുന്നതിനുള്ള മിടുക്ക് എന്നിവ പരിഗണിച്ചാണു ശാസ്ത്രിക്കു വീണ്ടും അവസരം നൽകിയത്.' - കപിൽദേവ്

English Summary: It's official: Ravi Shastri stays on as India head coach

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA