ADVERTISEMENT

ഗോൾ∙ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിന്റെ ബാറ്റിങ് റെക്കോർഡുകൾ തകർത്ത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി നടത്തുന്ന പ്രയാണം വാർത്തകളിൽ നിത്യസാന്നിധ്യമാകുന്നതിനിടെ, സച്ചിന്റെ മറ്റൊരു നേട്ടത്തിന് ന്യൂസീലൻഡിൽനിന്നൊരു പങ്കാളി! ബാറ്റിങ്ങിൽ ഒട്ടേറെ വിസ്മയ നേട്ടങ്ങൾ സ്വന്തമാക്കിയ സച്ചിന് ഇക്കുറി ‘ഭീഷണി’ ഉയർത്തുന്നത് ഒരു ന്യൂസീലൻഡ് ബോളറാണ്; ടിം സൗത്തി! ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരങ്ങളുടെ പട്ടികയിൽ സച്ചിനൊപ്പം എത്തിയിരിക്കുകയാണ് സൗത്തി.

ശ്രീലങ്കയിലെ ഗോളിൽ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിലാണ് തകർപ്പനൊരു സിക്സുമായി സൗത്തി സച്ചിനൊപ്പമെത്തിയത്. ശ്രീലങ്കൻ താരം ധനഞ്ജയ ഡിസിൽവയുടെ പന്ത് നിലംതൊടീക്കാതെ ഗാലറിയിലെത്തിച്ച സൗത്തി, ടെസ്റ്റ് കരിയറിലെ 69–ാം സിക്സാണ് സ്വന്തം പേരിലാക്കിയത്. 200 ടെസ്റ്റും 329 ഇന്നിങ്സും നീണ്ട ടെസ്റ്റ് കരിയറിൽ സച്ചിൻ സ്വന്തമാക്കിയ ഈ നേട്ടത്തിലേക്ക് സൗത്തിക്കു വേണ്ടിവന്നത് വെറും 66 ടെസ്റ്റുകളും 97 ഇന്നിങ്സും!

ഒന്നാം ഇന്നിങ്സിൽ 19 പന്തിൽ ഒരു സിക്സ് സഹിതം 14 റണ്‍സെടുത്ത സൗത്തിക്ക് രണ്ടാം ഇന്നിങ്സിൽ സച്ചിനെ മറികടക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാൽ, രണ്ടാം ഇന്നിങ്സിൽ 62 പന്തിൽ ഒരു ബൗണ്ടറി സഹിതം 23 റൺസെടുത്ത് സൗത്തി പുറത്തായി.

സ്ഫോടനാത്മക ബാറ്റിങ്ങിലൂടെ ക്രിക്കറ്റ് ലോകത്തെ ഇളക്കിമറിച്ച ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്സ്, ശ്രീലങ്കൻ താരം സനത് ജയസൂര്യ, ഇംഗ്ലണ്ട് താരം ഇയാൻ ബോതം തുടങ്ങിയവരെല്ലാം ടെസ്റ്റിലെ സിക്സുകളുടെ എണ്ണത്തിൽ സൗത്തിക്കു പിന്നിലാണ്. ടെസ്റ്റിൽ കൂടുതൽ സിക്സ് നേടിയ താരങ്ങളുടെ പട്ടികയിൽ നിലവിൽ 17–ാം സ്ഥാനത്താണ് സൗത്തി. പട്ടികയിൽ 13–ാം സ്ഥാനത്തുള്ള മുൻ ഇന്ത്യൻ താരം മഹേന്ദ്രസിങ് ധോണിയുടെ പേരിലുള്ളത് 78 സിക്സുകളാണ്. 10 സിക്സുകൾ കൂടി നേടിയാൽ ധോണിയെയും മറികടക്കാൻ സൗത്തിക്ക് അവസരമുണ്ടെന്നു ചുരുക്കം.

ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ സിക്സ് നേടിയ 10 താരങ്ങൾ

107 – ബ്രണ്ടൻ മക്കല്ലം (101 ടെസ്റ്റ്, 176 ഇന്നിങ്സ്)

100 – ആദം ഗിൽക്രിസ്റ്റ് (96 ടെസ്റ്റ്, 137 ഇന്നിങ്സ്)

98 – ക്രിസ് ഗെയ്‌ൽ (103 ടെസ്റ്റ്, 182 ഇന്നിങ്സ്)

97 – ജാക്ക് കാലിസ് (166 ടെസ്റ്റ്, 280 ഇന്നിങ്സ്)

91 – വീരേന്ദർ സേവാഗ് (104 ടെസ്റ്റ്, 180 ഇന്നിങ്സ്)

88 – ബ്രയാൻ ലാറ (131 ടെസ്റ്റ്, 232 ഇന്നിങ്സ്)

87 – ക്രിസ് കെയ്ൻസ് (62 ടെസ്റ്റ്, 104 ഇന്നിങ്സ്)

84 – വിവിയൻ റിച്ചാഡ്സ് (121 ടെസ്റ്റ്, 182 ഇന്നിങ്സ്)

82 – ആൻഡ്രൂ ഫ്ലിന്റോഫ് (79 ടെസ്റ്റ്, 130 ഇന്നിങ്സ്)

82 – മാത്യു ഹെയ്ഡൻ (103 ടെസ്റ്റ്, 184 ഇന്നിങ്സ്)

∙ സിക്സുകളുടെ എണ്ണത്തിൽ സച്ചിനൊപ്പമെത്തിയെങ്കിലും ടെസ്റ്റിൽ ആകെ നേടിയ റൺസ്, ഫോർ, സെഞ്ചുറി എന്നിവയുൾപ്പെടെ ബാറ്റിങ്ങിലെ മറ്റൊരു നേട്ടത്തിന്റെ സ്ഥാനത്തും സൗത്തി സച്ചിന്റെ ഏഴയലത്തെത്തില്ല. 66 ടെസ്റ്റുകളിൽനിന്ന് 18.03 റൺ ശരാശരിയിൽ 1587 റണ്‍സാണ് സൗത്തിയുടെ സമ്പാദ്യം. അഞ്ച് അർധസെഞ്ചുറികളും ഉൾപ്പെടുന്ന കരിയറിൽ പുറത്താകാതെ നേടിയ 77 റൺസാണ് ഉയർന്ന സ്കോർ. 200 ടെസ്റ്റുകൾ നീളുന്ന കരിയറിൽ സച്ചിൻ ആകെ നേടിയത് 15,921 റൺസാണ്. ശരാശരി 53.78. ഉയർന്ന സ്കോർ പുറത്താകാതെ 248. സെഞ്ചുറികൾ 51, അർധസെഞ്ചുറി 68

English Summary: Tim Southee Equals Sachin Tendulkar's Tally Of Sixes In Test Cricket.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com