ADVERTISEMENT

‘ഒരു കാര്യം ഉറപ്പാണ്. പാക്കിസ്ഥാനിലെ ചില മുൻ താരങ്ങളുടെ പിന്നിൽനിന്നുള്ള കുത്ത് ഉറപ്പായും ഞാൻ മിസ്സ് ചെയ്യില്ല. അവിടുത്തെ ടെലിവിഷൻ ചാനലുകളിലും മാധ്യമപ്രവർത്തകർക്കിടയിലും ഒരുപരിധി വരെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനുള്ളിലും രൂക്ഷമായ രാഷ്ട്രീയക്കളികളും മിസ്സ് ചെയ്യില്ല. അതുറപ്പാണ്’ – പാക്കിസ്ഥാൻ ക്രിക്കറ്റിനൊപ്പം അഞ്ചു വർഷം സഞ്ചരിച്ചതിന്റെ അനുഭവക്കരുത്തിൽ സഹപരിശീലകനായിരുന്ന മുൻ സിംബാബ്‍വെ താരം ഗ്രാന്റ് ഫ്ലവറിന്റെ തുറന്നുപറച്ചിലാണിത്.

മുഖ്യ പരിശീലകൻ മിക്കി ആർതർ, സഹ പരിശീലകൻ ഗ്രാന്റ് ഫ്ലവർ എന്നിവരുൾപ്പെട്ട പരിശീലക സംഘവുമായുള്ള കരാർ കാലാവധി അവസാനിച്ചതിനാൽ ഇനി നീട്ടി നൽകേണ്ടതില്ലെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാനിലെ ക്രിക്കറ്റ് അനുഭവങ്ങൾ ഒരു അഭിമുഖത്തിൽ ഗ്രാന്റ് ഫ്ലവർ തുറന്നു പറഞ്ഞത്. പാക്കിസ്ഥാനിൽനിന്ന് മടങ്ങുമ്പോൾ ‘മിസ്സ് ചെയ്യില്ലെന്ന്’ ഉറപ്പുള്ള ഘടകങ്ങൾ എന്തൊക്കെയാണെന്ന ചോദ്യത്തോടു പ്രതികരിക്കുമ്പോഴാണ് ഗ്രാന്റ് ഫ്ലവർ ചില മുൻ താരങ്ങളുമായുള്ള പൊരുത്തക്കേടിനെക്കുറിച്ച് സൂചിപ്പിച്ചത്. എന്നാൽ, അതാരൊക്കെയാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.

അതേസമയം, ക്രിക്കറ്റിനോടുള്ള പാക്കിസ്ഥാൻ താരങ്ങളുടെ സ്വാഭാവികമായ ആവേശവും സ്നേഹവും ‘മിസ്സ് ചെയ്യുമെന്നും’ ഫ്ലവർ അഭിപ്രായപ്പെട്ടു. ‘പാക്കിസ്ഥാനായി കളിക്കുമ്പോൾ എന്തൊക്കെയോ നേടുന്നതു പോലെയാണ് അവർക്ക്. കളിക്കാൻ സാധിച്ചില്ലെങ്കിൽ എന്തോ ഒരു നഷ്ടബോധവും അവർക്കുണ്ടാകും. താരങ്ങൾക്കു മാത്രമല്ല, അവരുടെ കുടുംബങ്ങൾക്കും അങ്ങനെ തന്നെ’ – ഫ്ലവർ പറഞ്ഞു.

2017ൽ ചാംപ്യൻസ് ട്രോഫി നേടിയതാണ് പാക്കിസ്ഥാൻ ടീമിനൊപ്പമുള്ള ഏറ്റവും മികച്ച നേട്ടമെന്നും ഫ്ലവർ പറഞ്ഞു. അതേസമയം, നിരാശ സമ്മാനിച്ച മുഹൂർത്തങ്ങൾ നിരവധിയുണ്ട്. ഇക്കഴിഞ്ഞ ലോകകപ്പിൽ ആദ്യ മൽസരത്തിൽ വെസ്റ്റിൻഡീസിനോടു തോറ്റതാണ് അതിൽ പ്രധാനം. ആ തോൽവിയാണ് ഫലത്തിൽ ഞങ്ങളുടെ പുറത്താകാലിന് മുഖ്യകാരണമായത്’ – ഫ്ലവർ പറഞ്ഞു. അഞ്ചു വർഷം നീണ്ട പാക്കിസ്ഥാനിലെ ജീവിതത്തിൽ അഭിമുഖീകരിച്ച പ്രധാന വെല്ലുവിളി സുരക്ഷാ പ്രശ്നങ്ങളും സ്വാതന്ത്ര്യക്കുറവുമാണെന്ന് ഫ്ലവർ വെളിപ്പെടുത്തി. അതേസമയം, പാക്കിസ്ഥാനിലെ ജനങ്ങളുടെ സൗഹൃദ മനോഭാവം മികച്ചതാണെന്നും ഫ്ലവർ പറഞ്ഞു.

അഞ്ചു വർഷത്തിനിടെ താൻ പരിശീലിപ്പിച്ച പാക്കിസ്ഥാൻ താരങ്ങളിൽ ഏറ്റവും മികച്ചയാൾ ബാബർ അസമാണെന്നും ഫ്ലവർ വ്യക്തമാക്കി. അഞ്ചു വർഷത്തിനിടെ പാക്ക് ക്രിക്കറ്റിൽ ഏറ്റവും പുരോഗതി രേഖപ്പെടുത്തിയ താരങ്ങൾ ബാബർ അസം, ഓപ്പണർ ഇമാം ഉൾ ഹഖ് എന്നിവരാണ്. ഏറെ പ്രതീക്ഷ വച്ചിട്ടും അതിനൊപ്പമെത്താതെ പോയത് ഫഖർ സമാനാണ്. വ്യക്തിപരമായി ഫഖർ മികച്ചയാളാണ്. എന്നാൽ, മറ്റു താരങ്ങളെ അപേക്ഷിച്ച് സാങ്കേതികമായി വ്യത്യസ്തനാണ് അദ്ദേഹം. പരിശീലന വേളയിൽ ഫഖറിനൊപ്പം ഏറെ സമയം ചെലവഴിച്ചിട്ടുണ്ടെങ്കിലും അതിനൊത്ത ഫലം കിട്ടിയിട്ടില്ലെന്ന് ഫ്ലവർ പറഞ്ഞു.

പ്രതിഭയുണ്ടായിട്ടും അധികം അറിയപ്പെടാതെ പോയ താരമാരെന്ന ചോദ്യത്തിന് ‘ഹാരിസ് സുഹൈൽ’ എന്നായിരുന്നു ഫ്ലവറിന്റെ മറുപടി. ബാബർ അസമും ഇമാം ഉൾ ഹഖും ഏറെക്കാലം പാക്ക് ബാറ്റിങ് നിരയുടെ ആദ്യ മൂന്നിൽ കാണുമെന്ന് വിശ്വാസം പ്രകടിപ്പിച്ച ഫ്ലവർ, ഫഖർ സമാന്റെ കാര്യത്തിൽ അത്ര ഉറപ്പില്ലെന്നും അഭിപ്രായപ്പെട്ടു. വഖാർ യൂനിസ്, മിക്കി ആർതർ എന്നിവർക്കൊപ്പം പ്രവർത്തിച്ചതിൽ ആരാണ് മികച്ച പരിശീലകനെന്ന ചോദ്യത്തിന്, മിക്കി ആർതറിന്റെ പേരാണ് ഫ്ലവർ പറഞ്ഞത്.

English Summary: Won't miss backstabbing ex-players: Grant Flower on terminated Pakistan support staff role

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com