ADVERTISEMENT

ലോഡ്സ്∙ ക്രിക്കറ്റ് കളത്തിൽ ബാറ്റ്സ്മാൻമാർ പന്ത് ലീവ് ചെയ്യുന്ന കാഴ്ച സാധാരണമാണ്. ടെസ്റ്റ് മൽസരങ്ങളിൽ വിശേഷിച്ചും. പന്ത് ലീവ് ചെയ്യുന്നത് ഒരു ‘കല’ തന്നെയാണെന്ന് കരുതുന്നവരുമുണ്ട്. പന്തിന്റെ ഗതി നിർണയിച്ച് അതു കളിക്കാതെ വിടണമെങ്കിൽ അപാരമായ സാങ്കേതികത്തികവും വേണം. ബോളറുടെ ശൈലിയും പിച്ചിന്റെ പ്രത്യേകതയും ശരിക്കു മനസ്സിലാക്കിയാൽ മാത്രമേ ഇക്കാര്യത്തിൽ വിജയിക്കാനാകൂ. പന്ത് ലീവ് ചെയ്യുന്ന കാര്യത്തിൽ അതിശയകരമായ മികവു കാട്ടിയ താരങ്ങളുണ്ട്. ഇന്ത്യൻ താരങ്ങളിൽ സുനിൽ ഗാവസ്കർ, ഗുണ്ടപ്പ വിശ്വനാഥ്, സച്ചിൻ തെൻഡുൽക്കർ, രാഹുൽ ദ്രാവിഡ് തുടങ്ങിയവർ ഉദാഹരണം. ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ ചേതേശ്വർ പൂജാരയും ഇക്കാര്യത്തിൽ മികവു കാട്ടുന്നുണ്ട്.

എന്നാൽ, പന്തുകൾ കളിക്കാതെ വിടുന്ന പതിവിനെ തികച്ചും വേറിട്ടൊരു തലത്തിലേക്ക് ഉയർത്തുകയാണ് ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. പന്തു ചുരണ്ടൽ വിവാദത്തിനു പിന്നാലെ ലഭിച്ച ഒരു വർഷം നീണ്ട വിലക്കിനുശേഷം അടുത്തിടെയാണ് സ്മിത്ത് രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ രണ്ട് ഇന്നിങ്സുകളിലും സെഞ്ചുറി നേടി സ്മിത്ത് തിരിച്ചുവരവിന് രാജകീയശോഭ പകരുകയും ചെയ്തു. ക്രീസ് പരമാവധി ഉപയോഗിച്ചും കാൽപ്പാദ ചലനങ്ങൾ സവിശേഷമായ രീതിയിൽ ക്രമപ്പെടുത്തിയും ക്രിക്കറ്റ് കളങ്ങളിൽ സ്മിത്ത് നടത്തുന്ന പോരാട്ടം, സുന്ദരമായൊരു ക്രിക്കറ്റ് കാഴ്ചയാണ്.

മഴമൂലം തുടർച്ചയായി തടസ്സം നേരിടുന്ന ലോഡ്സിലെ രണ്ടാം ടെസ്റ്റിലാണ് സ്റ്റീവ് സ്മിത്തിന്റെ ‘ബോൾ ലീവിങ്’ ആരാധകരുടെ ശ്രദ്ധയാകർഷിച്ചത്. ബോളർമാർക്ക് പതിവിലുമധികം പിന്തുണ നൽകുന്ന ലോഡ്സിലെ പിച്ചിൽ, ക്രീസിന്റെ നാലതിരുകളും പരമാവധി ഉപയോഗപ്പെടുത്തിയാണ് ഇംഗ്ലിഷ് ബോളർമാർക്കെതിരെ സ്മിത്തിന്റെ പോരാട്ടം. പന്ത് കളിക്കാതെ വിടുമ്പോൾ രാഹുൽ ദ്രാവിഡ് ഉൾപ്പെടെയുള്ള താരങ്ങൾ അനുവർത്തിച്ചുവന്ന പരമ്പരാഗത ശൈലിയിൽനിന്നു വിഭിന്നമായി, ക്രീസിൽ ‘ഓടിനടന്ന്’ പന്ത് ലീവ് ചെയ്യുകയാണ് സ്മിത്ത്.

പന്തു കളിക്കാനോങ്ങി അവസാന നിമിഷം ‘ലീവ് ചെയ്യുന്ന’ സ്മിത്തിന്റെ രീതി പലതവണ ജോഫ്ര ആർച്ചർ, സ്റ്റുവാർട്ട് ബ്രോഡ്, ക്രിസ് വോക്സ് തുടങ്ങിയ ഇംഗ്ലിഷ് ബോളർമാരുടെ ക്ഷമ പരീക്ഷിച്ചു. നീണ്ട റണ്ണപ്പിനുശേഷം സർവശക്തിയുമെടുത്ത് എറിയുന്ന പന്തുകൾ സ്മിത്ത് ലീവ് ചെയ്യുന്ന കാഴ്ച കണ്ടാൽ, ബോളർമാരെ കളിയാക്കുകയാണന്നു പോലും തോന്നിപ്പോകും. ചിലപ്പോൾ ഓഫ് സൈഡിലേക്ക് ഏറെ കയറി, അല്ലാത്തപ്പോൾ ഉയർന്നുചാടി, ഇടയ്ക്ക് ബാറ്റുയർത്തി.. സ്മിത്ത് പന്ത് ലീവ് ചെയ്യുന്ന കാഴ്ച ആരാധകരെ രസിപ്പിച്ചുകൊണ്ടേയിരിക്കുന്നു. കളിക്കാതെ വിടുന്ന പന്തുകൾ വിക്കറ്റ് കീപ്പറിന്റെ കൈകളിലെത്തുമ്പോഴേയ്ക്കും സ്മിത്ത് വിക്കറ്റ് കീപ്പറിന് അഭിമുഖമായി നിൽക്കുന്നതും പതിവു കാഴ്ചയാണ്. എന്തായാലും സ്മിത്തിന്റെ ‘ബോൾ ലീവിങ്ങി’ന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഹിറ്റായിക്കഴിഞ്ഞു. വിഡിയോ കാണാം:

English Summary: Steve Smith entertains crowd and frustrates England with ridiculously animated "leaves"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com