ADVERTISEMENT

പോർട്ട് ഓഫ് സ്പെയിൻ ∙ ഈ പോക്ക് പോയാ‍ൽ വിരാട് കോലി എവിടെച്ചെന്നു നിൽക്കും? റെക്കോർഡുകൾ ഒന്നാകെ വാരിപ്പെറുക്കിയാണു റൺവഴിയിൽ ഇന്ത്യൻ ക്യാപ്റ്റന്റെ യാത്ര. വെസ്റ്റിൻഡീസിനെതിരായ അവസാന ഏകദിനത്തിൽ കോലി സെഞ്ചുറിയോടെ (99 പന്തിൽ പുറത്താകാതെ 114) തിളങ്ങിയപ്പോൾ ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ജയം. മഴനിയമപ്രകാരമാണ് ഇന്ത്യൻ വിജയം. 3 മത്സരങ്ങളുടെ പരമ്പര 2–0ന് ഇന്ത്യ സ്വന്തമാക്കി. സ്കോർ: വെസ്റ്റിൻഡീസ് – 7ന് 240, ഇന്ത്യ – 4ന് 256. ശ്രേയസ് അയ്യർ (41 പന്തിൽ 65) തുടർച്ചയായ 2–ാം കളിയിലും അർധസെഞ്ചുറി നേടി.

റെക്കോർഡുകൾ

രാജ്യാന്തര ക്രിക്കറ്റിൽ 3 ഫോർമാറ്റിലുമായി (ട്വന്റി20, ഏകദിനം, ടെസ്റ്റ്) 10 വർഷംകൊണ്ട് 20,000 റൺസ് നേടുന്ന ആദ്യ താരമെന്ന റെക്കോർഡാണ് വിൻഡീസിനെതിരായ 3–ാം ഏകദിനത്തിൽ കോലി സ്വന്തമാക്കിയത്. ഏകദിനത്തിലെ 43–ാം സെഞ്ചുറിയായിരുന്നു കോലിയുടേത്. ഒരു പതിറ്റാണ്ടിനുള്ളിൽ രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന ഓസീസ് മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിന്റെ റെക്കോർഡ് നേരത്തേതന്നെ മറികടന്ന കോലി, സച്ചിൻ ഉൾപ്പെടെയുള്ളവർക്ക് അന്യമായിരുന്ന റെക്കോർഡാണ് സ്വന്തമാക്കിയത്. ഈ പട്ടികയിൽ രണ്ടാമതുള്ള പോണ്ടിങ്ങിന്റെ സമ്പാദ്യം 18,962 റൺസാണ്.  

വിൻഡീസിനെതിരായ മൽസരത്തിൽ നേടിയ സെഞ്ചുറി, ക്യാപ്റ്റനെന്ന നിലയിൽ കോലിയുടെ 21–ാം സെഞ്ചുറിയാണ്. വെസ്റ്റിൻഡീസിൽ കൂടുതൽ ഏകദിന സെഞ്ചുറി നേടിയ സന്ദർശക താരമെന്ന റെക്കോർഡ് കോലി (4 സെഞ്ചുറി) പേരിലാക്കി.

∙ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരമെന്ന സച്ചിന്റെ റെക്കോർഡിന് ഒപ്പമെത്തി കോലി. വിൻഡീസിനെതിരെ കോലിക്ക് 9 സെഞ്ചുറി. ഓസീസിനെതിരെ 9 സെ‍ഞ്ചുറിയടിച്ചിട്ടുണ്ട് സച്ചിൻ. ഓസീസിനും ലങ്കയ്ക്കുമെതിരെ കോലിക്ക് 8 വീതം സെ‍ഞ്ചുറിയുണ്ട്.

ത്രിദിനം ഇന്നു മുതൽ

ആന്റിഗ്വ ∙ വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുക്കമായി ഇന്ത്യ ഇന്ന് ത്രിദിന മത്സരത്തിനിറങ്ങും. വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് ഇലവനാണ് എതിർനിരയിൽ. ടെസ്റ്റ് ടീമിലുള്ള ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ, ജസ്പ്രീത് ബുമ്ര എന്നിവർ ഇന്നിറങ്ങിയേക്കും. വലത്തേ പെരുവിരലിനു പരുക്കേറ്റ ക്യാപ്റ്റൻ കോലി ഇറങ്ങാൻ സാധ്യതയില്ല. ആദ്യ ടെസ്റ്റ് 22നു തുടങ്ങും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com