ADVERTISEMENT

ലണ്ടൻ∙ ഇംഗ്ലണ്ട് ഫാസ്റ്റ് ബോളർ ജോഫ്ര ആർച്ചറിനെതിരെ വിമർശനവുമായി പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ശുഐബ് അക്തർ. ആഷസ് ടെസ്റ്റിൽ ജോഫ്ര ആർച്ചറിന്റെ പന്തിടിച്ച് ഓസീസ് ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത് വീണിട്ടും ആർച്ചർ ‘തിരിഞ്ഞുനോക്കാതിരുന്നതാണ്’ അക്തറിനെ ചൊടിപ്പിച്ചത്. ആർച്ചറിന്റെ നടപടി ശരിയല്ലെന്നും താനാണ് ആ സ്ഥാനത്തെങ്കിൽ അങ്ങനെ ചെയ്യില്ലെന്നും അക്തർ ട്വിറ്ററിൽ‌ പ്രതികരിച്ചു.

ലോർഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന രണ്ടാം ആഷസ് ടെസ്റ്റിന്റെ നാലാം ദിവസമാണ് ആർച്ചർ എറിഞ്ഞ പന്ത് സ്റ്റീവ് സ്മിത്തിന്റെ കഴുത്തിലിടിച്ചത്. പന്തിടിച്ച ആഘാതത്തിൽ താരം ഗ്രൗണ്ടിൽ വീണുപോകുകയായിരുന്നു. ഗ്രൗണ്ടിൽവച്ചു താരത്തിനു പ്രാഥമിക ചികിൽസ നൽകിയെങ്കിലും കളി തുടരാനാകാതെ  സ്മിത്ത് ബാറ്റിങ് നിർത്തുകയായിരുന്നു. പന്ത് കൊണ്ട് സ്മിത്ത് വീണപ്പോൾ ആർച്ചർ പരിശോധിക്കാതിരുന്നതും കുറച്ചു കഴിഞ്ഞു ചിരിച്ചതുമാണ് അക്തറിനെ പ്രകോപിപ്പിച്ചത്.

ബൗൺസറുകൾ ക്രിക്കറ്റിന്റെ ഭാഗമാണ്. പന്ത് ബാറ്റ്സ്മാനെ ഇടിച്ച് അയാൾ താഴെ വീണാൽ അയാളുടെ അടുത്തുപോയി പരിശോധിക്കേണ്ടത് ബോളറുടെ മര്യാദയാണ്. സ്മിത്ത് വേദനയിൽ കിടക്കുമ്പോൾ ആർച്ചർ ദൂരേക്കു നടന്നുപോയതു നല്ലതല്ല. അവിടെ ഞാനായിരുന്നെങ്കിൽ ബാറ്റ്സ്മാന്റെ അടുത്ത് ആദ്യമെത്തുക ഞാനാകുമായിരുന്നു– അക്തർ ട്വിറ്ററിൽ കുറിച്ചു. 

പരുക്കേറ്റു പുറത്തുപോയ സ്മിത്ത് 46 മിനിറ്റുകൾക്കു ശേഷം ഗ്രൗണ്ടിൽ മടങ്ങിയെത്തി ബാറ്റിങ് ആരംഭിക്കുകയാണു ചെയ്തത്. രണ്ടാം ആഷസ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 161 പന്തിൽ 92 റൺസെടുത്ത സ്മിത്ത് ക്രിസ് വോക്സിന്റെ പന്തിൽ‌ എൽബിഡബ്ല്യു ആയാണു പുറത്തായത്. മൽസരം സമനിലയില്‍ കലാശിച്ചു. പന്തു ചുരണ്ടല്‍ വിവാദത്തെ തുടർന്ന് ഒരു വർഷത്തെ വിലക്കിനുശേഷമാണ് സമിത്ത് ഓസ്ട്രേലിയൻ ക്രിക്കറ്റിലേക്കു തിരിച്ചെത്തിയത്. 

ലെബുഷെയ്ൻ രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ കൺ‌കഷൻ സബ്സ്റ്റിറ്റ്യൂട്ട് 

ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ സബ്സ്റ്റിറ്റ്യൂട്ട് ബാറ്റ്സ്മാൻ എന്ന നേട്ടം ഇനി ഓസീസ് താരം മാർന്നസ് ലെബുഷെയ്നു സ്വന്തം. ആദ്യ ഇന്നിങ്സിലെ ബാറ്റിങ്ങിനിടെ, ജോഫ്ര ആർച്ചറുടെ ബൗൺസർ കഴുത്തിലിടിച്ചു പരുക്കേറ്റ സ്റ്റീവ് സ്മിത്തിനു പകരക്കാരനായാണ് ലെബുഷെയ്ൻ രണ്ടാം ഇന്നിങ്സിൽ ഓസീസിനായി ബാറ്റിങ്ങിന് ഇറങ്ങിയത്. ബാറ്റിങ്ങിനിടെ പരുക്കേൽക്കുന്ന താരത്തിനു പകരക്കാരനായി ടീമിലെ പന്ത്രണ്ടാമനെ ബാറ്റിങ്ങിന് ഇറക്കുന്ന ‘കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് ’ ആയാണു ലെബുഷെയ്ൻ കളിച്ചത്. ലെബുഷെയ്‌നെയും ഉജ്വല ബൗൺസറോടെയാണ് ആർച്ചർ വരവേറ്റത്. പന്തു ഹെൽമെറ്റിലിടിച്ചു നിലത്തുവീണ ലെബുഷെയ്ൻ, പക്ഷേ ബാറ്റിങ് തുടർന്നു. വിലപ്പെട്ട അർധ സെഞ്ചുറിയും (59) നേടി.

English Summary: Archer's reaction after hitting Steve Smith with a bouncer was criticised by Shoaib Akhtar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com