ADVERTISEMENT

ഇംഗ്ലണ്ട്– ഓസ്ട്രേലിയ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് സമനിലയിൽ. സ്കോർ: ഇംഗ്ലണ്ട് 258, 5 വിക്കറ്റിന് 258 ഡിക്ല. ഓസീസ് 250, 6 വിക്കറ്റിന് 154. സെഞ്ചുറിയോടെ തിളങ്ങിയ ബെൻ സ്റ്റോക്സാണ് (115*) ആതിഥേയരുടെ രക്ഷകനായത്. 5 മത്സര പരമ്പരയിൽ ഓസീസ് 1–0നു മുന്നിലാണ്. മൂന്നാം ടെസ്റ്റ് ലീഡ്സിൽ വ്യാഴാഴ്ച തുടങ്ങും. 

ലോഡ്സ് ∙ ഏകദിന ലോകകപ്പ് ജേതാക്കളായതിന്റെ വീര്യം ഇംഗ്ലണ്ടിന്റെ കയ്യിൽ സ്റ്റോക്കുണ്ട്! ലോകകപ്പ് ഫൈനലിൽ വിജയശിൽപിയായ ബെൻ സ്റ്റോക്സിന്റെ(115*) മികവിൽ ഉജ്വലമായി തിരിച്ചടിച്ച ഇംഗ്ലണ്ടിന്, പക്ഷേ രണ്ടാം ടെസ്റ്റിൽ സമനില മാത്രം.

ഇന്നലെ, 4 വിക്കറ്റിനു 96 റൺസ് എന്ന നിലയിൽ ഇംഗ്ലണ്ട് ബാറ്റിങ് പുനരാരംഭിക്കുമ്പോൾ ഓസീസിനായിരുന്നു മേൽക്കൈ. എന്നാൽ മധ്യനിരയിൽ കരുതലോടെ കളിച്ച സ്റ്റോക്സ്, ജോസ് ബട്‌ലർ (31) എന്നിവരുടെ മികവിൽ ഇംഗ്ലണ്ട് പിടിച്ചുകയറി.

ബട്‌ലർക്കു പിന്നാലെയെത്തിയ ജോണി ബെയർസ്റ്റോയും (30 നോട്ടൗട്ട്) സ്റ്റോക്സിനു പിന്തുണയേകി. ഇതിനിടെ സ്റ്റോക്സ് ടെസ്റ്റിലെ ഏഴാം സെഞ്ചുറിയും തികച്ചു. രണ്ടാം സെഷനിൽ തകർത്തടിച്ച ഇംഗ്ലണ്ട് 48 ഓവറിൽ 267 റൺസ് എന്ന വിജയലക്ഷ്യമാണു സന്ദർശകർക്കു വച്ചുനീട്ടിയത്.

ഡേവിഡ് വാർണർ (5), ഉസ്മാൻ ഖവാജ (2) എന്നിവരെ മടക്കിയ ജോഫ്ര ആർച്ചർ ഇംഗ്ലണ്ടിന് അവിസ്മരണീയ വിജയം ഒരുക്കുമെന്നു തോന്നിച്ചെങ്കിലും പിന്നീടു മാർന്നസ് ലെബുഷെയ്ൻ (59), ട്രാവിസ് ഹെഡ് (42 നോട്ടൗട്ട്) എന്നിവരുടെ ചെറുത്തുനിൽപ്പ് ഓസീസിനെ തുണച്ചു.

എന്നാൽ ലെബുഷെയ്ൻ, മാത്യു വെയ്ഡ് (1) എന്നിവരെ ജാക്ക് ലീഷ് മടക്കിയതോടെ ഓസീസ് വീണ്ടും സമ്മർദത്തിലായി. ജോ ഡെൻലിയുടെ ഇടംകൈയൻ ക്യാച്ചിൽ ക്യാപ്റ്റൻ ടിം പെയ്ൻ (4) കൂടി പുറത്തായതോടെ വിറച്ച ഓസീസ് പിന്നീടുള്ള ഓവറുകൾ ഒരു തരത്തിൽ അതിജീവിച്ച് സമനിലയുമായി രക്ഷപ്പെടുകയായിരുന്നു. ജോഫ്ര ആർച്ചർ, ജാക്ക് ലീഷ് എന്നിവർ ഇംഗ്ലണ്ടിനായി 3 വിക്കറ്റ് വീതം വീഴ്ത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com