ADVERTISEMENT

ന്യൂഡൽഹി∙ കുറച്ചേറെ നാളുകളായി ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ പ്രശ്നമായിരുന്നു ബാറ്റിങ്ങിൽ നാലാം നമ്പരിൽ ആരിറങ്ങുമെന്ന കാര്യം. താരങ്ങളെ പലകുറി മാറ്റി പരീക്ഷിച്ചെങ്കിലും പ്രതിഭാ ധാരാളിത്തമുള്ള ടീം ഇന്ത്യയ്ക്ക് നാലാം നമ്പരിൽ ഒരാളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ ആ പ്രശ്നത്തിനു പരിഹാരമായെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. വീണ്ടും ഇന്ത്യൻ പരിശീലകനായി നിയമനം ലഭിച്ച രവി ശാസ്ത്രിയാണ് നാലാം നമ്പരിൽ ഇറങ്ങാൻ ഏറ്റവും യോഗ്യനായ താരത്തെ കണ്ടെത്തിയത്.

കപിൽദേവ് നേതൃത്വം നൽകുന്ന ഉപദേശക സമിതി പുതിയ പരിശീലകനെ തേടിയപ്പോൾ ഒരു കാര്യം മാത്രമാണ് രവി ശാസ്ത്രിക്കുള്ള പോരായ്മയായി വിലയിരുത്തിയത്. നാലാം നമ്പരിൽ മിടുക്കനായ ഒരു താരത്തെ കണ്ടെത്താൻ ശാസ്ത്രിക്കു സാധിച്ചില്ലെന്നതായിരുന്നു അത്. എന്നാൽ വീണ്ടും പരിശീലകനായി നിയമനം ലഭിച്ചതോടെ ശാസ്ത്രി തന്നെ ഈ പ്രശ്നത്തിനു പരിഹാരം കണ്ടു. യുവതാരം ശ്രേയസ് അയ്യരെയാണ് ഇന്ത്യയുടെ നാലാം നമ്പരിൽ ശാസ്ത്രി നിർദേശിക്കുന്നത്.

ഇന്ത്യന്‍ ഏകദിന ടീമിൽ നാലാം നമ്പരിൽ ശ്രേയസ് അയ്യർ ബാറ്റു ചെയ്യുന്നതു തുടരും. കഴിയുന്നത്രയും യുവതാരങ്ങളെ ഉയർത്തിക്കൊണ്ടുവരികയെന്ന കാര്യത്തിലാണു കഴിഞ്ഞ രണ്ട് വർഷമായി ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നാലാം നമ്പരിൽ ശ്രേയസ് കളിക്കും– ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ശാസ്ത്രി പറഞ്ഞു. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ശ്രേയസ് അയ്യർ നാലാം നമ്പരിൽ കളിച്ചിരുന്നില്ല. പകരം ആ സ്ഥാനത്തു കളിച്ചത് ഋഷഭ് പന്തായിരുന്നു. പക്ഷേ വിൻ‍ഡീസ് പര്യടനത്തിൽ പന്ത് പരാജയമായിരുന്നു.

വിൻഡീസിനെതിരെ അഞ്ചാമനായി ഇറങ്ങിയ ശ്രേയസ് അയ്യർ രണ്ട് കളികളിൽ അർ‌ധ സെഞ്ചുറി (71,65) നേടി. വിൻ‍ഡീസിനെതിരെ പോർട്ട് ഓഫ് സ്പെയിനിൽ നടന്ന മൂന്നാം ഏകദിനത്തിൽ ശ്രേയസ് അയ്യരുടെ പ്രകടനമാണ് ഇന്ത്യൻ ജയത്തിൽ നിർണായകമായത്. മൽസരശേഷം ശ്രേയസിനെ ഇന്ത്യന്‍ ക്യാപ്റ്റൻ വിരാട് കോലി അഭിനന്ദിക്കുകയും ചെയ്തു. ‘‘ഇത്തരം സാഹചര്യങ്ങളിലെ പ്രകടനത്തിന്റെ മൂല്യം ശ്രേയസിന് അറിയാം. അദ്ദേഹത്തിന്റെ ബാറ്റിങ്ങാണു കളി മാറ്റിയത്. ഓരോ ബാറ്റിങ് സ്ഥാനങ്ങളിലും ഉത്തരവാദിത്തമേറ്റു ബാറ്റ് ചെയ്യുന്ന താരങ്ങളെയാണു നമുക്ക് ആവശ്യം. ശ്രേയസ് ഇക്കാര്യത്തിൽ ഏറെ ശക്തനാണ്. ബോളർമാരിൽ സമ്മർ‌ദം ചെലുത്താൻ ശ്രേയസ് അയ്യർക്കു സാധിക്കുന്നുണ്ട്’’– വിരാട് കോലി പറഞ്ഞു.

വരുംദിവസങ്ങളിൽ ഇന്ത്യൻ ടീമിൽ കൂടുതൽ യുവതാരങ്ങൾക്ക് അവസരം നൽകുമെന്നും രവി ശാസ്ത്രി പറഞ്ഞു. ബഞ്ചിൽ എത്ര മികച്ചവർ ഉണ്ടെന്നതും നമുക്കു പ്രധാനപ്പെട്ടതാണ്. ഇന്ത്യയുടെ യുവപ്രതിഭകൾ അവിടെയാണുള്ളത്. ഋഷഭ് പന്ത്, ജസ്പ്രീത് ബുമ്ര, കുൽദീപ് യാദവ്, ഹാർദിക് പാണ്ഡ്യ, മായങ്ക് അഗർവാൾ, വിജയ് ശങ്കർ തുടങ്ങിയവരെല്ലാം മികച്ചവരാണെന്നും രവി ശാസ്ത്രി അഭിപ്രായപ്പെട്ടു.

English Summary: Ravi Shastri names India’s No. 4 for upcoming ODIs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com