ADVERTISEMENT

ലണ്ടൻ ∙ ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയായിട്ടും ‘സമനില തെറ്റി’ നിൽക്കുകയാണ് ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാർ. തലയ്ക്കു നേരെ മൂളിപ്പാഞ്ഞെത്തിയ, ഇംഗ്ലണ്ട് പേസ് ബോളർ ജോഫ്ര ആർച്ചറുടെ മാരകയേറിനു മുന്നിൽ അടി തെറ്റി വീണത് ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലും സെഞ്ചുറിയടിച്ച സ്റ്റീവ് സ്മിത്ത് ഉൾ‌പ്പെടെയുള്ള ഓസീസ് ബാറ്റ്സ്മാൻമാർ.

ആർച്ചറുടെ ‘ഏറു കൊണ്ട’ ക്രിക്കറ്റ് ഓസീസ് മറ്റൊരു മാറ്റത്തിനൊരുങ്ങുന്നു. കഴുത്തിനും സുരക്ഷ നൽകുന്ന തരത്തിലുള്ള ഹെൽമെറ്റുകൾ ഓസ്ട്രേലിയൻ കളിക്കാർക്കു നിർബന്ധമാക്കിയേക്കുമെന്നു ഓസീസ് ദേശീയ ടീം മെഡിക്കൽ ബോർഡ് സൂചന നൽകി. 2014ൽ, ഓസ്ട്രേലിയയിലെ ആഭ്യന്തര മത്സരത്തിനിടെ ബൗൺസർ തലയിലിടിച്ച് ഫിൽ ഹ്യൂസ് മരിച്ചതോടെ ഓസ്ട്രേലിയ സുരക്ഷാക്രമീകരണങ്ങൾ കർശനമാക്കിയിരുന്നു.  

ഇതിന്റെ ഭാഗമായി ആഭ്യന്തര മത്സരങ്ങളിൽ, പേസ് ബോളർമാരെ നേരിടുമ്പോൾ കഴുത്തിനും സുരക്ഷ നൽകുന്ന ‘നെക്ക് ഗാർഡു’കളോടുകൂടിയ ഹെൽമെറ്റുകൾ ഉപയോഗിക്കാനും ഓസ്ട്രേലിയൻ താരങ്ങൾക്കു നിർദേശം നൽകിയിരുന്നു. എന്നാൽ, ഇതിന്റെ ഉപയോഗം നിർബന്ധമാക്കാത്ത സാഹചര്യത്തിൽ, പതിവു ഹെൽമെറ്റാണ് ആഷസ് പരമ്പരയിൽ സ്മിത്ത് ഉൾപ്പെടെയുള്ള താരങ്ങൾ ഉപയോഗിച്ചിരുന്നത്. ഇത്തരം ഹെൽമെറ്റുകൾ നിർബന്ധമാക്കണമെന്ന് ഓസീസ് ടീം മുൻ ഡോക്ടർ പീറ്റർ ബ്രക്നെറും അഭിപ്രായപ്പെട്ടു.

ഒരേയൊരു റിച്ചഡ്സ് !

രാജ്യാന്തര ക്രിക്കറ്റിൽ എല്ലാവരും ഹെൽമറ്റ് ധരിച്ചു തുടങ്ങിയതിനു ശേഷവും അതു ധരിക്കാതെ നിർഭയം കളി തുടർന്ന ഒരാളുണ്ട്. വെസ്റ്റിൻഡീസിന്റെ വിവിയൻ റിച്ചഡ്സ്. 1991ൽ വിരമിക്കുന്നതു വരെ റിച്ചഡ്സ് ഹെൽമറ്റ് ധരിച്ചിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com