ADVERTISEMENT

ന്യൂഡൽഹി∙ സച്ചിൻ തെൻഡുൽക്കറിന്റെ റെക്കോർഡുകൾ ഒന്നൊന്നായി കീഴടക്കി മുന്നേറുന്ന ഇന്ത്യൻ നായകൻ വിരാട് കോലിക്ക് ഒരു റെക്കോർഡ് മാത്രം കിട്ടാക്കനിയാകാനാണ് സാധ്യതയെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. സെഞ്ചുറികൾ വാരിക്കൂട്ടിയും റൺസടിച്ചുകൂട്ടിയും മുന്നേറുന്ന കോലി സച്ചിന്റെ മിക്ക റെക്കോർഡുകളും തകർക്കാനാണ് സാധ്യതയെന്നും സേവാഗ് അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ താരങ്ങളിൽ ഏറ്റവും മികച്ചയാൾ കോലി തന്നെയാണെന്നും സേവാഗ് പറഞ്ഞു.

‘ഇപ്പോഴത്തെ താരങ്ങളിൽ ഏറ്റവും മികച്ചയാൾ കോലി തന്നെയാണ്. സെഞ്ചുറികൾ നേടുന്ന കാര്യത്തിലും റൺസ് അടിച്ചുകൂട്ടുന്ന കാര്യത്തിലും കോലി തന്നെ മികച്ചവൻ. സച്ചിൻ തെൻഡുൽക്കറിന്റെ മിക്ക റെക്കോർഡുകളും കോലി തകർക്കുമെന്ന് എനിക്കുറപ്പുണ്ട്’ – സേവാഗ് പറഞ്ഞു.

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ തുടർച്ചയായി സെഞ്ചുറി നേടിയ കോലിയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. ഇതോടെ ഏകദിനത്തിൽ കോലിയുടെ സെഞ്ചുറിയെണ്ണം 43 ആയി ഉയർന്നു. ഇക്കാര്യത്തിൽ ഒന്നാമതു നിൽക്കുന്ന സച്ചിന്റെ പേരിൽ 49 സെഞ്ചുറികളാണുള്ളത്. 463 ഏകദിനങ്ങളിൽനിന്നാണിത്. ഇത്രയും മൽസരങ്ങളിൽനിന്ന് 44.83 റൺ ശരാശരിയിൽ 18,426 റൺസാണ് സച്ചിന്റെ സമ്പാദ്യം. കോലിക്കാകട്ടെ, 239 ഏകദിനങ്ങളിൽനിന്ന് 60.31 റൺ ശരാശരിയുണ്ട്.

അതേസമയം, ടെസ്റ്റിൽ സച്ചിന്റെ റെക്കോർഡുകൾ കോലിക്ക് കുറച്ചുകൂടി ‘അകലെയാണ്’. സച്ചിന്റെ പേരിൽ 200 ടെസ്റ്റുകളിലെ 329 ഇന്നിങ്സുകളിൽനിന്നായി 51 സെഞ്ചുറികളുണ്ട്. 77 ടെസ്റ്റിലെ 131 ഇന്നിങ്സുകളിൽനിന്ന് 25 സെഞ്ചുറികളാണ് കോലിയുടെ സമ്പാദ്യം.

എന്നാൽ, ടെസ്റ്റിൽ 200 മൽസരങ്ങൾ കളിച്ച സച്ചിന്റെ റെക്കോർഡ് തകർക്കാൻ കോലിക്കു സാധിച്ചേക്കില്ലെന്നാണ് സേവാഗിന്റെ വിലയിരുത്തൽ. കോലിക്കെന്നല്ല, ആർക്കും തന്നെ ഈ റെക്കോർഡ് തകർക്കാനാകില്ലെന്നും സേവാഗ് അഭിപ്രായപ്പെട്ടു. സ്റ്റീവ് സ്മിത്തിനേക്കാൾ മികച്ച ബാറ്റ്സ്മാൻ കോലിയാണെന്നും സേവാഗ് ചൂണ്ടിക്കാട്ടി. ‘കോലിയുടെയും സ്മിത്തിന്റെയും ബാറ്റിങ് ശൈലികൾ താരതമ്യപ്പെടുത്തിയാൽ, കണ്ണുകൾക്കു കൂടുതൽ ഇമ്പകരം കോലിയുടെ ബാറ്റിങ്ങാണ്. നിലവിൽ ലോകത്തെ ഒന്നാം നമ്പർ ബാറ്റ്സ്മാൻ കോലി തന്നെ’ – സേവാഗ് പറ‍ഞ്ഞു.

English Summary: Virat Kohli will break most of Sachin Tendulkar's records barring one: Sehwag

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com