ADVERTISEMENT

ആന്റിഗ്വ ∙ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന വേഗത്തിൽ വെസ്റ്റിൻഡീസ് പുതുതലമുറ പന്തെറിഞ്ഞപ്പോൾ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ അരങ്ങേറ്റത്തിൽ ഇന്ത്യയ്ക്ക് തകർച്ചയോടെ തുടക്കം. ലോകകപ്പ് ടീമിൽ ഇടമില്ലാതെ പോയ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെയുടെ ഒറ്റയാൾ പോരാട്ടം മാത്രം എടുത്തുകാട്ടാനുള്ള ആദ്യ ദിനം കളി നിർത്തുമ്പോൾ, ആറു വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് എന്ന നിലയിലാണ് ഇന്ത്യ. യുവതാരം ഋഷഭ് പന്ത് (20), രവീന്ദ്ര ജഡേജ (മൂന്ന്) എന്നിവർ ക്രീസിൽ. മഴമൂലം മൽസരം തുടങ്ങാൻ വൈകിയതിനാൽ ആദ്യ ദിനം 70 ഓവർ പോലും തികയ്ക്കാനായില്ല.

ടെസ്റ്റിലെ 18–ാം അർധസെഞ്ചുറി കുറിച്ച രഹാനെ, 81 റൺസെടുത്ത് പുറത്തായി. വെസ്റ്റിൻഡീസിന്റെ പേസ് ആക്രമണത്തെ വിദഗ്ധമായി ചെറുത്തുനിന്ന രഹാനെ, 163 പന്തിൽ 10 ബൗണ്ടറി സഹിതമാണ് 81 റൺസെടുത്തത്. നാലാം വിക്കറ്റിൽ ലോകേഷ് രാഹുലിനൊപ്പവും (68), അഞ്ചാം വിക്കറ്റിൽ ഹനുമ വിഹാരിക്കൊപ്പവും (83) രഹാനെ പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടുകളാണ് ഇന്ത്യയെ കൂട്ടത്തകർച്ചയിൽനിന്ന് കരകയറ്റിയത്. രാഹുൽ 97 പന്തിൽ 44 റൺസെടുത്തും വിഹാരി 56 പന്തിൽ 32 റൺസെടുത്തും പുറത്തായി.

മൂന്നു വിക്കറ്റ് വീഴ്ത്തിയ കെമർ റോച്ച്, രണ്ടു വിക്കറ്റ് പിഴുത ഷാനൻ ഗബ്രിയേൽ എന്നിവർ ചേർന്നാണ് ഇന്ത്യയെ ആദ്യദിനം ‘ഒതുക്കിയത്’. റോസ്റ്റൺ ചേസ് ഒരു വിക്കറ്റെടുത്തു. 17 ഓവറിൽ 34 റൺസ് മാത്രം വഴങ്ങിയാണ് റോച്ച് മൂന്നു വിക്കറ്റ് നേടിയത്.

∙ രോഹിത്, അശ്വിന്‍ പുറത്ത്

രോഹിത് ശർമയെ ഒഴിവാക്കി അജിൻക്യ രഹാനെയെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. മായങ്കിനൊപ്പം രാഹുലിനെ ഓപ്പണറാക്കി. ഹനുമ വിഹാരിക്കും ടീമിൽ ഇടംകിട്ടി. ആർ.അശ്വിൻ, കുൽദീപ് യാദവ് എന്നീ 2 സ്പിന്നർമാരെയും ഒഴിവാക്കി ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ ഇലവനിലെടുത്തു. ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ ത്രയം പേസ് വിഭാഗത്തിൽ. ഓസ്ട്രേലിയയിൽ കളിച്ച അതേ ടീമുമായിട്ടാണ് ഇന്ത്യ കളത്തിലിറങ്ങിയത്. വിൻഡീസിനായി ഷമാർ ബ്രൂക്സ് അരങ്ങേറ്റം നടത്തി. ഓൾറൗണ്ടർ കീമോ പോളിനെ പരുക്കുമൂലം ടീമിൽനിന്ന് ഒഴിവാക്കി.

∙ തകർച്ചയോടെ തുടക്കം

മൽസരത്തിൽ ടോസ് നേടിയ വിൻഡീസ് നായകൻ ജെയ്സൺ ഹോൾഡറിന് പേസ് പിച്ചിൽ ഫീൽഡിങ് തിരഞ്ഞെടുക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. 5–ാം ഓവറിൽ കെമർ റോച്ച് ലക്ഷ്യം കണ്ടു. മായങ്കിന്റെ ബാറ്റിലുരുമ്മിയ പന്ത് കീപ്പ് ഷായ് ഹോപ് പിടിച്ചെങ്കിലും അപ്പീൽ അംപയർ അനുവദിച്ചില്ല. റിവ്യൂ വിളിച്ചപ്പോൾ അംപയർ തീരുമാനം തിരുത്തി. രക്ഷകനാകേണ്ടിയിരുന്ന പൂജാര മൂന്നാമനായി ഇറങ്ങി നേരിട്ടത് ആകെ 4 പന്തുകൾ. ഹോപ്പിനു ക്യാച്ച് നൽകി മടക്കം. ക്യാപ്റ്റൻ കോലി 2 ഫോറടിച്ച് ടച്ച് പുറത്തെടുത്തെങ്കിലും ആയുസ്സുണ്ടായില്ല.

ഓപ്പണർ മായങ്ക് അഗർവാൾ (5), ചേതേശ്വർ പൂജാര (2), ക്യാപ്റ്റൻ വിരാട് കോലി (9) എന്നിവർ നിലയുറപ്പിക്കും മുൻപേ ഡ്രസിങ് റൂമിൽ മടങ്ങിയെത്തിയതോടെ 3ന് 25 എന്ന നിലയിൽ ഇന്ത്യ വൻതകർച്ചയെ അഭിമുഖീകരിച്ചു.

∙ രക്ഷകൻ രഹാനെ

അവിടെനിന്നാണ് ലോകേഷ് രാഹുലിനെ കൂട്ടുപിടിച്ച് രഹാനെ ഇന്ത്യൻ പോരാട്ടം വിൻഡീസ് ക്യാംപിലേക്കു നയിച്ചത്. ഇരുവരും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ടു തീർത്തതോടെ ഇന്ത്യ ഭേദപ്പെട്ട നിലയിലേക്കു മുന്നേറി. എന്നാൽ, വ്യക്തിഗത സ്കോർ 44ൽ റോഷ്ടൺ ചേസിന്റെ പന്തിൽ രാഹുൽ വീണു. 97 പന്തിൽ അഞ്ചു ബൗണ്ടറി സഹിതം 44 റൺസെടുത്ത രാഹുൽ റോസ്റ്റൻ ചേസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഷായ് ഹോപ്പിന് ക്യാച്ച് സമ്മാനിച്ചാണ് മടങ്ങിയത്. മൽസരത്തിൽ ഹോപ്പിന്റെ മൂന്നാം ക്യാച്ച്.

തുടർന്നെത്തിയ ഹനുമ വിഹാരി പ്രതീക്ഷയ്ക്കൊത്ത് ഉയർന്നതോടെ ഇന്ത്യൻ സ്കോർ ബോർഡ് വീണ്ടും ചലിച്ചു. ഇന്ത്യയെ 100 കടത്തിയ ഇരുവരും തുടർച്ചയായ രണ്ടാം അർധസെഞ്ചുറി കൂട്ടുകെട്ടുമായി ഇന്ത്യൻ ഇന്നിങ്സിന് കരുത്തുപകർന്നു. ആദ്യ ദിനം കൂടുതൽ വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യ കടന്നുകൂടുമെന്ന് കരുതിയിരിക്കെ വിഹാരിയെ പുറത്താക്കി റോച്ച് ഇന്ത്യയ്ക്ക് അടുത്ത ആഘാതമേൽപ്പിച്ചു. 56 പന്തിൽ അഞ്ചു ബൗണ്ടറി സഹിതം 32 റൺസെടുത്ത വിഹാരിയും ഹോപ്പിനു പിടികൊടുത്തു. വിക്കറ്റിനു പിന്നിൽ ഹോപ്പിനു നാലാം ക്യാച്ച്!

അധികം വൈകാതെ രഹാനെ ഷാനൻ ഗബ്രിയേലിന്റെ പന്തിൽ ബൗൾഡായതോടെ ആറിന് 189 റൺസ് എന്ന നിലയിലായി ഇന്ത്യ. തുടർന്നെത്തിയ ഋഷഭ് പന്തും രവീന്ദ്ര ജഡേജയും കൂടുതൽ വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യയെ കാത്തതോടെ ഒന്നാം ദിനം കളി നിർത്തുമ്പോൾ ആറിന് 203 റൺസ് എന്ന നിലയിലായി ഇന്ത്യ. പന്ത് 41 പന്തിൽ നാലു ബൗണ്ടറി സഹിതം 20 റൺസോടെയും ജഡേജ 28 പന്തിൽ മൂന്നു റൺസോടെയും ക്രീസിൽ.

English Summary: India Vs West Indies 1st Cricket Test, ICC Test Championship, Day One - Live Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com