ADVERTISEMENT

ആന്റിഗ്വ∙ ലോക ക്രിക്കറ്റിലെ എക്കാലത്തെയും ഏറ്റവും വിനാശകാരിയായ ബാറ്റ്മാനായി അറിയപ്പെടുന്ന സർ വിവിയൻ റിച്ചാർഡ്സിന്റെ പേരിലുള്ള നോർത്ത് സൗണ്ടിലെ സ്റ്റേഡിയത്തിൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന് വിജയത്തുടക്കമിട്ട് ടീം ഇന്ത്യ. പ്രതാപകാലത്തിന്റെ നിഴൽപോലുമല്ലാത്ത വെസ്റ്റിൻഡീസാണ് എതിരാളികളെങ്കിലും, ഈ വിജയത്തിന്റെ മഹത്വം ഒട്ടുമേ കുറയുന്നില്ല. കാരണം, ഇന്ത്യൻ‌ ക്രിക്കറ്റിനെ കുറച്ചെങ്കിലും ആശങ്കപ്പെടുത്തിയിരുന്ന ഒരുപിടി ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയ മൽസരമാണിത്. ബാറ്റിങ്ങിലും ബോളിങ്ങിലും തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചാണ് ഈ വിജയമെന്നത് ഇന്ത്യൻ ആരാധകർക്കു നൽകുന്ന സന്തോഷം ചെറുതല്ല. ഒരു ദിവസം ബാക്കിനിൽക്കെ ഇന്ത്യ നേടിയ 318 റണ്‍സ് വിജയം, വിദേശമണ്ണിൽ ഇന്ത്യയുടെ ഏറ്റവും വലിയ ടെസ്റ്റ് വിജയം കൂടിയാണിത്. ടെസ്റ്റ് ക്രിക്കറ്റിലെ ‘ലോകകപ്പിന്’ തുടക്കമിടാൻ ഇതിലും നല്ലൊരു വിജയമുണ്ടോ?

അജിൻക്യ രഹാനെയുടെ സെഞ്ചുറിനേട്ടവും ഹനുമ വിഹാരിയുടെ സെഞ്ചുറി നഷ്ടവും സമ്മാനിച്ച സമ്മിശ്ര വികാരങ്ങളുടെ വേലിയറ്റത്തിനിടെ വിൻഡീസിനു മുന്നിൽ ഇന്ത്യ ഉയർത്തിയത് 419 റൺസ് വിജയലക്ഷ്യമാണ്. നിലയുറപ്പിച്ചു കളിച്ചാൽ പേടിക്കാൻ യാതൊന്നുമില്ലെന്ന് പലതവണ തെളിഞ്ഞ ഇവിടുത്തെ പിച്ചിൽ, ഹനുമ വിഹാരിയുടെ സെഞ്ചുറിക്കായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ഡിക്ലറേഷൻ വൈകിപ്പിച്ചത് തിരിച്ചടിക്കുമോ എന്നുപോലും ഒരുവേള സന്ദേഹം ഉയർന്നതാണ്. വിഹാരി സെഞ്ചുറിക്ക് ഏഴു റൺസ് അകലെ പുറത്തായതോടെ ഇന്ത്യൻ ക്യാപ്റ്റൻ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസിനെ കണിശതയാർന്ന ബോളിങ്ങിലൂടെ ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ബോളർമാർ വരിഞ്ഞുമുറുക്കിയതോടെ എല്ലാ സംശയങ്ങളും അസ്ഥാനത്തായി. വിൻഡീസിനെ പുറത്താക്കാൻ ഇന്ത്യൻ ബോളർമാർക്കു കഴിയുമോ എന്നു സംശയിച്ചവർക്കു മുന്നിൽ അവർ അക്ഷരാർഥത്തിൽ നിറഞ്ഞാടി. ഒടുവിൽ 318 റൺസിന്റെ കൂറ്റൻ വിജയവും സമ്മാനിച്ചു.

ഈ മൽസരത്തിൽ ഇന്ത്യയെ സന്തോഷിപ്പിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. ഏറെ നാളായി ഉറ്റുനോക്കിയിരുന്ന വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെയുടെ ബാറ്റിൽനിന്നുണ്ടായ നിലയ്ക്കാത്ത റൺപ്രവാഹമാണ് അതിൽ മുഖ്യം. പേസ് ബോളിങ് വിഭാഗത്തിൽ ജസ്പ്രീത് ബുമ്ര – ഇഷാന്ത് ശർമ – മുഹമ്മദ് ഷമി ത്രയത്തിന്റെ ബോളിങ് പ്രകടനം, രവീന്ദ്ര ജഡേജയുടെ ഓൾറൗണ്ട് പ്രകടനം, ടെസ്റ്റ് ക്രിക്കറ്റിൽ വിശ്വസിക്കാവുന്ന താരമായുള്ള ഹനുമ വിഹാരിയുടെ വളർച്ച... ഈ മൽസരം ഇന്ത്യൻ ക്രിക്കറ്റിന് നൽകുന്ന നല്ല വിശേഷങ്ങൾ നീളുന്നു. അതേസമയം, ഓപ്പണിങ്ങിലെ സ്ഥിരതയില്ലായ്മ തലവേദനയായി തുടരുകയും ചെയ്യുന്നു.

∙ ടെസ്റ്റിലും വിന്‍ഡീസിന്റെ ട്വന്റി20

ടെസ്റ്റ് ക്രിക്കറ്റിന് വിൻഡീസ് ടീം ഇനിയും പാകപ്പെടേണ്ടതുണ്ട് എന്ന് ആവർത്തിച്ചോർമിപ്പിച്ചാണ് ഒന്നാം ടെസ്റ്റിന് ആന്റിഗ്വയിൽ തിരശീല വീണത്. വിഹാരിയുടെ സെഞ്ചുറിക്കായി കാത്തുനിന്ന് ഡിക്ലറേഷൻ വൈകിയോ എന്നു സംശയിച്ച ഇന്ത്യൻ ക്യാപ്റ്റനെപ്പോലും അതിശയിപ്പിച്ചാണ് രണ്ടാം ഇന്നിങ്സിൽ വിൻഡീസ് താരങ്ങൾ വന്നപോലെ മടങ്ങിയത്. ഇന്ത്യൻ താരങ്ങൾ യഥേഷ്ടം ക്യാച്ചുകൾ കൈവിട്ടു സഹായിച്ചിട്ടാണ് അവർക്ക് രണ്ടാം ഇന്നിങ്സിൽ 100 റണ്‍സെടുക്കാനായതെന്ന് ഓർക്കണം! ഒന്നാം ഇന്നിങ്സിൽ ഇഷാന്തിന്റെ അഞ്ചു വിക്കറ്റ് പ്രകടനത്തിൽ മങ്ങിപ്പോയ ജസ്പ്രീത് ബുമ്ര, രണ്ടാം ഇന്നിങ്സിൽ പലിശ സഹിതം കണക്കുതീർത്തു. എട്ട് ഓവറിൽ നാലും മെയ്ഡനാക്കിയ ബുമ്ര, ഏഴു റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റ് പിഴുതാണ് ‘വിൻഡീസ് വധ’ത്തിന് നേതൃത്വം നൽകിയത്.

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇഷാന്ത് ശർമ.
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇഷാന്ത് ശർമ.

തോൽവി ഉറപ്പാക്കിയ ഘട്ടത്തിൽ കെമർ റോച്ചും മിഗ്വേൽ കമ്മിൻസും ചേർന്നു നടത്തിയ കണ്ണുംപൂട്ടിയുള്ള ആക്രമണമാണ് വിൻഡീസ് സ്കോർ 100ൽ എത്തിച്ചത്. 50 റൺസിനിടെ ഒൻപതു വിക്കറ്റ് നഷ്ടമാക്കി നാണംകെട്ട തോൽവിയിലേക്കു നീങ്ങിയ വിൻഡീസിന്, പത്താം വിക്കറ്റിൽ റോച്ച്–കമ്മിൻസ് സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്താണ് ആശ്വാസമേകിയത്. റോച്ച് 31 പന്തിൽ ഒരു ബൗണ്ടറിയും അഞ്ചു സിക്സും സഹിതം 38 റൺസെടുത്ത് ഏറ്റവുമൊടുവിൽ പുറത്തായി. ഒന്നാം ഇന്നിങ്സിൽ ഒന്നര മണിക്കൂറിലധികം ക്രീസിൽനിന്നിട്ടും അക്കൗണ്ടു തുറക്കാൻ സാധിക്കാതിരുന്ന കമ്മിൻസ്, ഇക്കുറി 22 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 19 റൺസോടെ പുറത്താകാതെനിന്നു. ഇവർക്കു പുറമെ വിൻഡീസ് നിരയിൽ രണ്ടക്കത്തിലെത്തിയത് ഒരേയൊരാൾ. 29 പന്തിൽ 12 റൺസെടുത്ത റോസ്റ്റൻ ചേസ്.

മറ്റു വിൻഡീസ് താരങ്ങളുടെ പ്രകടനം ഇങ്ങനെ: ക്രെയ്ഗ് ബ്രാത്ത്‌വയ്റ്റ് (1), ജോൺ കാംബൽ (7), അരങ്ങേറ്റ താരം ഷമർ ബ്രൂക്സ് (2), ഡാരൻ ബ്രാവോ (2), ഷിംറോൺ ഹെറ്റ്മയർ (1), ഷായ് ഹോപ്പ് (2), ജെയ്സൻ ഹോൾർ (8), ഷാനൻ ഗബ്രിയേൽ (0).

jasprit-bumrah

വിൻഡീസ് ഇന്നിങ്സിലെ വിക്കറ്റ് വീഴ്ചയുടെ ആഴംകൂടി അറിഞ്ഞാലേ വിൻഡീസ് ഇന്നിങ്സിന്റെ ‘കരുത്ത്’ മനസ്സിലാകൂ...

1-7 (ബ്രാത്ത്‌വയ്റ്റ്, 1.4 ഓവർ), 2-10 (കാംബൽ, 3.5 ഓവർ), 3-10 (ബ്രൂക്സ്, 4.1 ഓവർ), 4-13 (ഹെറ്റ്മയർ, 6.6 ഓവർ), 5-15 (ബ്രാവോ, 7.3 ഓവർ), 6-27 (ഹോപ്പ്, 11.1 ഓവർ), 7-37 (ഹോൾർ, 15.2 ഓവർ), 8-50 (ചേസ്, 19.2 ഓവർ), 9-50 (ഗബ്രിയേൽ, 19.6 ഓവർ), 10-100 (റോച്ച്, 26.5 ഓവർ) !

∙ ഫോം ഈസ് ടെംപററി, ക്ലാസ് ഈസ് ...

ആന്റിഗ്വ ടെസ്റ്റിൽ ഇന്ത്യൻ ആരാധകരുടെ ഏറ്റവും നിറമുള്ള ഓർമ വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെയുടെ ഇന്നിങ്സാകും. നീണ്ട കാലത്തെ ഇടവേളയ്ക്കു ശേഷമാണ് ചേതോഹരമായൊരു ഇന്നിങ്സ് രഹാനെയിൽനിന്ന് പിറക്കുന്നത്. വിൻഡീസിനെതിരായ ഒന്നാം ടെസ്റ്റ് ആരംഭിക്കുമ്പോൾ രഹാനെയുടെ അവസാന ടെസ്റ്റ് സെഞ്ചുറി പിറന്നിട്ട് രണ്ടു വർഷം പിന്നിട്ടിരുന്നു. ‘Form is temporary, CLASS is permenant’ എന്ന പഴഞ്ഞുപഴകിയ ക്രിക്കറ്റ് ഫിലോസഫി ഒരിക്കൽക്കൂടി അടിവരയിട്ടുറപ്പിക്കുന്ന പ്രകടനമാണ് രഹാനെയുടേത്. ഒന്നാം ഇന്നിങ്സിൽ 81 റൺസും രണ്ടാം ഇന്നിങ്സൽ 102 റൺസും നേടിയ രഹാനെയാണ് രണ്ട് ഇന്നിങ്സിലും ഇന്ത്യയുടെ ടോപ് സ്കോററും.

ഒന്നാം ഇന്നിങ്സിൽ ഇന്ത്യ മൂന്നിന് 25 റൺസ് എന്ന നിലയിൽ തകരുമ്പോഴാണ് രഹാനെ ക്രീസിലെത്തുന്നത്. സാക്ഷാൽ വിരാട് കോലിയും കയ്യൊഴിഞ്ഞുപോയിട്ടും കീഴടക്കാൻ കൂട്ടാക്കാതെ പൊരുതിനിന്ന രഹാനെ അഴകുള്ളൊരു ക്രിക്കറ്റ് കാഴ്ചയായിരുന്നു. 163 പന്തിൽ 10 ബൗണ്ടറി സഹിതം 81 റൺസോടെ ഇന്ത്യൻ ഇന്നിങ്സിലെ ടോപ് സ്കോററുമായി. രണ്ടാം ഇന്നിങ്സിൽ കുറച്ചുകൂടി ഭേദപ്പെട്ട അവസ്ഥയിലാണ് രഹാനെ ക്രീസിലെത്തിയത്. ഈ സമയത്ത് മൂന്നിന് 81 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ അപ്പോൾ. 242 പന്തിൽ 10 അഞ്ചു ബൗണ്ടറി സഹിതം 102 റൺസെടുത്താണ് രഹാനെ മടങ്ങിയത്. അപ്പോഴേക്കും ഇന്ത്യ മികച്ച ലീഡ് ഉറപ്പാക്കിയിരുന്നു.

ajinkya-rahane-century

വ്യക്തിഗത മികവിനൊപ്പം കൂട്ടുകെട്ടുകളും പ്രധാനമാണ്, ടെസ്റ്റ് ക്രിക്കറ്റിൽ. ഇക്കാര്യത്തിലും രഹാനെയുടെ സവിശേഷ ശ്രദ്ധ പതിഞ്ഞു. ഒന്നാം ഇന്നിങ്സിൽ മൂന്നിന് 25 റൺസെന്ന നിലയിൽ തകർന്ന ഇന്ത്യയെ നാലാം വിക്കറ്റിൽ ലോകേഷ് രാഹുലിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്താണ് രഹാനെ കരകയറ്റിയത്. ഇരുവരും ചേർന്നു കൂട്ടിച്ചേർത്തത് 68 റൺസ്. പിന്നീട് അഞ്ചാം വിക്കറ്റിൽ ഹനുമ വിഹാരിക്കൊപ്പം 82 റൺസ് കൂട്ടുകെട്ട് സ്ഥാപിച്ച് ഭേദപ്പെട്ട സ്കോറിലേക്കും നയിച്ചു.

രണ്ടാം ഇന്നിങ്സിൽ ആദ്യം വിരാട് കോലിയാണ് രഹാനെയ്ക്കൊപ്പം കൂട്ടുനിന്നത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ അടിച്ചെടുത്തത് 106 റൺസ്. മൽസരത്തിലെ ആദ്യ സെഞ്ചുറി കൂട്ടുകെട്ട്! കോലി പുറത്തായ ശേഷം ഹനുമ വിഹാരിക്കൊപ്പം 135 റൺസിന്റെ ഒരുപടി കൂടി മുന്നിൽനിൽക്കുന്ന കൂട്ടുകെട്ടും രഹാനെ തീർത്തു.

∙ അപാരം, ഹനുമ വിഹാരി !

രാജ്യാന്തര ക്രിക്കറ്റിലെ അഞ്ചാമത്തെ മാത്രം മൽസരം കളിക്കുന്ന ഹനുമ വിഹാരിയെക്കുറിച്ചു പറയാതെ പോകുന്നതെങ്ങനെ? മികച്ച താരങ്ങൾ ഒട്ടേറെയുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മധ്യനിരയിൽ ഈ ഇരുപത്തഞ്ചുകാരൻ ഇത്രവേഗം സ്ഥാനമുറപ്പിച്ചത് വെറുതെയല്ലെന്ന് ആന്റിഗ്വ ടെസ്റ്റ് ഓർമിപ്പിക്കുന്നു. ഒന്നാം ഇന്നിങ്സിൽ 56 പന്തിൽ അഞ്ചു ബൗണ്ടറി സഹിതം 32 റൺസെടുത്ത വിഹാരി, രഹാനെയ്ക്കൊപ്പം ഇന്ത്യൻ ഇന്നിങ്സിലെ ഉയർന്ന കൂട്ടുകെട്ട് തീർത്തു.

rahane-vihari

രണ്ടാം ഇന്നിങ്സിൽ വിഹാരി കൂടുതൽ ഉത്തരവാദിത്തം കാട്ടി. കന്നി ടെസ്റ്റ് സെഞ്ചുറിയെന്ന നാഴികക്കല്ലിന് ഇഞ്ചുകൾ അകലെ ഇടറിവീണെങ്കിലും ആ ഇന്നിങ്സിന്റെ മാറ്റു കുറയുന്നില്ല. ഒന്നാം ഇന്നിങ്സിലേതിനു സമാനമായി രണ്ടാം ഇന്നിങ്സിലും ഇന്ത്യയ്ക്കായി മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ചത് രഹാനെ–വിഹാരി സഖ്യം തന്നെ. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്നുനേടിയ 135 റൺസാണ് ഇന്ത്യയ്ക്ക് മികച്ച ലീഡു സമ്മാനിച്ചത്. ഒടുവിൽ 128 പന്തിൽ 10 ബൗണ്ടറിയും ഒരു സിക്സും സഹിതം 93 റൺസെടുത്ത് പുറത്താകുമ്പോൾ പുഞ്ചിരിയോടെയാണ് വിഹാരി കളമൊഴിഞ്ഞത്. ഇതേ മികവിൽ കളിച്ചാൽ എത്രയോ സെഞ്ചുറികൾക്കുള്ള ബാല്യം ഇയാളിൽ ബാക്കിനിൽക്കുന്നു!

∙ ഒന്നിൽ ഇഷാന്ത്, രണ്ടിൽ ബുമ്ര

പേസ് ബോളിങ്ങിൽ സമീപകാലത്ത് ഇന്ത്യ കൈവരിച്ചിട്ടുള്ള വളർച്ച അപാരമാണ്. ഈ വളർച്ചയുടെ തോത് തെല്ലും കുറഞ്ഞിട്ടില്ലെന്ന് ആവർത്തിച്ച് ഓർമിപ്പിച്ചാണ് ആന്റിഗ്വ ടെസ്റ്റിന് തിരശീല വീണത്. ഒന്നാം ഇന്നിങ്സിൽ ഇഷാന്ത് ശർമയുടെ നേതൃത്വത്തിൽ വിൻഡീസിന് ബാറ്റിങ്ങിനു കടിഞ്ഞാണിട്ട ഇന്ത്യ, രണ്ടാം ഇന്നിങ്സിൽ ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിൽ കൂടുതൽ ക്രൂരൻമാരായി. ഇതിൽത്തന്നെ ബുമ്രയുടെ രണ്ടാം ഇന്നിങ്സിലെ പ്രകടനം എടുത്തുപറയണം. ഏറ്റവും വേഗത്തിൽ 50 ടെസ്റ്റ് വിക്കറ്റ് പൂർത്തിയാക്കുന്ന ഇന്ത്യൻ പേസ് ബോളർ എന്ന സ്ഥാനം സ്വന്തമാക്കിയ ബുമ്ര, രണ്ടാം ഇന്നിങ്സിൽ പുറത്തെടുത്ത പ്രകടനത്തിന് സമാനതകളധികമില്ല.

രണ്ടാം ഇന്നിങ്സിൽ ബുമ്ര ആകെ ബോൾ ചെയ്തത് എട്ട് ഓവറുകളാണ്. അതിൽ നാലും മെയ്ഡനായി. എട്ട് ഓവറിൽനിന്ന് ആകെ വിട്ടുകൊടുത്തത് ഏഴു റൺസ്. ബുമ്രയുടെ ഓവറിൽ ശരാശരി ഒരു റൺ നേടാൻ പോലും വിൻഡീസിനായില്ല. അഞ്ചു മുൻനിര വിക്കറ്റുകളും ബുമ്ര പിഴുതു. ക്രെയ്ഗ് ബ്രാത്ത്‌വയ്റ്റ്, ജോൺ കാംബൽ, ഡാരൻ ബ്രാവോ, ഷായ് ഹോപ്പ്, ജെയ്സൻ ഹോൾഡർ.. ബുമ്രയ്ക്കു മുന്നിൽ വീണവർ നിസാരരല്ലെന്നു ചുരുക്കം. ടെസ്റ്റ് കരിയറില്‍ ബുമ്രയുടെ മികച്ച പ്രകടനങ്ങളിലൊന്നാണിത്. നാലാമത്തെ അഞ്ചു വിക്കറ്റ് നേട്ടവും! ഒന്നാം ഇന്നിങ്സിലെ ഒരു വിക്കറ്റ് ഉൾപ്പെടെ ബുമ്ര മൽസരത്തിലാകെ നേടിയത് ആറു വിക്കറ്റ്.

ishant-jadeja-kohli

വിൻഡീസിന്റെ ഏഴു വിക്കറ്റ് നഷ്ടമായ ശേഷം ഇന്ത്യൻ ക്യാപ്റ്റൻ ബുമ്രയുടെ സേവനം ഉപയോഗിച്ചില്ലെന്നും ഓർക്കണം. 10–ാം വിക്കറ്റിൽ കെമർ റോച്ച് – മിഗ്വേൽ കമ്മിൻസ് സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്തിട്ടും ബുമ്രയെ ഇന്ത്യൻ ക്യാപ്റ്റൻ തിരിച്ചുവിളിച്ചില്ല. ബുമ്രയുടെ ‘വർക്ക് ലോഡ്’ ക്രമീകരിക്കുന്നതിൽ കോലിയോളം മിടുക്ക് ആർക്കുണ്ട്!

English Summary: India Vs West Indies 1st Test, Match Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com