ADVERTISEMENT

മുംബൈ∙ ചെറിയ അഭിപ്രായ വ്യത്യാസങ്ങളെ തമ്മിലടിയായി ചിത്രീകരിക്കുന്നത് എന്തിനെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രി. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയും തമ്മിൽ പടലപ്പിണക്കത്തിലാണെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ശാസ്ത്രിയുടെ ചോദ്യം. 15 വ്യക്തികൾ ചേരുന്ന ഒരു ടീമിൽ രണ്ടു പേർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി. ടീമംഗങ്ങളുടെ കഠിനാധ്വാനത്തെയും പരസ്പര ധാരണയെയും അദ്ദേഹം പുകഴ്ത്തുകയും ചെയ്തു.

‘ശ്രദ്ധിക്കൂ, കഴിഞ്ഞ അഞ്ചു വർഷത്തിലധികമായി നമ്മുടെ ഡ്രസിങ് റൂമുമായി ബന്ധപ്പെട്ട് ഞാനുമുണ്ട്. നമ്മുടെ താരങ്ങൾ എങ്ങനെയാണ് കളിച്ചതെന്നും ടീമിനായി കൂട്ടായി അധ്വാനിച്ചതെങ്ങനെയെന്നും എനിക്കു വ്യക്തമായി അറിയാം. ഈ പറയുന്നത് (കോഹ്‍ലി – രോഹിത് പടലപ്പിണക്കം) ശുദ്ധ നുണയാണ്. താരങ്ങളുടെ പ്രകടനം ടീമിനൊപ്പം നിന്നു കാണുന്ന വ്യക്തിയാണ് ഞാൻ. ഇരുവരും തമ്മിൽ പടലപ്പിണക്കത്തിലായിരുന്നെങ്കിൽ രോഹിത് എങ്ങനെയാണ് ലോകകപ്പിൽ അഞ്ചു െസഞ്ചുറി നേടുക? ഇരുവരും തമ്മിൽ മികച്ച കൂട്ടുകെട്ടുകൾ എങ്ങനെ സാധ്യമാകുമായിരുന്നു?’ – ശാസ്ത്രി ചോദിച്ചു.

ഓരോ താരങ്ങൾക്കും അവരുടെ അഭിപ്രായം തുറന്നു പ്രകടിപ്പിക്കാനും ടീമിന്റെ വളർച്ചയ്ക്കായി നിർദ്ദേശങ്ങൾ നൽകാനും സാധിക്കുന്ന രീതിയിലാണ് ഇന്ത്യൻ ഡ്രസിങ് റൂമിലെ അന്തരീക്ഷമെന്നും ശാസ്ത്രി വിശദീകരിച്ചു.

‘ടീമിൽ 15 താരങ്ങൾ ഉണ്ടെങ്കിൽ അവർക്കിടയിൽ രണ്ട് അഭിപ്രായങ്ങൾക്കുള്ള സാധ്യതയും വളരെ കൂടുതലാണ്. അതാണല്ലോ വേണ്ടതും. എല്ലാവരും ഒരേ ലൈനിൽ നിരന്നുനിൽക്കണമെന്ന് ശാഠ്യമുള്ള ആളല്ല ഞാൻ. ടീമംഗങ്ങൾക്കിടയിൽ ആരോഗ്യകരമായ ചർച്ചകൾ നടക്കണം. അതിൽനിന്ന് നൂതനമായ ആശയങ്ങൾ ഉണ്ടാകണം. അങ്ങനെ ഓരോരുത്തരും നൽകുന്ന ആശയങ്ങളിൽനിന്ന് നല്ലത് തിരഞ്ഞെടുത്ത് മുന്നോട്ടുപോകണം’ – ശാസ്ത്രി പറഞ്ഞു.

പുതിയ കാലഘട്ടത്തിൽ ഒട്ടേറെ മഹത്തായ നേട്ടങ്ങൾ വെട്ടിപ്പിടിക്കാൻ ശേഷിയുള്ള ടീമാണ് ഇപ്പോഴത്തേതെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു. വലിയ കാര്യങ്ങൾ ചെയ്യാനുള്ള ശേഷി ഈ ടീമിനുണ്ട്. 1980കളിൽ വെസ്റ്റിൻഡീസും ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഓസ്ട്രേലിയയും കാഴ്ചവച്ച സമ്പൂർണമായ പ്രകടനം ഈ ടീമിനും സാധിക്കും. അവരതിനു തുടക്കമിട്ടു കഴിഞ്ഞെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി.

English Summary: Difference of Opinion Can't be Seen as Conflict: Shastri on Alleged Kohli-Rohit Rift

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com