ADVERTISEMENT

ന്യൂഡൽഹി∙ കെ.എൽ. രാഹുൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന സാഹചര്യത്തിൽ‌ ഏകദിന, ട്വന്റി20 ടീമുകളുടെ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശർമയെ ടെസ്റ്റിലും ഓപ്പണറാക്കിയേക്കുമെന്ന സൂചനയുമായി ചീഫ് സിലക്ടർ എം.എസ്.കെ. പ്രസാദ്. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഇടം പിടിച്ചെങ്കിലും രണ്ടു മൽസരങ്ങളിലും രോഹിതിനെ കളിപ്പിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ രോഹിത്തിനെ ഓപ്പണറാക്കിയേക്കുമെന്ന പ്രസാദിന്റെ വാക്കുകൾ.

ഏകദിന, ട്വന്റി20 ഫോർമാറ്റുകളിൽ ടീം ഇന്ത്യയുടെ സ്ഥിരം ഓപ്പണറാണെങ്കിലും ടെസ്റ്റിൽ മധ്യനിര ബാറ്റ്സ്മാന്റെ റോളിലാണ് രോഹിത് കളിക്കാറുള്ളത്. വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ മധ്യനിരയിൽ അജിൻക്യ രഹാനെയും ഹനുമ വിഹാരിയും മികവു കാട്ടിയതോടെ ആ സ്ഥാനങ്ങളിൽ രോഹിത്തിന് തിരിച്ചുവരവ് എളുപ്പമാകില്ല. ഈ സാഹചര്യത്തിലാണ് ഓപ്പണറുടെ വേഷത്തിൽ സ്ഥിരമായി പരാജയപ്പെടുന്ന കെ.എൽ. രാഹുലിന്റെ സ്ഥാനത്ത് രോഹിത്തിനെ പരീക്ഷിക്കുന്ന കാര്യം സിലക്ടർമാർ പരിഗണിക്കുന്നത്.

‘വെസ്റ്റിൻഡീസ് പര്യടനത്തിനുശേഷം സിലക്ഷൻ കമ്മിറ്റി യോഗം ചേർന്നിട്ടില്ല. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമിനെ തിരഞ്ഞെടുക്കാൻ സമ്മേളിക്കുമ്പോൾ, രോഹിത്തിനെ ഓപ്പണറുടെ വേഷത്തിലേക്ക് പരിഗണിക്കുന്ന കാര്യം തീർച്ചയായും ചർച്ച ചെയ്യും. കെ.എൽ. രാഹുൽ തീർച്ചയായും പ്രതിഭയുള്ള താരമാണ്. ടെസ്റ്റിൽ ഇപ്പോൾ അദ്ദേഹത്തിന് അത്ര നല്ല സമയമല്ല. അദ്ദേഹം ഫോമിലല്ല എന്നത് ഞങ്ങളുടെ ശ്രദ്ധയിലുണ്ട്. രാഹുൽ എത്രയും വേഗം ഫോം വീണ്ടെടുക്കേണ്ടതുണ്ട്’ – പ്രസാദ് പറഞ്ഞു.

വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ 13, 6, 44, 38 എന്നിങ്ങനെയായിരുന്നു രാഹുലിന്റെ സ്കോറുകൾ. വെസ്റ്റിൻഡീസ് പര്യടനത്തിലെ ട്വന്റി20 ടീമിലും ഇപ്പോൾ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ ട്വന്റി20ക്കും ടീമിൽ ഇല്ലാത്ത യുസ്‌വേന്ദ്ര ചെഹലും കുൽദീപ് യാദവും അടുത്ത വർഷത്തെ ലോകകപ്പ് പദ്ധതികളിൽ സജീവമായിട്ടുണ്ടെന്ന് പ്രസാദ് വ്യക്തമാക്കി. ധരംശാലയിൽ സെപ്റ്റംബർ 15ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ രാഹുൽ ചഹറും വാഷിങ്ടൻ സുന്ദറുമാണ് സ്പെഷലിസ്റ്റ് സ്പിന്നർമാർ. വിൻഡീസ് പര്യടനത്തിലും ഇരുവരും ടീമില്‍ ഉണ്ടായിരുന്നു.

English Summary: Rahul's form an issue, consider Rohit as Test opener: MSK Prasad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com