ADVERTISEMENT

കൊളംബോ∙ കൂടുതൽ രാജ്യാന്തര മൽസരങ്ങൾക്ക് ആതിഥ്യം വഹിച്ച് രാജ്യാന്തര ക്രിക്കറ്റിന്റെ മുഖ്യധാരയിലേക്ക് മടങ്ങിയെത്താനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ പാക്കിസ്ഥാനിൽ പര്യടനം നടത്താമെന്നേറ്റ ആദ്യത്തെ പ്രമുഖ ടീമായ ശ്രീലങ്കയുടെ 10 പ്രമുഖ താരങ്ങൾ പാക്കിസ്ഥാനിലേക്കു പോകാൻ വിസമ്മതിച്ചു. ട്വന്റി20 ക്യാപ്റ്റൻ ലസിത് മലിംഗ, ഏകദിന ടീം നായകൻ ദിമുത് കരുണരത്‍നെ എന്നിവർ ഉൾപ്പെടെ 10 പേരാണ് പര്യടനത്തിൽനിന്ന് പിന്മാറിയത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പിൻമാറ്റം. സെപ്റ്റംബർ 27ന് കറാച്ചിയിൽ ആരംഭിക്കുന്ന പരമ്പരയിൽ മൂന്നു വീതം ഏകദിന, ട്വന്റി20 മൽസരങ്ങളാണുള്ളത്.

മലിംഗ, കരുണരത്‌നെ എന്നിവർക്കു പുറമെ തിസാര പെരേര, ഏഞ്ചലോ മാത്യൂസ്, നിരോഷൻ ഡിക്ക്‌വല്ല, കുശാൽ പെരേര, ധനഞ്ജയ ഡിസിൽവ, അഖില ധനഞ്ജയ, സുരംഗ ലക്മൽ, ദിനേഷ് ചണ്ഡിമൽ എന്നിവരാണ് വിസമ്മതം അറിയിച്ചത്. ഇതോടെ പാക്കിസ്ഥാനിൽ പര്യടനം നടത്തുന്ന ഏകദിന ടീമിനെ ലഹിരു തിരിമാന്നെയും ട്വന്റി20 ടീമിനെ ദസൂൺ ഷാനകയും നയിക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം, പാക്കിസ്ഥാൻ താരങ്ങൾ പരമ്പരയിൽനിന്ന് പിൻമാറാൻ കാരണം ഇന്ത്യയാണെന്ന ആക്ഷേപവുമായി പാക്കിസ്ഥാനിലെ ഇമ്രാൻ സർക്കാരിൽ ശാസ്ത്ര, സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്ന മന്ത്രി ഫവാദ് ഹുസൈൻ ചൗധരി രംഗത്തെത്തി. പരമ്പരയിൽ കളിക്കുന്നവരെ ഐപിഎല്ലിൽ കളിപ്പിക്കില്ലെന്ന് ഇന്ത്യ ഭീഷണിപ്പെടുത്തിയെന്നാണ് ആക്ഷേപം. 

2009ൽ ലഹോറിൽവച്ച് ശ്രീലങ്കൻ ടീമിനു നേരെ ഭീകരാക്രമണമുണ്ടായ ശേഷം പ്രമുഖ ടീമുകളൊന്നും പാക്കിസ്ഥാനിലേക്ക് കാര്യമായി പോയിട്ടില്ല. സിംബാബ്‌വെയെ പോലുള്ള ചെറിയ ടീമുകൾ മാത്രമാണ് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ പാക്കിസ്ഥാനിൽ രാജ്യാന്തര മൽസരങ്ങൾക്ക് പോയിട്ടുള്ളത്. 2017ൽ ട്വന്റി20 മൽസരങ്ങൾക്കായി തിസാര പെരേരയുടെ നേതൃത്വത്തിൽ ശ്രീലങ്കൻ ടീം ചെറിയ കാലയളവിൽ ഇവിടേക്കു വന്നിരുന്നു. മറ്റു ടീമുകളുമായി ദുബായ് ഉൾപ്പെടെയുള്ള നിഷ്പക്ഷ വേദികളിലാണ് പാക്കിസ്ഥാൻ കളിക്കാറുള്ളത്. ഇന്ത്യയാകട്ടെ, പാക്കിസ്ഥാനുമായി ഉഭയകക്ഷി പരമ്പര കളിച്ചിട്ട് വർഷങ്ങള്‍ കഴിഞ്ഞു.

ഈ പതിവിനിടെയാണ് പാക്കിസ്ഥാന് പ്രതീക്ഷ സമ്മാനിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അവിടെ പര്യടനം നടത്താമെന്ന് സമ്മതിച്ചത്. ട്വന്റി20, ഏകദിന പരമ്പരകളിൽ കളിക്കാമെന്നായിരുന്നു വാഗ്ദാനം. ടെസ്റ്റ് കൂടി കളിക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സമ്മർദ്ദം ചെലുത്തിയെങ്കിലും ശ്രീലങ്കൻ അധികൃതർ അയയാതെ വന്നതോടെ ടെസ്റ്റ് പരമ്പര നിഷ്പക്ഷ വേദിയിേലക്കു മാറ്റി. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പരമ്പരയ്ക്ക് സമ്മതിച്ചെങ്കിലും താരങ്ങൾക്കിടയിൽ അന്നുമുതലേ എതിരഭിപ്രായം ഉയർന്നിരുന്നു. തിസാര പേരെര ഉൾപ്പെടെയുള്ളവർ ഇക്കാര്യം ബോർഡിനെ അറിയിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഏകദിന, ട്വന്റി20 ടീമുകളുടെ ക്യാപ്റ്റൻമാർ ഉൾപ്പെടെ 10 താരങ്ങൾ പാക്കിസ്ഥാനിൽ കളിക്കാൻ വിസമ്മതം അറിയിച്ചത്.

പാക്കിസ്ഥാനിലേക്കു പോകുന്ന താരങ്ങൾക്കായി ഒരുക്കിയിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ആദ്യമേ തന്നെ ബോർഡ് അധികൃതർ ടീമിന് പ്രത്യേകം വിശദീകരിച്ചു നൽകിയിരുന്നു. ഇതിനുശേഷം താൽപര്യമുള്ളവർക്കു മാത്രം പാക്കിസ്ഥാനിലേക്കു പോകാമെന്നും വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് 10 താരങ്ങൾ വിസമ്മതം പരസ്യമാക്കിയത്.

English Summary: Ten Sri Lankans opt out of Pakistan cricket tour over security fears.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com