ADVERTISEMENT

ഏത് ശക്തമായ ബാറ്റിങ്ങ് നിരയെയും സിംഹശൗര്യത്തോടെ ആക്രമിച്ച് കടിച്ചുകീറുന്ന ബോളിങ് നിര. ഏതു ബോളിങ്ങ് നിരയെയും അടിച്ചു തകർക്കാനും പ്രതിരോധിക്കാനും ശേഷിയുള്ള ബാറ്റിങ്ങ് നിര. ചോരാത്ത കൈകളുമായി പന്തിനെ പറന്ന് പിടിക്കുന്ന ഫീൽഡർമാർ, ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാർ. എന്നും റാങ്കിങ്ങിന്റെ ആദ്യ സ്ഥാനങ്ങളിൽ തലയെടുപ്പോടെ നിന്നിരുന്ന ഇതിഹാസ താരങ്ങൾ. ക്രിക്കറ്റിലെ ആഫ്രിക്കൻ പ്രതാപം അസ്തമിക്കുകയാണോ? ഐസിസി ടൂർണമെന്റുകളില്‍ വലിയ കിരീടനേട്ടങ്ങളൊന്നും  അവകാശപ്പെടാനില്ലെങ്കിലും ഏതു ഫോർമാറ്റിലും ദക്ഷിണാഫ്രിക്ക എന്നും ഹോട്ട് ഫേവറിറ്റുകളായിരുന്നു. അടുത്തകാലത്തായി ഇൗ ഹോട്ട് ഫേവറിറ്റ് പദവി ആഫ്രിക്കൻ ടീമിന് കൈമോശം വന്നിരിക്കുന്നു.

ഏതാനും വർഷം മുൻപുവരെ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടാൻ ഒരുങ്ങുമ്പോൾ ഏതു ടീമിന്റെയും ആലോചന എങ്ങനെ ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബോളർമാരെ നേരിടുമെന്നതായിരുന്നു. തന്ത്രങ്ങളൊരുപാട് ഒരുക്കിയാലും മൂളിപ്പറന്നെത്തുന്ന പന്തുകൾക്ക് മുന്നിൽ കീഴടങ്ങാനായിരുന്നു മിക്ക ടീമുകളുടെയും വിധി. നീണ്ട കാലത്തെ വിലക്കിനുശേഷം 1991ൽ ലോകക്രിക്കറ്റിേക്ക് മടങ്ങിയെത്തിയ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വലിയ കരുത്തായിരുന്നു അവരുടെ പേസ് പട. അലൻ ഡൊണാൾഡ്, ഷോൺ പൊള്ളോക്ക്, ലാൻസ് ക്ലൂസ്നർ, ആന്ദ്രേ നെൽ, മഖായ എന്റിനി, മോണി മോർക്കൽ, ഡെയ്ൽ സ്റ്റെയ്ൻ.. ചത്ത പിച്ചുകളെപ്പോലും പറപ്പിക്കാൻ ശേഷിയുള്ളവരായിരുന്നു ദക്ഷിണാഫ്രിക്കൻ ബോളർമാർ.

വേഗം കുറഞ്ഞ ഏഷ്യൻ പിച്ചുകളിൽപ്പോലും വേഗം കൊണ്ടും ബൗണ്‍സ് കൊണ്ടും സ്വിങ് കൊണ്ടും ബാറ്റ്സ്മാനെ ഭയത്തിന്റെ ക്രീസിൽ തളച്ചിടാൻ അവർക്കായി. ഒരുകാലത്ത് വിക്കറ്റുകൾ കടപുഴക്കി ഹുങ്കാരത്തോടെ ആഞ്ഞടിച്ചിരുന്ന ആഫ്രിക്കൻ പേസ് കൊടുങ്കാറ്റ് ഇന്ന് എതിർടീമുകളുടെ ഉറക്കം കെടുത്തുന്നില്ല. ഒറ്റ സ്പെല്ലിൽ കളിയുടെ ഗതി മാറ്റിമറിക്കാൻ ശേഷിയുണ്ടായിരുന്ന ബോളർമാരുടെ നിഴലായി നിൽക്കാൻ മാത്രമേ പുതിയ തലമുറ ബോളർമാർക്കാകുന്നുള്ളൂ. 

ടീമുകളുടെ ഉറക്കം കെടുത്തിയിരുന്ന ആ പേസ് പാരമ്പര്യം ദക്ഷിണാഫ്രിക്കയ്ക്ക് കൈമോശം വന്നിരിക്കുന്നെന്നാണ് അടുത്ത കാലങ്ങളിലെ പ്രകടനങ്ങൾ തെളിയിക്കുന്നത്. കഴിഞ്ഞ ലോകകപ്പിൽ ദക്ഷിണാഫ്രിക്ക അവരുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് കാഴ്ച വച്ചത്. ഐപിഎല്ലിലെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ഏറെ കൊട്ടിഘോഷിക്കപ്പെട്ട് ലോകകപ്പിനെത്തിയ കഗിസോ റബാദ, ലുങ്കി എൻഗിഡി, ക്രിസ് മോറിസ് പേസ് സഖ്യത്തിന് ദുർബലരായ ടീമുകള്‍ക്കെതിരെ പോലും ആധിപത്യം നേടാനായില്ല.

നിക്കി ബോയെ, റോബിൻ പീറ്റേഴ്സൺ, ജെ.പി. ഡുമിനി, ഇമ്രാൻ താഹിർ തുടങ്ങി ലോകോത്തര നിലവാരമുള്ള സ്പിന്നർമാരും ടീമിന് എന്നും മുതൽക്കൂട്ടായിരുന്നു. ഇവർക്കു ശേഷം  മാച്ച് വിന്നർമാരായ സ്പിന്നർമാരെയും കണ്ടെത്തായിട്ടില്ലെന്നത് ടീമിനെ വലയ്ക്കുന്നുണ്ട്.

ബാറ്റിങ്ങിലും നിലവാരത്തകർച്ച പ്രകടമാണ്. ഗാരി കിർസ്റ്റനെയോ ഗിബ്സിനെയോ ഡിവില്ലേഴ്സിനെയോ പോലെ ഏതു ബോളിങ്ങ് നിരയെയും തച്ചുതകർക്കാൻ ശേഷിയുള്ള ബാറ്റ്സ്മാന്മാർ ആരും തന്നെയില്ല ബാറ്റിങ്ങ് നിരയിൽ. ഏതു പ്രതിസന്ധി ഘട്ടത്തിലും ടീമിനെ ചുമലിലേറ്റാൻ ശേഷിയുള്ള ജാക് കാലിസ്, ഗ്രെയിം സ്മിത്ത്, ഹാഷിം അംല ശ്രേണിയിലുമില്ല എടുത്തുപറയാൻ ഒരാൾ. ബാറ്റുകൊണ്ടും ബോളു കൊണ്ടും ഒരേപോലെ കളിയുടെ ഗതി മാറ്റിമറിക്കാൻ ശേഷിയുണ്ടായിരുന്ന ഷോൺ പൊള്ളൊക്കിന്റെയോ, ലാൻസ് ക്ലൂസനറുടെയോ മിന്നും പ്രകടനങ്ങളൊന്നും അടുത്ത കാലത്തെങ്ങും ദക്ഷിണാഫ്രിക്കൻ ടീമിൽ നിന്നു കണ്ടിട്ടില്ല.

ജോണ്ടി റോഡ്സിന്റെ പറക്കും ഫീൽഡിങ്ങ് പാരമ്പര്യമുള്ള ടീമിന്റെ കൈകൾ ചോരുന്നതും സമീപകാലത്തെ കളികളിൽ പലതവണ കണ്ടു. ഫാഫ് ഡുപ്ലെസിയും, ക്വിന്റൺ ഡികോകും, ഡീൻ എൽഗാറും, ഏയ്ഡൻ മാർക്രവും ബാറ്റുകൊണ്ടും റബാദയും കേശവ് മഹാരാജും ലുംഗി എൻഗിഡിയുമൊക്കെ ബോളു കൊണ്ടും ഒറ്റപ്പെട്ട പ്രകടനങ്ങൾ കാഴ്ച വച്ചിട്ടുണ്ടെങ്കിലും  മുൻതലമുറയ്ക്കൊപ്പമെത്തണമെങ്കിൽ അവർ ഇനിയും മുന്നേറേണ്ടിയിരിക്കുന്നു.

English Summary: What Happened to South Africa Cricket Team?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com