sections
MORE

തൊട്ടടുത്ത പന്ത് ഓർമയുണ്ടോ? പാണ്ഡ്യയുടെ ‘പൊങ്ങച്ച’ത്തിന് സഹീറിന്റെ മറുപടി

zaheer-khan-hardik-pandya
സഹീർ ഖാൻ, ഹാർദിക് പാണ്ഡ്യ
SHARE

മുംബൈ∙ മുൻ ഇന്ത്യൻ താരം സഹീർ ഖാന്റെ 41–ാം ജന്മദിനത്തിൽ ആശംസ നേർന്ന് പുലിവാലു പിടിച്ച ഹാർദിക് പാണ്ഡ്യയ്ക്ക് നേരിട്ടു മറുപടി നൽകി താരം. സഹീറിന് ജന്മദിനാശംസകൾ നേരുന്ന പോസ്റ്റിനൊപ്പം ഹാർദിക് പോസ്റ്റ് ചെയ്ത വിഡിയോയാണ് ആരാധകരിൽനിന്ന് കടുത്ത വിമർശനം വരുത്തിവച്ചത്. ഹാർദിക്കിന്റെ ആശംസയ്ക്ക് സഹീർ നൽകിയ രസകരമായ മറുപടി സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. പുറംവേദനയെ തുടർന്ന് ലണ്ടനിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി വിശ്രമത്തിലാണ് പാണ്ഡ്യ.

ഒക്ടബോർ ഏഴിനായിരുന്നു സഹീർ ഖാന്റെ 41–ാം ജന്മദിനം. അന്ന് ട്വിറ്ററിലൂടെ പാണ്ഡ്യ നേർന്ന ആശംസ, താരത്തെ അപമാനിക്കുന്നതിനു തുല്യമാണെന്നായിരുന്നു ആക്ഷേപം. സഹീർ ഖാന് ജന്മദിനാശംസ നേരുന്നിടത്തു പോലും പാണ്ഡ്യ ‘പൊങ്ങച്ചം’ പ്രകടിപ്പിക്കാൻ ശ്രമിച്ചെന്നാണ് വിമർശനം.

‘ജന്മദിനാശംസകൾ സാക്... ഞാൻ ഈ ചെയ്തതുപോലെ നിങ്ങളും ആഘോഷങ്ങൾ പൊളിച്ചടുക്കിയെന്നു കരുതുന്നു’ എന്ന വാചകത്തോടൊപ്പം പാണ്ഡ്യ പോസ്റ്റ് ചെയ്ത വിഡിയോയാണ് വിവാദത്തിനു തിരികൊളുത്തിയത്.

ഒരു ആഭ്യന്തര ക്രിക്കറ്റ് മൽസരത്തിൽ സഹീറിന്റെ പന്തിൽ പാണ്ഡ്യ സിക്സടിക്കുന്ന വിഡിയോയാണിത്. സഹീറിനെ ഇഷ്ടപ്പെടുന്ന ആരാധകർക്ക് ഈ വിഡിയോ തീരെ ദഹിച്ചില്ല. സഹീറിനെക്കുറിച്ച് നല്ലതു പറയേണ്ടിടത്ത് സ്വയം ഉയർത്തിക്കാട്ടാനുള്ള ശ്രമമാണ് പാണ്ഡ്യയുടേതെന്നായിരുന്നു വിമർശനം. ഇതിനു പിന്നാലെയാണ് സഹീർ സ്വന്തം നിലയ്ക്കും പാണ്ഡ്യയ്ക്ക് മറുപടി നൽകിയത്. സഹീറിന്റെ മറുപടി ട്വീറ്റ് ഇങ്ങനെ:

‘ഹഹഹഹ... ആശംസകൾക്ക് നന്ദി ഹാർദിക്. എനിക്ക് നിങ്ങളുടെയത്ര ബാറ്റിങ് മികവില്ലെന്നത് വസ്തുതയാണ്. എങ്കിലും എന്റെ ജന്മദിനം ഇതേ മൽസരത്തിൽ നിങ്ങൾക്കെതിരെ ഞാൻ എറിഞ്ഞ അടുത്ത പന്തുപോലെ മികച്ചതായിരുന്നു.’

സഹീറിന്റെ കുറിക്കുകൊള്ളുന്ന മറുപടി പാണ്ഡ്യയുടെ ആശംസാ ട്വീറ്റിനു ലഭിച്ചതിലുമധികം ലൈക്കാണ് വാരിക്കൂട്ടിയത്. നിരവധിപേർ ഇത് റീട്വീറ്റും ചെയ്തു. 2011ൽ ഇന്ത്യ ഏകദിന ലോകകപ്പു നേടുമ്പോൾ ടീമിന്റെ നെടുന്തൂണുകളിലൊന്നായിരുന്നു ഈ ഇടങ്കയ്യൻ ബോളർ. 2003, 2007, 2011 ലോകകപ്പുകളിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബോളറും സഹീർ തന്നെ. ഇന്ത്യൻ ജഴ്സിയിൽ 92 ടെസ്റ്റുകളിൽനിന്ന് 311 വിക്കറ്റുകളും,  200 ഏകദിനങ്ങളിൽനിന്ന് 282 വിക്കറ്റുകളും 17 ട്വന്റി20 മൽസരങ്ങളിൽനിന്ന് 17 വിക്കറ്റുകളാണ് സഹീറിന്റെ നേട്ടം.

English Summary: Zaheer Khan Had the Perfect Clap Back to Hardik Pandya's 'Disrespectful' Birthday Wish

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA