ADVERTISEMENT

പുണെ∙ ഇത് ടെസ്റ്റ് മൽസരമോ അതോ ട്വന്റി20യോ? പുണെ ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം സെഷനിൽ വിരാട് കോലി ഇരട്ടസെഞ്ചുറി പൂർത്തിയാക്കിയ ശേഷമുള്ള ഇന്ത്യയുടെ ബാറ്റിങ് പ്രകടനത്തിന് സാക്ഷികളായവർ തീർച്ചയായും ചോദിച്ചിരിക്കും, ഈ ചോദ്യം! കൂറ്റൻ സ്കോറിന് അടിത്തറയിട്ട ശേഷം വിരാട് കോലി – രവീന്ദ്ര ജഡേജ സഖ്യമാണ് പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലെത്തിയ ആരാധകർക്ക് അൽപനേരം ‘ട്വന്റി20’യുടെ ആവേശം സമ്മാനിച്ചത്. ഇന്ത്യൻ ഇന്നിങ്സിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് തീർത്ത ഈ സഖ്യം അവസാന 12.3 ഓവറിൽ അടിച്ചെടുത്തത് 118 റൺസാണ്. അതായത് 75 പന്തിൽ 118 റൺസ്! ഓവറിലെ ശരാശരി പത്തിന് തൊട്ടടുത്ത്!

144–ാം ഓവറിൽ കോലി ഇരട്ടസെഞ്ചുറി പൂർത്തിയാക്കുമ്പോൾ ഇന്ത്യൻ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത് 483 റൺസാണ്. ഇതിനുശേഷമാണ് കോലിയും ജഡേജയും ബാറ്റിങ്ങിന്റെ ഗിയർ മാറ്റിയത്. തുടർന്ന് പന്തെറിയാനെത്തിയ ദക്ഷിണാഫ്രിക്കൻ ബോളർമാർക്കെല്ലാം കണക്കിനു കിട്ടി. 144–ാം ഓവർ അവസാനിക്കുമ്പോൾ 297 പന്തിൽ 200 റൺസെന്ന നിലയിലായിരുന്നു കോലി. തുടർന്നങ്ങോട്ട് നേരിട്ട 39 പന്തിൽ ഇന്ത്യൻ നായകൻ അടിച്ചെടുത്തത് 54 റൺസാണ്. ഇതിൽ അഞ്ചു ഫോറും രണ്ടു സിക്സും ഉൾപ്പെടുന്നു. ഈ സമയം സെഞ്ചുറി ലക്ഷ്യമിട്ട് തകർത്തടിച്ച രവീന്ദ്ര ജഡേജയാകട്ടെ, 38 പന്തിൽ നേടിയത് 62 റൺസാണ്. കോലിയേക്കാൾ ആക്രമണോത്സുകത കാട്ടിയ ജഡേജ ആറു ഫോറും രണ്ടു സിക്സും സഹിതമാണ് 62 റൺസെടുത്തത്.

ടെസ്റ്റ് ക്രിക്കറ്റിൽ 100 വിക്കറ്റ് തികച്ചതിന്റെ പകിട്ടിലെത്തിയ സ്പിന്നർ കേശവ് മഹാരാജിന്റെ ഒരു ഓവറിൽ രണ്ട് സിക്സും രണ്ടു ഫോറും സഹിതം 21 റൺസാണ് ഇരുവരും അടിച്ചെടുത്തത്. ആദ്യ പന്ത് സിക്സ് അടിച്ച് ജഡേജയാണ് ആവേശ പ്രകടനത്തിന് തിരികൊളുത്തിയത്. ബാക്കി കോലി ഏറ്റെടുത്തു. ഈ ഓവറിൽ പിറന്ന റൺസ് ഇങ്ങനെ: 6, 1, 6, 0, 4, 4.

144–ാം ഓവറിനു ശേഷം ഇന്ത്യൻ ഇന്നിങ്സിലെ ഓരോ ഓവറിലും പിറന്ന റൺസ് ഇങ്ങനെ:

145 – അഞ്ച്

‌146 – 14

147 – നാല്

148 – 13

149 – 11

150 – 21

151 – 13

152 – 8

153 – 5

154 – അഞ്ച്

155 – 7

156 – 8

157 – 8

രവീന്ദ്ര ജഡേജയുടെ സെഞ്ചുറിക്കായി ഡിക്ലറേഷൻ വൈകിച്ചെങ്കിലും ഫലമുണ്ടായില്ല. സെഞ്ചുറിയിലേക്കുള്ള കുതിപ്പിൽ ഒൻപത് റൺസ് അകലെ ജഡേജ വീണു. 104 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും സഹിതമാണ് ജഡേജ 91 റൺസെടുത്തത്. സെനുരൻ മുത്തുസ്വാമിയുടെ പന്തിൽ ഡിബ്രൂയ്ന് ക്യാച്ച് സമ്മാനിച്ചാണ് ജഡേജ മടങ്ങിയത്. ഇതോടെ കോലി ഇന്നിങ്സും ഡിക്ലയർ ചെയ്തു. ഇന്ത്യൻ ഇന്നിങ്സിലെ ഏറ്റവും വലിയ കൂട്ടുകെട്ട് തീർത്ത ഇവരുടെ സഖ്യം 225 റൺസാണ് സ്കോർ ബോർഡിൽ എത്തിച്ചത്. കോലി  336 പന്തിൽ 33 ഫോറും രണ്ടു സഹിതം254 റൺസുമായി പുറത്താകാതെ നിന്നു. ടെസ്റ്റ് കരിയറിൽ കോലിയുടെ ഉയർന്ന വ്യക്തിഗത സ്കോറാണിത്. 

ഇന്ത്യൻ ഇന്നിങ്സിൽ 100 പിന്നിട്ട മൂന്നാമത്തെ സഖ്യമാണ് കോലിയും ജഡേജയും. രണ്ടാം വിക്കറ്റിൽ ചേതേശ്വർ പൂജാര – മായങ്ക് അഗർവാൾ സഖ്യവും (138), നാലാം വിക്കറ്റിൽ വിരാട് കോലി – അജിൻക്യ രഹാനെ സഖ്യവും (178) സെഞ്ചുറി കൂട്ടുകെട്ടു തീർത്തിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ കോലിയുടെ ഏഴാം ഇരട്ടസെഞ്ചുറിയാണിത്. ഇരട്ടസെഞ്ചുറിക്കൊപ്പം കോലി ടെസ്റ്റ് ക്രിക്കറ്റിൽ 7000 റൺസ് നാഴികക്കല്ലും പിന്നിട്ടു. 138–ാം ഇന്നിങ്സിൽ നാഴികക്കല്ലു താണ്ടിയ കോലി, ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ താരമാണ്. ഗാരി സോബേഴ്സ്, കുമാർ സംഗക്കാര എന്നിവർക്കൊപ്പമാണ് കോലിയും. 131 ടെസ്റ്റിൽനിന്ന് നേട്ടം സ്വന്തമാക്കിയ വാലി ഹാമണ്ടാണ് മുന്നിൽ. വീരേന്ദർ സേവാഗ് (134), സച്ചിൻ തെൻഡുൽക്കർ (136) എന്നിവർ രണ്ടാമത്.

English Summary: India vs South Africa, 2nd Test - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com