ADVERTISEMENT

മുംബൈ∙ അടുത്ത ഐപിഎൽ സീസണിൽ കിങ്സ് ഇലവൻ പ‍ഞ്ചാബിനെ മുൻ ഇന്ത്യൻ പരിശീലകൻ കൂടിയായ അനിൽ കുബ്ലെ കളി പഠിപ്പിക്കും. മുൻ ഇന്ത്യൻ താരവും ക്യാപ്റ്റനുമായിരുന്ന കുംബ്ലെയെ കിങ്സ് ഇലവൻ പഞ്ചാബിന്റെ ഡയറക്ടറായി നിയമിച്ചു. മുംബൈയിലെ ഒരു ഹോട്ടലിൽ നടന്ന പ‍ഞ്ചാബ് ടീം അധികൃതരുടെ യോഗത്തിലാണ് തീരുമാനം. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് ഇന്ത്യൻ പരിശീലക വേഷം ഉപേക്ഷിച്ച ശേഷം, കുംബ്ലെ വീണ്ടും ഒരു ടീമിനെ പരിശീലിപ്പിക്കാനെത്തുന്നത് ഇതാദ്യമാണ്.

‘കിങ്സ് ഇലവൻ പഞ്ചാബിനെ പരിശീലിപ്പിക്കാനുള്ള ചുമതല ഞങ്ങൾ അനിൽ കുംബ്ലെയെ ഏൽപ്പിക്കുന്നു. ക്രിക്കറ്റ് താരമെന്ന നിലയിലും പരിശീലകനെന്ന നിലയിലും കുംബ്ലെയുടെ കഴിവുകൾ നമുക്കെല്ലാം അറിയാവുന്നതാണ്. വളരെ ശാന്തനും മികച്ച വ്യക്തിയുമാണ് കുംബ്ലെ. മുൻപ് രണ്ട് ഐപിഎൽ ടീമുകൾക്കൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവസമ്പത്തുമായാണ് അദ്ദേഹം പഞ്ചാബ് ടീമിനൊപ്പം ചേരുന്നത്. മാത്രമല്ല, ഇന്ത്യൻ ടീമിനൊപ്പം പ്രവർത്തിച്ച പരിചയവുമുണ്ട്. കുംബ്ലെയ്ക്കു കീഴിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ പ‍ഞ്ചാബിന് സാധിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്’ – ടീം അധികൃതർ പറഞ്ഞു.

കിങ്സ് ഇലവൻ പഞ്ചാബിന്റെ പരിശീലകനായിരുന്ന ന്യൂസീലൻഡുകാരൻ മൈക്ക് ഹെസ്സൻ ഏതാനും മാസങ്ങൾക്കു മുൻപ് സ്ഥാനമൊഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പരിശീലകനായി പഞ്ചാബ് ടീം കുംബ്ലെയെ നിയമിച്ചത്. പഞ്ചാബിനൊപ്പം ചേരുന്നതിനു മുൻപ് മുംബൈ ഇന്ത്യൻസ്, റോയൽ ചാല‍ഞ്ചേഴ്സ് ബാംഗ്ലൂർ ടീമുകളുടെ മെന്ററായി പ്രവർത്തിച്ച പരിചയം കുംബ്ലെയ്ക്കുണ്ട്. അദ്ദേഹം മുംബൈയുടെ മെന്ററായിരുന്ന സമയത്താണ് (2013, 2015) അവർ ഐപിഎൽ കിരീടം ചൂടിയത്. ഇന്ത്യൻ പരിശീലകനായിരിക്കെ കുംബ്ലെയ്ക്കു കീഴിൽ ന്യൂസീലൻഡ്, ഓസ്ട്രേലിയ, ബംഗ്ലദേശ്, ഇംഗ്ലണ്ട് ടീമുകൾക്കെതിരെ പരമ്പര നേട്ടം സ്വന്തമാക്കിയ ഇന്ത്യ, ചാംപ്യൻസ് ട്രോഫി ഫൈനലിലും എത്തിയിരുന്നു. 

അതേസമയം, ഐപിഎല്ലിൽ ഇതുവരെ കിരീടം നേടാത്ത മൂന്നു ടീമുകളിൽ ഒന്നാണ് പഞ്ചാബ്. വിരാട് കോലിയുടെ റോയൽ ചാല‍ഞ്ചേഴ്സ് ബാംഗ്ലൂർ, ഡൽഹി ക്യാപിറ്റൽസ് ടീമുകളാണ് ഇപ്പോഴും കിരീട വരൾച്ച നേരിടുന്ന മറ്റു ടീമുകൾ. കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്തെത്തിയ കിങ്സ് ഇലവൻ പഞ്ചാബ്, നായകനായിരുന്ന രവിചന്ദ്രൻ അശ്വിനെയും ഒഴിവാക്കിക്കഴിഞ്ഞു.

English Summary: Kings XI Punjab hand over coaching reins to Anil Kumble

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com