ADVERTISEMENT

പുണെ∙ വാലറ്റത്തിന്റെ പ്രതിരോധവും തകർത്ത് ഇന്ത്യൻ ബോളർമാർ വിക്കറ്റുകൾ കൂടി പിഴുതതോടെ ദക്ഷിണാഫ്രിക്ക 275 റൺസിന് ഓൾഔട്ട്. മൂന്നാം ദിനം ഉച്ചസമയം വരെ ആധിപത്യം പുലർത്തിയ ഇന്ത്യൻ ബോളർമാരെ പിന്നീട് പരീക്ഷിച്ച ശേഷമാണ് ദക്ഷിണാഫ്രിക്കൻ വാലറ്റം കീഴടങ്ങിയത്. സ്കോർ: ഇന്ത്യ ഒന്നാം ഇന്നിങ്സ് 5ന് 601 ഡിക്ലയേഡ്. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സ് 275ന് ഓൾഔട്ട്. ഇന്ത്യയ്ക്ക് 326 റൺസ് ലീഡ്.

വാലറ്റത്തെ പ്രതിരോധമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഒൻപതാം വിക്കറ്റിൽ കേശവ് മഹാരാജും (72) വെർനോൺ ഫിലാൻഡറും (44 നോട്ടൗട്ട്) ചേർന്നു നടത്തിയ രക്ഷാപ്രവർത്തനം ദക്ഷിണാഫ്രിക്കയെ 250 കടത്തി. ഇരുവരും ചേർന്ന് 100 റൺസാണ് കൂട്ടിച്ചേർത്തത്. കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ഇവരെ കൂടാതെ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി (64), ത്യൂനിസ് ഡി ബ്രൂയിൻ (30), ക്വിന്റൻ ഡി കോക്ക് (31) എന്നിവരും രണ്ടക്കം കടന്നു. നൈറ്റ് വാച്ച്മാൻ ആൻറിച് നോർജെ (3 റൺസ്), സെനുരൻ മുത്തുസ്വാമി (7), കഗീസോ റബാദ (2) എന്നിവർ പൊരുതാതെ കീഴടങ്ങി.

നേരത്തെ, ഇന്ത്യൻ തേരോട്ടത്തിന്റെ കടിഞ്ഞാൺ മൂന്നാം ദിനം ബോളർമാർ ഏറ്റെടുത്തതോടെ ദക്ഷിണാഫ്രിക്ക‌ കൂട്ടത്തകർ‌ച്ച നേരിട്ടു. പേസർമാരും സ്പിന്നർമാരും ഒരേ പോലെ ബാറ്റ്സ്മാൻമാരെ വരിഞ്ഞുമുറുക്കിയപ്പോൾ വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെടുകയായിരുന്നു. 

തകർച്ച നേരിട്ട ദക്ഷിണാഫ്രിക്കയെ ഫാഫ് ഡുപ്ലെസിയും ക്വിന്റൻ ഡി കോക്കും ചേർന്ന് മുന്നോട്ടുനയിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ടീം സ്കോർ 128ൽ എത്തിനിൽക്കെ അശ്വിന്റെ പന്തിൽ ക്വിന്റൻ ഡി കോക്കിന്റെ (31) വിക്കറ്റു തെറിച്ചു. സെനുരൻ മുത്തുസ്വാമിയെ രവീന്ദ്ര ജഡേജ വിക്കറ്റിനു മുന്നിൽ കുരുക്കി. വൈകാതെ അശ്വിന്റെ പന്തിൽ രഹാനെയ്ക്കു ക്യാച്ച് നൽകി ഫാഫ് ഡുപ്ലെസിയും മടങ്ങി. പിന്നീട് ഒൻപതാം വിക്കറ്റിൽ കേശവ് മഹാരാജും വെർനോൺ ഫിലാൻഡറും ചേർന്നുണ്ടാക്കിയ 230 പന്തുകൾ നേരിട്ട് 100 റൺസ് കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്ക‌യെ മാന്യമായ സ്കോറിലെത്തിച്ചത്. ഇന്ത്യയ്ക്കു വേണ്ടി അശ്വിൻ നാലു വിക്കറ്റ് നേടി. ഉമേഷ് യാദവ് മൂന്നും മുഹമ്മദ് ഷമി രണ്ടും ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി. 

Umesh-Yadav-JPG
ഇന്ത്യ – ദക്ഷിണാഫ്രിക്ക‌ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ഉമേഷ് യാദവിന്റെ ബൗളിങ്. ചിത്രം: ട്വിറ്റർ

രണ്ടാം ദിനം ഇന്നിങ്സ് ഡിക്ലയർ ചെയ്ത കോലിയുടെ തീരുമാനം എത്ര ബുദ്ധിപരമായിരുന്നെന്നു തെളിയിക്കുന്നതായിരുന്നു പേസ്ബോളർമാരായ ഉമേഷ് യാദവിന്റെയും മുഹമ്മദ് ഷമിയുടെയും പ്രകടനം. അടുത്തടുത്ത ഓവറുകളിൽ എയ്ഡൻ മാർക്രമിനെയും (പൂജ്യം) ഡീൻ എൽഗാറെയും (6) പുറത്താക്കിയാണ് ഉമേഷ് യാദവ് തുടങ്ങിയത്.

തന്റെ ആദ്യ പന്തിൽ തന്നെ മുഹമ്മദ് ഷമി തെംബ ബാവുമയെ കീപ്പർ സാഹയുടെ കയ്യിലെത്തിച്ചതോടെ ദക്ഷിണാഫ്രിക്ക മൂന്നിന് 36 എന്ന നിലയിൽ രണ്ടാം ദിവസത്തെ കളി അവസാനിക്കുകയായിരുന്നു. ക്രീസിലുണ്ടായിരുന്ന ത്യൂനിസ് ഡി ബ്രൂയിനെയും ആൻറിക് നോർട്യയെയും മൂന്നാം ദിനം കളി ആരംഭിച്ചതിന്റെ പിന്നാലെ തന്നെ പുറത്താക്കി ഇരുവരും ഇന്ത്യയുടെ മേധാവിത്വം അരക്കിട്ടുറപ്പിച്ചു. 

നേരത്തെ, കളത്തിലിറങ്ങിയവരെല്ലാം മികച്ച സംഭാവനകളുമായി കളം നിറഞ്ഞതോടെ ഒന്നാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 601 റൺസെടുത്താണ് ഇന്ത്യ ഡിക്ലയർ ചെയ്തത്. രവീന്ദ്ര ജഡേജയുടെ സെഞ്ചുറിക്കായുള്ള കാത്തിരിപ്പ് വിഫലമായതിനു തൊട്ടുപിന്നാലെയാണ് ക്യാപ്റ്റൻ വിരാട് കോലി ഡിക്ലറേഷൻ പ്രഖ്യാപിച്ചത്. രണ്ടാം ടെസ്റ്റ് സെഞ്ചുറിയിലേക്കുള്ള കുതിപ്പിൽ ഒൻപതു റൺസ് അകലെ സെനുരൻ മുത്തുസ്വാമിയാണ് ജഡേജയെ പുറത്താക്കിയത്.

ഏകദിന ശൈലിയിൽ തകർത്തടിച്ച ജഡേജ, 104 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും സഹിതമാണ് 91 റൺസെടുത്തത്. 156.3 ഓവറിലാണ് ഇന്ത്യ 601 റൺസെടുത്തത്. ടെസ്റ്റ് കരിയറിലെ ഏഴാമത്തെ ഇരട്ടസെഞ്ചുറിയും ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും കണ്ടെത്തിയ കോലി, 254 റൺസുമായി പുറത്താകാതെ നിന്നു. 336 പന്തിൽ 33 ഫോറും രണ്ടു സഹിതമാണ് കോലി 254 റൺസെടുത്തത്.

ക്യാച്ച് കൈവിടുന്നവരെ ദൈവം പോലും....

ആദ്യദിനം മായങ്ക് അഗർവാളിന്റേത് മയത്തിലുള്ള ആക്രമണമായിരുന്നെങ്കിൽ കോലിയുടേത് അങ്കക്കലിയായിരുന്നു. 336 പന്തിൽ 35 തവണ കോലി പന്തിനെ അതിർത്തി കടത്തി. 33 തവണ നിലം തൊട്ടും 2 വട്ടം നിലം തൊടാതെയും. 144 റൺസ് ആ വഴിക്കു തന്നെ വന്നു. രണ്ടാം ദിനം ആദ്യ സെഷനിൽ മാത്രമാണ് ദക്ഷിണാഫ്രിക്കൻ ബോളർമാർ ഇന്ത്യയ്ക്കു മേൽ അൽപമെങ്കിലും ആധിപത്യം പുലർത്തിയത്. അഞ്ചോവർ മാത്രം പഴക്കമുള്ള രണ്ടാം ന്യൂബോൾ ബോളർമാരുടെ താളത്തിനൊത്തു തുള്ളിയപ്പോൾ കോലിയും രഹാനെയും കരുതലോടെ കളിച്ചു. എന്നിട്ടും ഇടയ്ക്കെല്ലാം പിഴച്ചു പോയി. അർധ മനസ്സോടെ കോലി ബാറ്റു വച്ച മൂന്നു പന്തുകൾ എഡ്ജ് ചെയ്തെങ്കിലും ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് സ്ലിപ്പിൽ എത്തിപ്പിടിക്കാനായില്ല. ക്യാച്ച് കൈവിടുന്നവരെ ദൈവം പോലും രക്ഷിക്കില്ല എന്നത് പിന്നാലെ അവർക്കു മനസ്സിലായി! 

അതിജീവനം, ശേഷം അധിനിവേശം

അതിജീവനത്തിനു ശേഷമുള്ള കോലിയുടെ അധിനിവേശമായിരുന്നു പിന്നെ. ഫോമിലല്ലാത്ത അജിൻക്യ രഹാനെയെ തന്റെ തണലിൽ നിർത്തി കോലി ദക്ഷിണാഫ്രിക്കൻ ബോളർമാരുടെ ലൈനും ലെങ്തും തെറ്റിച്ചു. തൊണ്ണൂറിൽ നിന്ന് നൂറിലെത്താൻ സച്ചിൻ ശൈലിയിൽ കരുതലോടെ കളിച്ച കോലി ഒടുവിൽ ഫിലാൻഡറുടെ പന്ത് സച്ചിൻ സ്റ്റൈൽ സ്ട്രെയ്റ്റ് ഡ്രൈവിലൂടെ ബൗണ്ടറി കടത്തി സെഞ്ചുറിയിലെത്തി. രഹാനെയുടെ (168 പന്തിൽ 59) കൊടുംപ്രതിരോധം ഒടുവിൽ സ്പിന്നർ കേശവ് മഹാരാജ് അവസാനിപ്പിച്ചെങ്കിലും കോലിക്കു കൂട്ടായി വന്ന രവീന്ദ്ര ജഡേജ കരുതലോടെ വിക്കറ്റ് കാത്തു. പന്ത് അൽപം തിരിഞ്ഞു തുടങ്ങിയതു മുതലെടുത്ത് മഹാരാജ് കോലിയെ കബളിപ്പിച്ചെങ്കിലും കോലിക്കു പിഴച്ച മൂന്നു പന്തുകളും ബൗണ്ടറിയിലേക്കു പാഞ്ഞു. അതിലെ രണ്ടാം ഫോറിൽ കോലി 150 റൺസ് കടന്നു– സെഞ്ചുറിക്കു ശേഷം വേണ്ടി വന്നത് വെറും 68 പന്തുകൾ.

കളിയിൽ തോറ്റതിന് കലഹം

മടുത്തു മനസ്സു കെട്ട ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ നിരാശ പരസ്പരമുള്ള കലഹത്തിലാണ് അവസാനിച്ചത്. ബോളിങ് ഫോളോ ത്രൂവിൽ റബാദ എറിഞ്ഞ ത്രോയ്ക്കു നേരെ വിക്കറ്റ് കീപ്പർ ക്വിന്റൻ ഡി കോക്ക് പുറംതിരിഞ്ഞു നിന്നു. കലഹത്തിലേർപ്പെട്ട ഇരുവരെയും ഡുപ്ലെസി ഇടപെട്ടാണു തണുപ്പിച്ചത്. ചായയ്ക്കു ശേഷം കോലിയും ജഡേജയും കെട്ടു പൊട്ടിച്ചു. വെറും 11.2 ഓവറിൽ ഇന്ത്യൻ സ്കോർ ബോർഡിലെത്തിയത് 100 റൺസ്. വ്യക്തിഗത സ്കോർ 208ൽ നിൽക്കെ മുത്തുസ്വാമിയുടെ പന്തിൽ സ്ലിപ്പിൽ ഡുപ്ലെസി പിടികൂടിയതോടെ കോലി തിരിച്ചു നടന്നു. എന്നാൽ റീപ്ലേയിൽ പന്ത് ഓവർസ്റ്റെപ് നോബോൾ ആണെന്നു തെളി‍ഞ്ഞതോടെ ക്രീസിൽ മടങ്ങിയെത്തി. ജഡേജയുടെ സെഞ്ചുറിക്കു വേണ്ടി കോലി കാത്തുനിന്നെങ്കിലും 91 റൺസിൽ ജഡേജ വീണതോടെ ഇന്നിങ്സ് ഡിക്ലയർ ചെയ്തു.

English Summary: India vs South Africa, 2nd Test - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com