sections
MORE

ചരിത്രം കുറിച്ച് സഞ്ജു സാംസണ്‍; പരിമിത ഓവറിലെ ആദ്യ മലയാളി ഇരട്ട സെഞ്ചുറി

sanju-samson
ഇരട്ട സെഞ്ചുറി നേടിയ സഞ്ജുവിന്റെ ആഹ്ലാദം.
SHARE

ബെംഗളൂരു ∙ ഇടിയും മിന്നലും നിറഞ്ഞ തുലാമഴ കേരളത്തിൽ പെയ്തിറങ്ങിയപ്പോൾ കർണാടകയിലെ ആലൂർ ക്രിക്കറ്റ് ഗ്രൗണ്ടിൽ റൺമഴ പെയ്യിക്കുകയായിരുന്നു കേരള താരം സഞ്‍ജു സാംസൺ. ഇടിക്കും മിന്നലിനും പകരം സിക്സും ഫോറും നിറഞ്ഞ വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ ഇരട്ട സെഞ്ചുറി നേടി സഞ്ജു ഒരുപിടി റെക്കോർഡുകൾ കയ്യിലൊതുക്കിയപ്പോ‍ൾ എതിരാളികളായ ഗോവ റൺമഴയിൽ നനഞ്ഞു കുതിർന്ന് ഇല്ലാതായി. 212 റൺസുമായി സഞ്ജു പുറത്താകാതെ നിന്ന മത്സരത്തിൽ കേരളത്തിന്റെ ജയം 104 റൺസിന്. സ്കോർ: കേരളം – 50 ഓവറിൽ 3ന് 377, ഗോവ 50 ഓവറിൽ 8ന് 273. ലിസ്റ്റ് എ ക്രിക്കറ്റിൽ (ടെസ്റ്റ് ഒഴികെ 40 ഓവറിനു മുകളിലുള്ള മത്സരം) ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ രാജ്യാന്തരതലത്തിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണു സഞ്ജുവിന്റേത്. പാക്കിസ്ഥാന്റെ ആബിദ് അലിയുടെ (209) നേട്ടമാണു കേരളതാരം മറികടന്നത്.

സഞ്ജു, സംഹാരം

21 ഫോറും 10 സിക്സറുകളും പായിച്ച് വെറും 129 പന്തുകളിലാണു സഞ്ജു 212 റൺസെടുത്തത്. 144 റൺസെടുത്തതു ബൗണ്ടറികളി‍ൽനിന്നാണ്. 66 പന്തിൽ സെഞ്ചുറി തികച്ച താരത്തിനു പിന്നീടുള്ള 100 റൺസെടുക്കാൻ 59 പന്തുകളേ വേണ്ടിവന്നുള്ളൂ. 31 റൺസിനിടെ ക്യാപ്റ്റൻ റോബിൻ ഉത്തപ്പയെയും (10) മികച്ച ഫോമിലുള്ള വിഷ്ണു വിനോദിനെയും (7) നഷ്ടപ്പെട്ട കേരളത്തെ മിന്നലടികളിലൂടെ സഞ്ജു തോളിലേറ്റി. ഫീൽഡറെ തടസ്സപ്പെടുത്തിയതിനാണു കേരള ക്യാപ്റ്റൻ ഉത്തപ്പയെ അംപയർ പുറത്താക്കിയത്. സഞ്ജുവിനൊപ്പം ഒത്തുചേർന്ന സച്ചിൻ ബേബി ഗോവയുടെ സകല പ്രതീക്ഷകളും തെറ്റിച്ചു. 164.34 എന്ന സ്ട്രൈക്ക് റേറ്റിൽ സഞ്‍ജു. 94 സ്ട്രൈക്ക് റേറ്റിൽ സച്ചിൻ. പിന്നെ, കാണികൾക്കു വിരുന്നായിരുന്നു. ഗോവൻ ബോളർമാർ എറിഞ്ഞ പന്തുകൾ ഗ്രൗണ്ടിന്റെ സകലമൂലയിലും ദർശനം നടത്തി. ഫീ‍ൽഡർമാർ ഓടിത്തളർന്നു. 3–ാം വിക്കറ്റിൽ സഞ്ജുവും സച്ചിൻ ബേബിയും (127) 338 റൺസ് കൂട്ടിച്ചേർത്ത് റെക്കോർഡ് പുസ്തകത്തിൽ ഇടംപിടിക്കുകയും ചെയ്തു.

സച്ചിനും മുന്നിൽ

വിജയ് ഹസാരെ ക്രിക്കറ്റിൽ ഇതു 2–ാം തവണ മാത്രമാണ് ഒരു ഇന്ത്യൻ താരം ഇരട്ട സെഞ്ചുറി നേടുന്നത്. കഴിഞ്ഞ സീസൺ വിജയ് ഹസാരെയിൽ സിക്കിമിനെതിരെ ഇരട്ട സെഞ്ചുറി നേടിയ ഉത്തരാഖണ്ഡിന്റെ കെ.വി.കൗശലാണ് (202) ആദ്യത്തെയാൾ. സച്ചിൻ തെൻഡുൽക്കർ, വീരേന്ദർ സേവാഗ്, രോഹിത് ശർമ, ശിഖർ ധവാൻ, കെ.വി.കൗശൽ എന്നിവർക്കുശേഷം ലിസ്റ്റ് എ ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ഇന്ത്യൻ താരമായും സഞ്ജു മാറി. സച്ചിൻ, സേവാഗ്, രോഹിത് എന്നിവർ രാജ്യാന്തര ഏകദിനത്തിൽ ഈ നേട്ടം സ്വന്തമാക്കിയപ്പോൾ ശിഖർ ധവാന്റെ ഇരട്ട സെഞ്ചുറി (248) ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ പ്രിട്ടോറിയയിൽ ഇന്ത്യ എ ടീമിനു വേണ്ടിയായിരുന്നു. ഈ നേട്ടം സ്വന്തമാക്കിയവർക്കിടയിൽ ഏറ്റവും ഉയർന്ന നാലാമത്തെ സ്കോർ സഞ്ജുവിന്റേതാണ്. രോഹിത് (264), ധവാൻ (248), സേവാഗ് (219) എന്നിവരാണ് ആദ്യ 3 സ്ഥാനങ്ങളിൽ. സച്ചിൻ (200) പിന്നിലാണ്.

സഞ്ജുവിന്റെ പ്രകടനത്തെക്കുറിച്ചും ഇന്ത്യൻ ടീമില്‍ തിരിച്ചെത്താനുള്ള സാധ്യതയെക്കുറിച്ചും മുൻ കേരള വിക്കറ്റ് കീപ്പർ വി. കമറുദ്ദീൻ

ക്രിക്കറ്റിൽ പെർഫോമേഴ്സിന്റെ കാലഘട്ടമാണിത്. ആഭ്യന്തര ക്രിക്കറ്റിൽ സിലക്ടർമാരുടെ കൺമുന്നിൽ നേടിയ ഈ ഇരട്ട സെഞ്ചുറി ദേശീയ ടീമിലേക്കുള്ള സഞ്ജുവിന്റെ തിരിച്ചുവരവാകാൻ സാധ്യതയെറെയാണ്. ധോണിയുടെ പകരക്കാരനെന്ന നിലയിൽ വിവേകപൂർവം കളിക്കുന്ന ബാറ്റ്സ്മാനെയായിരിക്കും ടീം തേടുന്നത്. കീപ്പിങ് മികവും ശക്തമായി നിരീക്ഷിക്കപ്പെടും. കേരളത്തിലെ മറ്റു താരങ്ങൾക്കും സഞ്ജു  ദേശീയ ടീമിലെത്തിയാൽ അതു പ്രചോദനമാകും.

English Summary: Sanju Samson hits double century in Vijay Hazare trophy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA