ADVERTISEMENT

ന്യൂഡൽഹി∙ ബിസിസിഐ പ്രസിഡന്റായി മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയെ നിയമിക്കുന്നതിൽ ഇടപെട്ടുവെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സൗരവ് ഗാംഗുലിയുടെ നിയമനവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ അമിത് ഷാ വ്യക്തമാക്കി. ബിസിസിഐ പ്രസിഡന്റിനെ കണ്ടെത്താൻ തനിക്ക് യാതൊരു അധികാരവുമില്ലെന്ന് ചൂണ്ടിക്കാട്ടിയ ഷാ, ബിസിസിഐയ്ക്ക് ഇക്കാര്യത്തിൽ വ്യക്തമായ നടപടിക്രമങ്ങളുണ്ടെന്നും പ്രതികരിച്ചു.

അതേസമയം, ബിസിസിഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് ഗാംഗുലി തന്നെ വന്നു കണ്ട കാര്യം അമിത് ഷാ നിഷേധിച്ചില്ല. ‘അദ്ദേഹത്തിന് എന്നെ കാണാൻ വരാം. ക്രിക്കറ്റുമായി ബന്ധപ്പെട്ട് വർഷങ്ങളോളം പ്രവർത്തിച്ച ആളാണ് ഞാൻ. ആ എന്നെ ഗാംഗുലി വന്നു കാണുന്നതിൽ എന്ത് അപാകതയാണുള്ളത്?’ – അമിത് ഷാ ചോദിച്ചു.

ഗാംഗുലിയെ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണച്ചതിനു പ്രത്യുപകാരമായി 2021ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗാംഗുലി ബിജെപിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്ന അഭ്യൂഹങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു. ‘അത്തരത്തിലുള്ള യാതൊരു സംസാരവും ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല. അങ്ങനെയൊരു കരാറും നിലവിലില്ല. അതെല്ലാം ഗാംഗുലിയെക്കുറിച്ചുള്ള കുപ്രചാരണങ്ങളാണ്’ – അമിത് ഷാ പറഞ്ഞു.

അതേസമയം, ഗാംഗുലിയെ ബിജെപിയിലേക്ക് ക്ഷണിക്കുമോയെന്ന ചോദ്യത്തിന്, ‘ഇതുവരെ അതിനു ശ്രമിച്ചിട്ടില്ല’ എന്നായിരുന്നു ഷായുടെ മറുപടി. ‘ഗാംഗുലിയുമായി ഇതേക്കുറിച്ച് ഇനിയും സംസാരിച്ചിട്ടില്ല. അദ്ദേഹത്തെ ഞങ്ങൾ പാർട്ടിയിലേക്ക് ക്ഷണിക്കുകയോ അദ്ദേഹം ആ ക്ഷണം നിരസിക്കുകയോ ഉണ്ടായിട്ടില്ല.’ – അമിത് ഷാ വിശദീകരിച്ചു.

ബംഗാളിൽ ബിജെപിയുടെ മുഖമാകാൻ പുതിയ ആളുകളെ തിരയുന്നുണ്ടോ എന്ന ചോദ്യവും ഷാ തള്ളിക്കളഞ്ഞു. ബംഗാളിലെ ബിജെപിക്ക് പ്രത്യേകിച്ചൊരു മുഖം വേണമെന്നു തോന്നുന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ‘അത്തരത്തിലുള്ള യാതൊരു മുഖവും കൂടാതെയാണ് ഞങ്ങൾ അവിടെ 18 സീറ്റിൽ വിജയിച്ചത്. തോറ്റത് അവിടെയും ഇവിടെയുമായി ഏതാനും സീറ്റിൽ മാത്രം. ഞങ്ങൾക്ക് അവിടെ ആരുടെയും സഹായം വേണ്ടെന്ന് ഇതിന് അർഥമില്ല. അങ്ങനെയൊരു മുഖമില്ലെങ്കിലും ജയിക്കാമെന്ന് സൂചിപ്പിച്ചുവെന്നേയുള്ളൂ’ – ഷാ പറഞ്ഞു.‍‍

അതേസമയം, ഗാംഗുലി ബിജെപിയിൽ ചേര്‍ന്നാൽ സന്തോഷമേയുള്ളൂവെന്നും അമിത് ഷാ വ്യക്തമാക്കി. അദ്ദേഹത്തെ പാർട്ടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. ഇന്ത്യയിലെ എല്ലാ ആളുകളോടെയും ഞാൻ പറയുന്നത് ബിജെപി നല്ല പാർട്ടിയാണെന്നാണ്. ആർക്കും ഇതിൽ ചേരാം. അത് എന്റെ ജോലിയുമാണ്’ – ഷാ പറഞ്ഞു.

English Summary: Union Home Minister Amit Shah on Monday said that there was no deal between him and Sourav Ganguly and that he had no say in appointing the BCCI president.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com