ADVERTISEMENT

ലണ്ടൻ∙ ട്വന്റി20യെക്കാൾ‌ ദൈർഘ്യം കുറഞ്ഞ ക്രിക്കറ്റ് വരുന്നു! ഇന്നിങ്സിൽ 100 പന്തുകൾ മാത്രമുള്ള ‘ദ് ഹണ്ട്രഡ് ലീഗിന്’ അടുത്ത വർഷം ഇംഗ്ലണ്ടിൽ തുടക്കമാകും.

ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, വിൻഡീസ് താരം ക്രിസ് ഗെയ്ൽ തുടങ്ങിയവരാണു ഞായറാഴ്ച നടക്കുന്ന ആദ്യ ലേലത്തിലെ  വിലപിടിപ്പുള്ള താരങ്ങൾ.

ബിസിസിഐയുമായി കരാറുള്ള താരങ്ങൾക്ക് കൗണ്ടി ഒഴികെയുള്ള വിദേശ ലീഗുകളിൽ കളിക്കാൻ അനുമതി ഇല്ലാത്തതിനാൽ ഇന്ത്യൻ താരങ്ങൾ തൽക്കാലം ‘ദ് ഹൺഡ്രഡി’നു പുറത്താണ്.  ടൂർണമെന്റ് ജൂലൈയിൽ തുടങ്ങും. 

എന്താണു ‘ദ് ഹൺഡ്രഡ്’

∙ പേരു സൂചിപ്പിക്കുന്നതുപോലെതന്നെ ഒരു ടീമിന്റെ ഇന്നിങ്സിൽ 100 പന്തുകൾ

∙ ഒരു ബോളർ തുടർച്ചയായി 5 അല്ലെങ്കിൽ 10 ബോളുകൾ എറിയണം. ഓവർ കണക്കില്ല. ഓരോ 10 ബോളിനുശേഷവുമാണ് വിക്കറ്റിലെ എൻഡ് മാറ്റം.

∙ മത്സരത്തിൽ ഒരു ബോളർക്ക് ഇത്തരത്തിൽ എറിയാനാകുന്ന പരമാവധി പന്തുകളുടെ എണ്ണം 20.

∙ ഓരോ ടീമിനും 25 ബോൾ ദൈർഘ്യമുള്ള പവർപ്ലേ. പവർപ്ലേ സമയത്തു സർക്കിളിനു പുറത്തുള്ള ഫീൽഡർമാരുടെ പരമാവധി എണ്ണം രണ്ട്.

∙ ബോളിങ് ടീമിന് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഒരു സ്ട്രാറ്റജിക് ടൈം ഔട്ട്.

ടൂർണമെന്റ് ചട്ടം

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായി ടെസ്റ്റ് കരാറിലുള്ള ഒരു താരം ഓരോ ഫ്രാഞ്ചൈസിയിലും നിർബന്ധമായും ഉണ്ടാകണം. ‘റെഡ് ബോൾ കോൺട്രാക്റ്റഡ് പ്ലെയർ’ എന്ന് അറിയപ്പെടുന്ന ഇയാളാകും ടീമിന്റെ ശ്രദ്ധാകേന്ദ്രം. നാട്ടുകാരായ 2 താരങ്ങൾ ‘ലോക്കൽ ഐക്കൺസായി’ ഓരോ ടീമിലും വേണം. 

ടീമുകൾ– (റെഡ് ബോൾ കരാറുള്ള താരങ്ങൾ ബ്രാക്കറ്റിൽ)

ബർമിങ്ങാം ഫീനിക്സ് (ക്രിസ് വോക്സ്), ലണ്ടൻ സ്പിരിറ്റ് (റോറി ബേൺസ്), മാഞ്ചസ്റ്റർ ഒറിജിനൽസ് (ജോസ് ബട്‌ലർ), നോർത്തേൺ സൂപ്പർ ചാർജേഴ്സ് (ബെൻ സ്റ്റോക്സ്), ഓവൽ ഇൻവിൻസിബിൾസ് (സാം കറൻ), സതേൺ ബ്രേവ് (ജോഫ്ര ആർച്ചർ), ട്രെന്റ് റോക്കറ്റ്സ് (ജോ റൂട്ട്), വെൽഷ് ഫയർ (ജോണി ബെയർസ്റ്റോ).

ഹർഭജൻ സിങ്ങിന്റെ മനംമാറ്റം

ഇന്ത്യൻ താരം ഹർഭജൻ സിങ് ‘ദ് ഹൺഡ്രഡ്’ താരലേലത്തിന് ആദ്യം പേരു നൽകിയിരുന്നെങ്കിലും പിന്നീടു തീരുമാനം മാറ്റി. വിരമിച്ച ഇന്ത്യൻ താരങ്ങൾക്കു മാത്രമേ വിദേശ ട്വന്റി20 ലീഗുകൾ കളിക്കാനാനൂ എന്ന ചട്ടം നിലനിൽക്കുന്നതിനാലാണ് പിന്മാറ്റം.

1.14 കോടി

ഒന്നേകാൽ ലക്ഷം പൗണ്ടാണ് (ഏകദേശം ഒരു കോടി 14 ലക്ഷം രൂപ)  വിദേശ താരങ്ങളുടെ ഏറ്റവും ഉയർന്ന അടിസ്ഥാന വില.  ഗെയ്ൽ (വെസ്റ്റിൻഡീസ്),  മലിംഗ (ശ്രീലങ്ക),  റബാദ (ദക്ഷിണാഫ്രിക്ക), സ്റ്റീവ് സ്മിത്ത്, വാർണർ,  സ്റ്റാർക്ക് (മൂന്നു പേരും ഓസ്ട്രേലിയ) എന്നിവർക്കാണ് ഈ വിലയുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com