ADVERTISEMENT

റാഞ്ചി ∙ ‘തോറ്റ് തോറ്റ് തൊപ്പിയിടാതിരിക്കാനുള്ള’ ശ്രമമാകും ദക്ഷിണാഫ്രിക്ക ഇന്നു മുതൽ നടത്തുക. ഇന്ത്യയ്ക്കെതിരെ ആദ്യ 2 ടെസ്റ്റുകളിലും ദയനീയ തോൽവി ഏറ്റുവാങ്ങിയതിന്റെ ക്ഷീണം മാറിയിട്ടില്ല. ജയം എന്ന ‘നടക്കാത്ത സ്വപ്ന’ത്തിന്റെ പിറകെയല്ല ഫാഫ് ഡുപ്ലെസിയുടെ സംഘം. സമനിലയെങ്കിലും പിടിച്ച് മാനം കാക്കുക. ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലൊഴികെ ബാറ്റിങ് നിര അമ്പേ പരാജയം. ബോളർമാർക്കു ഫോം കണ്ടെത്താനായിട്ടില്ല. സന്ദർശകരുടെ ആത്മവിശ്വാസം ഉൾപ്പെടെ സർവതും ഇന്ത്യ ‘റാഞ്ചി’ക്കഴിഞ്ഞു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോണിയുടെ നാട്ടിൽ ഇന്നു കളിക്കാനിറങ്ങുമ്പോൾ വിജയം ‘റാഞ്ചി’യെടുക്കുക മാത്രമാണു വിരാട് കോലിയുടെയും സംഘത്തിന്റെയും ലക്ഷ്യം.

ഇന്നലെ വൈകിട്ട് ഇടംകയ്യൻ സ്പിന്നർ ഷഹബാസ് നദീം ഇന്ത്യൻ ടീമിനൊപ്പം ചേർന്നു. തോളിനു വേദനയുണ്ടെന്നു സ്പിന്നർ കുൽദീപ് യാദവ് അറിയിച്ചതിനാലാണു നദീമിനെ ടീമിലെടുത്തത്. 

കാണിയായി ധോണി

നാട്ടിലേക്കു പോകാൻ ഒരാഴ്ചയേയുള്ളൂ എന്ന മട്ടിൽ എന്റെ പ്രിയപ്പെട്ട സഹതാരങ്ങൾ കളത്തിലിറങ്ങരുത്. ഈ മത്സരം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമാണ്, ഇനിയും നമുക്ക് പോയിന്റു നേടാൻ കഴിയും.

കളി കാണാൻ മുൻ ഇന്ത്യൻ ക്യാപ്റ്റനും നാട്ടുകാരനുമായ എം.എസ്.ധോണിയും ഉണ്ടാകുമെന്നാണു സൂചന. 2017ൽ റാഞ്ചിയിൽ ഏറ്റവുമാദ്യം നടന്ന ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് മത്സരം സമനിലയിലാണു കലാശിച്ചത്. ഇപ്പോഴത്തെ പിച്ച് ബാറ്റിങ്ങിനെ തുണയ്ക്കാനാണു സാധ്യത. സ്പിന്നർമാർക്കു ഗുണംകിട്ടുന്ന ഘടകങ്ങളും പിച്ച് കരുതിവച്ചിട്ടുണ്ടാകും. ആദ്യ ദിവസങ്ങളിൽ മഴ ഭീഷണിയില്ലങ്കിലും പിന്നീടു മഴ പെയ്യാൻ സാധ്യതയുണ്ട്. 

ടോസിടാൻ ഡുപ്ലെസിക്ക്  പകരക്കാരൻ

തുടർച്ചയായി ടോസ് നഷ്ടപ്പെടുന്നതിനാൽ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡുപ്ലെസി ഒരു തീരുമാനമെടുത്തു. മത്സരത്തിനു ടോസ് ഇടുമ്പോൾ ചിലപ്പോൾ തനിക്കു പകരം മറ്റൊരാളാകും ഗ്രൗണ്ടിലിറങ്ങുകയെന്നു ക്യാപ്റ്റൻ സൂചിപ്പിച്ചു. ഏഷ്യയിൽ നടന്ന കഴിഞ്ഞ 9 ടെസ്റ്റിലും ഡുപ്ലെസിക്ക് ടോസ് നഷ്ടപ്പെട്ടു. കഴിഞ്ഞ 2 ടെസ്റ്റിലും ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ജയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com