ADVERTISEMENT

കൊച്ചി ∙ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ഭാരവാഹികൾക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് മുൻ ഓംബുഡ്സ്മാൻ ജസ്റ്റിസ് വി. രാംകുമാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. പൊതു അവധി ദിവസം താനറിയാതെ തന്റെ കസ്റ്റഡിയിലുള്ള ഓഫിസിൽ അതിക്രമിച്ചു കയറി ഭാരവാഹികൾ പുതിയ ഓംബുഡ്സ്മാനെ ചുമതലയേൽപ്പിച്ചതു നിയമവിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു. കെസിഎ പ്രസിഡന്റ് ജയേഷ് ജോർജിനെതിരായ അഴിമതിക്കേസ് അന്തിമ വാദത്തിനു വയ്ക്കുകയും സെക്രട്ടറി ശ്രീജിത്ത് വി. നായരുടെ കള്ളക്കളികൾ തുറന്നുകാട്ടുകയും ചെയ്ത അവസരത്തിലാണു മാറ്റമെന്നും രാംകുമാർ പറഞ്ഞു.

ഓംബുഡ്സ്മാനെ മാറ്റി പുതിയ നിയമനത്തിനു ശ്രമിക്കുന്നതു കേസുകൾ അട്ടിമറിക്കാനാണെന്ന് ആരോപിച്ച് കോട്ടയത്തെ അംഗങ്ങളായ ജി. കുമാർ, ബെർട്ട് ജേക്കബ് എന്നിവർ സമർപ്പിച്ച ഹർജിയിലാണു വിശദീകരണം. തന്റെ കസ്റ്റഡിയിലിരുന്ന ഓഫിസിൽ അതിക്രമിച്ചു കയറിയതു ക്രിമിനൽ കുറ്റമാണെന്ന് ജസ്റ്റിസ് രാംകുമാർ ആരോപിച്ചു. പുകച്ചു പുറത്തു ചാടിക്കാനാണു ശ്രമിച്ചത്. കെസിഎ ഭാരവാഹികളായ ജയേഷ് ജോർജ്, ശ്രീജിത്ത് വി. നായർ എന്നിവരും കെസിഎ അഭിഭാഷകനായ കെ. എൻ. അഭിലാഷുമാണു നീക്കങ്ങൾക്കു പിന്നിൽ.

നിയമിക്കുമ്പോൾ 3 വർഷം ഉണ്ടാകുമെന്നു പറഞ്ഞിരുന്നു. ഒരു വർഷം പൂർത്തിയായപ്പോൾ ഒരു വർഷം കൂടി നീട്ടി. വീണ്ടും ഒരു വർഷം നീട്ടുമെന്ന സൂചനയാണു ലഭിച്ചത്. കെസിഎ നടത്തിപ്പ് ശരിയായ നിലയ്ക്കല്ല. 2019 ഒക്ടോബർ 11നു കെസിഎയുടെ പ്രത്യേക പൊതുയോഗം കൂടിയെങ്കിലും കാലാവധി സംബന്ധിച്ച തീരുമാനം അറിയിച്ചില്ല. ജസ്റ്റിസ് കെ. പി. ജ്യോതീന്ദ്രനാഥിനെ നിയമിച്ചതായി പിറ്റേന്ന് ഇ മെയിൽ കിട്ടി. 12ന് ഓഫിസിൽ ചെന്നപ്പോൾ തന്റെ കയ്യിലുള്ള താക്കോൽ കൊണ്ട് തുറക്കാനായില്ല. പുതിയ താഴിട്ടു പൂട്ടിയിരുന്നു. ആരെയോ വിളിച്ചു താക്കോൽ വരുത്തി തുറന്നു തരികയായിരുന്നു.

ജസ്റ്റിസ് ജ്യോതീന്ദ്രനാഥിനെ ഫോണിൽ കിട്ടിയപ്പോൾ ചുമതലയേൽക്കാൻ എത്തണമെന്നു താൻ ആവശ്യപ്പെട്ടു. എന്നാൽ, കെസിഎ ഓഫിസിലെത്തി ചുമതലയേറ്റു കഴിഞ്ഞെന്നായിരുന്നു മറുപടി. 

പുതിയ ഓംബുഡ്സ്മാനു നിയമാനുസൃതം കൈമാറുന്നതു വരെ കേസ് ഫയലുകളും ഓഫിസ് രേഖകളും ബാങ്ക് പേപ്പറുകളും തന്റെ കൈവശമാണ്. കെസിഎ ഭാരവാഹികളും അഭിഭാഷകനും ഒപ്പമെത്തിയാണ് ജസ്റ്റിസ് ജ്യോതീന്ദ്രനാഥിനു നിയമവിരുദ്ധമായി ചുമതല നൽകിയത്. മുൻകൂട്ടി അറിയിച്ച് രേഖകളും ഫയലുകളും ഏറ്റെടുത്തു വേണം നിയമപരമായി ചുമതലയേൽക്കാൻ.  

താൻ തുടരുന്നപക്ഷം, നല്ല രീതിയിൽ പ്രവർത്തിക്കാനാകും. മറിച്ചാണെങ്കിൽ, രേഖകളും കാറും പുതിയ ഓംബുഡ്സ്മാനു കൈമാറാൻ അനുവദിക്കണമെന്നും അദ്ദേഹം അറിയിച്ചു.

അടിസ്ഥാനരഹിതം: ജയേഷ് ജോർജ്

ഇവ തന്നെ  താറടിക്കാൻ ലക്ഷ്യമിട്ടുളള അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്ന് കെസിഎ പ്രസിഡന്റും ബിസിസിഐ നിയുക്ത ജോയിന്റ് സെക്രട്ടറിയുമായ ജയേഷ് ജോർജ്.  ആരോപണങ്ങളെല്ലാം ബിസിസിഐ സിഇഒയോടും ഓംബുഡ്സ്മാനോടും ഉന്നയിച്ചിരുന്നു.  വ്യക്തമായ മറുപടി നൽകിയിട്ടുമുണ്ട്.   കെസിഎയുമായി ബന്ധപ്പെട്ട പണമിടപാടുകളിൽ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിവരാണ് ഒപ്പിടുന്നത്. ആരോപണം ഉന്നയിക്കുന്ന പല ഇടപാടുകളുടെയും കാലത്ത് ഈ സ്ഥാനങ്ങളിൽ ഞാനായിരുന്നില്ല. കെസിഎയുടെ സാമ്പത്തിക ഇടപാടുകൾ കെസിഎ ഓഡിറ്ററും ബിസിസിഐ നിയോഗിച്ച സ്വതന്ത്ര ഓഡിറ്റർമാരും കേരളത്തിലെത്തി വിശദമായി പരിശോധന നടത്തിയിരുന്നു’-ജയേഷ് പറഞ്ഞു.

പരാതികളുമായി ക്ലീൻ ക്രിക്കറ്റ് മൂവ്മെന്റ്

കേരള ക്രിക്കറ്റ് അസോസിയേഷനിലെ ക്രമക്കേടുകളും അഴിമതികളും സംബന്ധിച്ച അന്വേഷണം നീട്ടിക്കൊണ്ടുപോകാനും അട്ടിമറിക്കാനും ഭാരവാഹികൾ ശ്രമിക്കുന്നതായി ക്ലീൻ ക്രിക്കറ്റ് മൂവ്‌മെന്റ് ആരോപിച്ചു. നിയമ പോരാട്ടം തുടരുമെന്നു കെ. പ്രമോദ്, കെസിഎ മുൻ പ്രസിഡന്റ് ഫ്രാങ്ക്ളിൻ ജോൺ, മുൻ ക്രിക്കറ്റ് താരങ്ങളായ ഇട്ടി ചെറിയാൻ, സന്തോഷ് കരുണാകരൻ എന്നിവർ പറഞ്ഞു. ‘ 2013 മുതൽ 2018 വരെ 2.5 കോടിയോളം രൂപയുടെ ക്രമക്കേടു നടന്നിട്ടുണ്ട്.   അന്വേഷണം അവസാന ഘട്ടത്തിലായപ്പോഴാണ് ഓംബുഡ്സ്മാനെ മാറ്റിയത്. മുൻ പ്രസിഡന്റ് ടി.സി. മാത്യുവിൽനിന്നു  2.48 കോടി രൂപ തിരിച്ചുപിടിക്കണമെന്ന  വിധി നടപ്പാക്കാതെ അദ്ദേഹത്തെ പുറത്താക്കി സഹായിക്കുകയാണ് ചെയ്തത്’– അവർ പറഞ്ഞു. 

English Summary: Former KCA Ombudsman challenges relieving order

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com