ADVERTISEMENT

വെളിച്ചക്കുറവു മൂലം കളി നേരത്തെ നിർത്തിയ മൂന്നാം ടെസ്റ്റിൽ, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ 3 വിക്കറ്റിന് 224 റൺസ് എന്ന നിലയിൽ. പരമ്പരയിലെ മൂന്നാം സെഞ്ചുറി കുറിച്ച രോഹിത് ശർമ (117 ബാറ്റിങ്), വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ (83 ബാറ്റിങ്) എന്നിവരാണ് തിളങ്ങിയത്. മായങ്ക് അഗർവാൾ (10), ചേതേശ്വർ പൂജാര (0), ക്യാപ്റ്റൻ വിരാട് കോലി (12) എന്നിവർ പെട്ടെന്നു പുറത്തായി. ഇഷാന്ത് ശർമയ്ക്കു പകരം ഇടംകൈയൻ സ്പിന്നർ ഷഹബാസ് നദീമിനെ ഇന്ത്യ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തി. ആദ്യ 2 ടെസ്റ്റും ജയിച്ച ഇന്ത്യ, 3 മത്സര പരമ്പര നേരത്തേ സ്വന്തമാക്കിയിരുന്നു. റാഞ്ചിയിൽ ഇന്നു മഴയ്ക്കു സാധ്യതയുണ്ട്. 

റാഞ്ചി∙ ടെസ്റ്റ് ഓപ്പണറാകാൻ ഏറെനാൾ കാത്തിരുന്നിട്ടുണ്ട് രോഹിത് ശർമ. എന്നാൽ അതേ, രോഹിത്തിന്റെ ബാറ്റിങ് കാണാൻ ഇപ്പോൾ ഇന്ത്യയുടെ ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്നു! കഗീസോ റബാദയും ലുങി എൻഗിഡിയും ചേർന്ന് ഇന്ത്യൻ മുൻനിരയെ വിറപ്പിച്ചപ്പോൾ രോഹിത് പിടിച്ചുനിന്നു. വിക്കറ്റുമായി പൊരുത്തപ്പെട്ടതിനു ശേഷം അടിച്ചു തകർത്തു. ടെസ്റ്റ് കരിയറിലെ ആറാം സെഞ്ചുറിയോടെ രോഹിത് (164 പന്തിൽ 117*– 14 ഫോർ, 4 സിക്സ്) വിശ്വരൂപം പൂണ്ട മൂന്നാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കയ്ക്കു കഷ്ടകാലം തന്നെ. അവസരോചിത ഇന്നിങ്സുമായി അജിൻക്യ രഹാനെയും (83 ബാറ്റിങ്) രോഹിത്തിനു കൂട്ടായതോടെ ആദ്യ ദിവസം ടീം ഇന്ത്യ ഹാപ്പി. 4–ാം വിക്കറ്റിൽ ഇരുവരും 185 റൺസ് ചേർത്തിട്ടുണ്ട്.

ബാറ്റിങ് ക്ലാസ് 

പിച്ചിലെ ബൗൺസ് വ്യത്യാസം പരമാവധി മുതലെടുത്ത ദക്ഷിണാഫ്രിക്കൻ‌ പേസർമാരുടെ ആധിപത്യമായിരുന്നു ആദ്യ സെഷനിൽ. മായങ്കിനെയും പൂജാരയെയും റബാദ മടക്കിയപ്പോൾ ആൻറിക്ക് നോർട്ട്യയ്ക്ക് ലോട്ടറിയുമടിച്ചു; വിരാട് കോലിയുടെ വിക്കറ്റ്! പക്ഷേ, ആദ്യ ദിവസത്തെ ദക്ഷിണാഫ്രിക്കയുടെ സന്തോഷവും അതോടെ തീർന്നു. ആദ്യ സെഷൻ അതിജീവിച്ച രോഹിത്– രഹാനെ സഖ്യം 2–ാം സെഷനിൽ ദക്ഷിണാഫ്രിക്കയ്ക്കു മേൽ ആതിപത്യം ഉറപ്പിച്ചു. ഒരു ഘട്ടത്തിൽ രോഹിത്തിനെക്കാൾ വേഗത്തിൽ സ്കോർ ചെയ്ത രഹാനെ 70 പന്തിലാണ് അർധ സെഞ്ചുറി തികച്ചത്.

പിന്നീടു രഹാനെ ഇന്നിങ്സിന്റെ വേഗം അൽപം കുറച്ചപ്പോൾ രോഹിത്ത് ആളിക്കത്തി. മുൻപ് വീരേന്ദർ സേവാഗിൽനിന്നു മാത്രം കണ്ടു പരിചയമുള്ള ഒരു കാഴ്ചയും രോഹിത് കാട്ടിത്തന്നു. 

95 റൺസെടുത്തു നിൽ‌ക്കെ ഡെയ്ൻ പീറ്റിനെ ലോങ് ഓഫിനു മുകളിലൂടെ സിക്സിനു പറത്തിവിട്ടാണു രോഹിത് സെഞ്ചുറി തികച്ചത്! വെളിച്ചക്കുറവിനെത്തുടർന്ന് മൂന്നാം സെഷനിൽ 6 ഓവർ പിന്നിട്ടപ്പോൾ അംപയർമാർ മത്സരം അവസാനിപ്പിക്കാൻ നിർദേശം നൽകി. പിന്നാലെ മഴയും പെയ്തു. 

ആളുമാറിയിട്ടും ടോസ് പോയി! 

കഴിഞ്ഞ 6 എവേ ടെസ്റ്റിലും ടോസ് നഷ്ടമായ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസി ഇത്തവണ കടുത്ത തീരുമാനംതന്നെ എടുത്തു. വൈസ് ക്യാപ്റ്റൻ തെംബ ബാവുമയെയാണ് ഇന്നലെ ടോസിന് അയയ്ച്ചത്. ഡുപ്ലെസിക്കു പകരം ടോസിന് എത്തിയ ബാവുമയെക്കണ്ട് ഇന്ത്യൻ നായകൻ വിരാട് കോലി പോലും അമ്പരന്നു.

എന്നാൽ ദക്ഷിണാഫ്രിക്കയുടെ നിർഭാഗ്യത്തിന് അന്ത്യം കുറിക്കാൻ ബാവുമയ്ക്കുമായില്ല. പരമ്പരയിലെ തുടർച്ചയായ മൂന്നാം ടോസും സ്വന്തമാക്കിയ കോലി, ചെറു ചിരിയോടെ ബാവുമയെ തോളിൽത്തട്ടി ആശ്വസിപ്പിച്ചു. മത്സരത്തിനു മുൻപ് ഇതേക്കുറിച്ചു പ്രതികരിച്ചപ്പോഴാകട്ടെ, കോലിക്കു ചിരി അടക്കാനായതുമില്ല! 

സിക്സ് റെക്കോർഡ്

ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും അധികം സിക്സ് (ഇതുവരെ 17) എന്ന നേട്ടവും രോഹിത് ശർമ സ്വന്തമാക്കി. ബംഗ്ലദേശിനെതിരെ 15 സിക്സടിച്ച വെസ്റ്റിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മെയറെയാണു മറികടന്നത്. ഹർഭജൻ സിങ്ങിന്റെ പേരിലായിരുന്നു (14) ഇന്ത്യൻ റെക്കോർഡ്.  

English Summary: Rohit Sharma equals Sunil Gavaskar's record with 3rd ton of test series vs South Africa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com