ADVERTISEMENT

റാഞ്ചി∙ കാത്തിരുന്നതു വെറുതെയായില്ല. ആദ്യ ടെസ്റ്റിന്റെ 2 ഇന്നിങ്സിലും വഴുതിപ്പോയ ഇരട്ട സെഞ്ചുറി ഇക്കുറി രോഹിത്തിന്റെ കൈപ്പിടിയിൽ! 199 റൺസിൽ നിൽക്കെ മിഡ് വിക്കറ്റിനു മുകളിലൂടെ ലുങി എൻഗിഡിയെ സിക്സറിനു പറത്തി രാജകീയമായി രോഹിത് ഇരട്ട സെഞ്ചുറിയിലെത്തി. ഏകദിനത്തിൽ 3 ഇരട്ട സെഞ്ചുറികൾ പേരിലുള്ള രോഹിത്തിന്റെ ടെസ്റ്റിലെ ആദ്യ ഡബിൾ സെഞ്ചുറി. ഏറെക്കുറെ ഒരു ഏകദിന ഇന്നിങ്സിനെ ഓർമിപ്പിച്ച ആ ഇന്നിങ്സിൽ 255 പന്തിൽനിന്ന് രോഹിത് ആകെ നേടിയത് 212 റൺസ്. സ്ട്രൈക്ക് റേറ്റ് 83.13.

199 പന്തിൽ 150 റണ്‍സ് പിന്നിട്ട രോഹിത്, അവിടെനിന്ന് ഇരട്ടസെഞ്ചുറിയിലേക്കെത്താൻ നേരിട്ടത് കൃത്യം 50 പന്തുകൾ. 249 പന്തിൽ 28 ഫോറും അഞ്ച് സിക്സും സഹിതമാണ് രോഹിത് കന്നി ടെസ്റ്റ് ഡബിൾ സെഞ്ചുറി കുറിച്ചത്. ഇന്ത്യൻ മണ്ണിൽ, 2016നു ശേഷമുള്ള ആദ്യ സെഞ്ചുറി കുറിച്ച രഹാനെയുടെ ഇന്നിങ്സ് രോഹിത് മാജിക്കിൽ മങ്ങിപ്പോയി! ഇരുവരും ചേർന്നു 4–ാം വിക്കറ്റിൽ ചേർത്ത 267 റൺസാണ് ഇന്ത്യൻ സ്കോറിന്റെ നട്ടെല്ല്.

ഇന്ത്യയിൽ മികച്ച ബാറ്റിങ് റെക്കോർഡ് കാത്തുസൂക്ഷിക്കുന്ന രോഹിത്, നാട്ടിൽ ഏറ്റവും മികച്ച ശരാശരിയെന്ന ഡോൺ ബ്രാഡ്മാന്റെ റെക്കോർഡിനേക്കാൾ മുകളിലാണിപ്പോൾ. നിലവിൽ ഇന്ത്യൻ മണ്ണിൽ രോഹിത്തിന്റെ ടെസ്റ്റ് ശരാശരി 99.84 ആണ്. ബ്രാഡ്മാന്റേത് 98.22ഉം. ഇന്ത്യൻ മണ്ണിൽ അവസാന 9 ടെസ്റ്റ് ഇന്നിങ്സുകളിൽ രോഹിത്തിന്റെ പ്രകടനം ഇങ്ങനെ ചുരുക്കാം; 82*, 51*, 102*, 65, 50*, 176, 127, 14, 212.

∙ വീരുവിന്റെ ആക്രമണം, സച്ചിന്റെ പ്രതിരോധം

മോശം പന്തുകൾ തിരഞ്ഞുപിടിച്ച് കളിക്കുകയെന്ന വീരേന്ദർ സേവാഗിന്റെ ഫിലോസഫിക്കൊപ്പം സച്ചിൻ തെൻഡുൽക്കറുടെ ക്ഷമയും രോഹിത് ഇന്നിങ്സിൽ ചേർത്തുവച്ചു. രണ്ടാം ദിവസം ഉച്ചഭക്ഷണ സമയത്ത് 199 റൺസായിരുന്നു രോഹിത്തിന്റെ സ്കോർ. ലഞ്ചിനുശേഷം ലുങി എൻഗിഡിയുടെ ആദ്യ ഓവറിലെ 6 പന്തും പ്രതിരോധിച്ച രോഹിത്, സെഞ്ചുറിയോട് അടുക്കുമ്പോഴുള്ള സച്ചിൻ തെൻഡുൽക്കറുടെ മെല്ലെപ്പോക്കിനെ ഓർമിപ്പിപ്പിച്ചു.

സുരക്ഷിതമായ ഷോട്ടിലൂടെ രോഹിത് ‍ഡബിൾ സെഞ്ചുറി നേടുമെന്നാണു സകലരും പ്രതീക്ഷിച്ചത്. എന്നാൽ, എൻഗിഡിയുടെ അടുത്ത ഓവറിലെ ആദ്യ പന്ത് പുൾഷോട്ടിലൂടെ സിക്സർ പറത്തി ഡബിൾ തികച്ച രോഹിത്, 3–ാം പന്തിൽ എൻഗിഡിയെ വീണ്ടും സിക്സിനു തൂക്കി. അടുത്ത ഓവറിൽ കഗീസോ റബാദയെ സിക്സടിക്കാനുള്ള ശ്രമത്തിൽ ബൗണ്ടറി ലൈനിൽ ക്യാച്ച് നൽകി രോഹിത് മടങ്ങുകയും ചെയ്തു. 255 പന്തിൽ 28 ബൗണ്ടറിയും 6 സിക്സും അടക്കം 212 റൺസ്. സേവാഗിന്റെ 41–ാം പിറന്നാൾ ദിനത്തിലായിരുന്നു രോഹിത്തിന്റെ ഡബിൾ സെഞ്ചുറി നേട്ടം.

ഏകദിനത്തിലും ടെസ്റ്റിലും ഇരട്ട സെഞ്ചുറി നേടുന്ന നാലാമത്തെ താരമാണു രോഹിത് ശർമ. സച്ചിൻ തെൻഡുൽക്കർ, വീരേന്ദർ സേവാഗ്, ക്രിസ് ഗെയ്ൽ എന്നിവരാണു മുൻപു നേട്ടത്തിലെത്തിയത്. എന്നാൽ ഇവർ മൂന്നു പേരുടെയും ആദ്യ ഡബിൾ സെഞ്ചുറി ടെസ്റ്റിൽ ആയിരുന്നു. രോഹിത്തിന്റേത് ഏകദിനത്തിലും.

∙ 529 റൺസ്

പരമ്പരയിൽ ബാറ്റുചെയ്ത 4 ഇന്നിങ്സുകളിലായി രോഹിത് ശർമ നേടിയതു 529 റൺസ്. ഇന്ത്യ– ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിൽ ഏറ്റവും അധികം റൺസ് നേടുന്ന താരത്തിനുള്ള റെക്കോർഡും ഇതോടെ രോഹിത്തിനു സ്വന്തമായി. ദക്ഷിണാഫ്രിക്കൻ താരം ജാക്ക് കാലിസിനെയാണ് (498) മറികടന്നത്. 176, 127, 14, 212 എന്നിങ്ങനെയാണു പരമ്പരയിൽ രോഹിത്തിന്റെ സ്കോർ. 132. 25 ആണു ബാറ്റിങ് ശരാശരി.

ഇതിനു പുറമെ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ഓപ്പണറെന്ന വീരേന്ദർ സേവാഗിന്റെ റെക്കോർഡിന് തൊട്ടടുത്തെത്തി രോഹിത്. 2005ൽ പാക്കിസ്ഥാനെതിരെ 544 റൺസാണ് സേവാഗിന്റെ നേട്ടം. രോഹിത് ഇതുവരെ 529 റൺസ് നേടിയിട്ടുണ്ട്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നാൽ സേവാഗിന്റെ റെക്കോർഡ് തകരാൻ സാധ്യതയേറെ. ഒരു പരമ്പരയിൽ 500നു മുകളിൽ റൺസ് നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ ഓപ്പണർ കൂടിയാണ് രോഹിത്. സുനിൽ ഗാവസ്കർ (അഞ്ച് തവണ), വിനൂ മങ്കാദ്, ബുന്ദി കുന്ദേരൻ എന്നിവരാണ് സേവാഗിനും രോഹിത്തിനും മുൻപ് ഈ നേട്ടം പിന്നിട്ടവർ.

∙ 3 ഇരട്ട സെഞ്ചുറി

ഒരു ടെസ്റ്റ് പരമ്പരയിൽ ആദ്യമായാണ് 3 ഇന്ത്യൻ താരങ്ങൾ ഇരട്ട സെഞ്ചുറി നേടുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ മായങ്ക് അഗർവാളും (215), രണ്ടാം ടെസ്റ്റിൽ ക്യാപ്റ്റൻ വിരാട് കോലിയും (254*) ഇരട്ട സെഞ്ചുറി നേടി.

∙ സിക്സ് മഴ

ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരമെന്ന റെക്കോർഡും ഹിറ്റ്മാന്റെ തേരോട്ടത്തിൽ തകർന്നു കഴിഞ്ഞു. ഇതുവരെ 19 സിക്സുകൾ നേടിയ രോഹിത്, കഴിഞ്ഞ വർഷം ബംഗ്ലദേശിനെതിരെ 15 സിക്സ് നേടിയ വിൻഡീസ് താരം ഷിംറോൺ ഹെറ്റ്മയറിന്റെ റെക്കോർഡാണ് കടപുഴകിയത്. ഹർഭജൻ സിങ്ങിന്റെ പേരിലുണ്ടായിരുന്ന ഇന്ത്യൻ റെക്കോർഡും (14) തകർന്നു. 2010–11ൽ ന്യൂസീലൻഡിനെതിരെയാണ് ഹർഭജൻ 14 സിക്സ് നേടിയത്. ദക്ഷിണാഫ്രിക്കൻ താരം ഡെയ്ൻ പീറ്റിനെതിരെ 11 സിക്സ് നേടിയതോടെ, ഒരു പരമ്പരയിൽ ഒരേ ബോളർക്കെതിരെ കൂടുതൽ സിക്സ് നേടുന്ന താരമെന്ന റെക്കോർഡും രോഹിത്തിന് സ്വന്തം.

∙ 0 റണ്ണൗട്ട്

ടെസ്റ്റിലെ 200 കൂട്ടുകെട്ടുകൾക്കിടെ ഒരു തവണ പോലും റണ്ണൗട്ടാകാത്ത ഒരേയൊരു താരമേയുള്ളൂ: ഇന്നലെ 11–ാം സെഞ്ചുറി നേടിയ അജിൻക്യ രഹാനെ. ഈ കൂട്ടുകെട്ടുകളിലൊന്നും രഹാനെയുടെ പങ്കാളിയും റണ്ണൗട്ടായിട്ടില്ല എന്നുള്ളതാണു കൗതുകകരം.

∙ 12 മുംബൈ ബോയ്സ്

12 വർഷങ്ങൾക്കു ശേഷമാണ് രണ്ടു മുംബൈ താരങ്ങൾ (രോഹിത്, രഹാനെ) ഒരു ടെസ്റ്റിന്റെ ഒരു ഇന്നിങ്സിൽ സെഞ്ചുറിയടിക്കുന്നത്. 2007ൽ ബംഗ്ലദേശിനെതിരെ സെഞ്ചുറിയടിച്ച സച്ചിൻ തെൻഡുൽക്കർ, വസീം ജാഫർ എന്നിവരാണ് മുൻപു നേട്ടത്തിലെത്തിയ മുംബൈക്കാർ.

English Summary: Rohit Sharma Sets New Records with His Double Hundred vs South Africa in Ranchi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com