ADVERTISEMENT

റാഞ്ചി∙ ഇന്ത്യ–ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ മൈതാനത്ത് പിറന്ന കൗതുകകരമായൊരു നിമിഷം പങ്കുവച്ച് പ്രശസ്ത ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‍ലെ. മത്സരത്തിന്റെ മൂന്നാം ദിനമായ ഇന്ന് അവസാന സെഷനിലാണ് രസകരമായ നിമിഷം പിറന്നത്. ഒന്നാം ഇന്നിങ്സിൽ 162 റൺസിന് പുറത്തായി ഫോളോ ഓൺ ചെയ്ത ദക്ഷിണാഫ്രിക്ക വീണ്ടും ബാറ്റു ചെയ്യവെ ക്രീസിലെത്തിയ മധ്യനിര താരം തെയുനിസ് ഡിബ്രൂയിൻ സത്യത്തിൽ ദക്ഷിണാഫ്രിക്കൻ ടീമിൽ ഉണ്ടായിരുന്ന ആളല്ല ! ഡിബ്രൂയിൻ ബാറ്റു ചെയ്യുമ്പോൾ ഇന്ത്യയ്‌ക്കായി വിക്കറ്റ് കാത്ത ഋഷഭ് പന്താകട്ടെ ഇന്ത്യൻ ടീമിലും ഉണ്ടായിരുന്നില്ല !

ഇക്കാര്യം പങ്കുവച്ച് ഭോഗ്‍ലെ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു: ശനിയാഴ്ച ഇന്ത്യയും ദക്ഷിണാഫ്രിക്കയും ടീമുകളെ പ്രഖ്യാപിച്ചപ്പോൾ ഡിബ്രൂയിൻ ഈ മത്സരത്തിൽ ബാറ്റു ചെയ്യുമെന്നും ഋഷഭ് പന്ത് വിക്കറ്റ് കാക്കുമെന്നും ആരു കരുതി!’

∙ ടീമിലില്ല, കളത്തിലുണ്ട് !

ആദ്യ രണ്ടു ടെസ്റ്റുകളിലെ ദയനീയ പ്രകടനത്തെ തുടർന്ന് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ അവസരം നഷ്ടമായ താരമാണ് തെയുനീസ് ഡിബ്രൂയിൻ. ആദ്യ രണ്ടു ടെസ്റ്റിലും കളിച്ച ഡിബ്രൂയിന്റെ പ്രകടനം ഇങ്ങനെ; 4, 10, 30, 8. ഋഷഭ് പന്ത് ആകട്ടെ, അടുത്തിടെ നടന്ന പരമ്പരകളിലെല്ലാം ഫോം ഔട്ടായ സാഹചര്യത്തിൽ ഈ പരമ്പരയിലെ ഒരു മത്സരത്തിൽ പോലും അവസരം ലഭിക്കാതെ പോയ താരവും. പിന്നെ ഇവർ രണ്ടു പേരും എങ്ങനെ കളത്തിലെത്തി എന്നല്ലേ? ഓപ്പണർ ഡീൻ എൽഗാറിനേറ്റ പരുക്കാണ് തെയുനിസ് ഡിബ്രൂയിന് ഈ മത്സരത്തിൽ അപ്രതീക്ഷിതമായി അവസരമൊരുക്കിയത്. മറുവശത്ത്, വിക്കറ്റിനു പിന്നിൽ വൃദ്ധിമാൻ സാഹ പരുക്കേറ്റ് തിരിച്ചുകയറിയത് ഋഷഭ് പന്തിനും കളത്തിലിറങ്ങാൻ അവസരമൊരുക്കി.

മൂന്നാം ദിനം ചായയ്ക്കു തൊട്ടുമുൻപാണ് പന്തുകൊണ്ട് എൽഗാറിന് പരുക്കേറ്റത്. അൽപനേരം ബാറ്റിങ് തുടർന്ന എൽഗാർ പിന്നീട് പിന്മാറി. ഇതോടെ നേരത്തെ ചായയ്ക്കു പിരിയാൻ അംപയർമാർ തീരുമാനിച്ചെങ്കിലും ചായയ്ക്കു ശേഷം എൽഗാർ കളിക്കാനെത്തിയില്ല. ഇതേ തുടർന്ന് പരുക്കേറ്റവർക്കു പകരക്കാരെ അനുവദിക്കുന്ന ‘കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്’ സംവിധാനത്തിന്റെ ചുവടുപിടിച്ചാണ് ഡിബ്രൂയിൻ ബാറ്റു ചെയ്യാനെത്തിയത്. ഡെയ്ൻ പീറ്റിനും പിന്നിൽ ഒൻപതാമനായാണ് ഡിബ്രൂയിൻ കളത്തിലെത്തിയത്.

എന്തായാലും നിനച്ചിരിക്കാതെ ലഭിച്ച അവസരം ഡിബ്രൂയിൻ പാഴാക്കിയില്ല. രണ്ടാം ഇന്നിങ്സിൽ എട്ടിന് 132 റൺസെന്ന നിലയിൽ കൂട്ടത്തകർച്ചയെ നേരിടുന്ന ദക്ഷിണാഫിക്കയുടെ ഇതുവരെയുള്ള ടോപ് സ്കോറർ ഡിബ്രൂയിനാണ്. 29 പന്തിൽ മൂന്നു ഫോർ സഹിതം 16 റൺസുമായി ബാറ്റു ചെയ്യവെ പരുക്കേറ്റ് പിൻമാറിയ എൽഗാറിന് ഒത്ത പകരക്കാരനാണ് താനെന്ന് തെളിയിച്ചാണ് താരം ക്രീസിൽ തുടരുന്നത്. മൂന്നാം ദിനം തന്നെ തോൽവിയിലേക്കു നീങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നാലാം ദിനത്തിലേക്ക് ആയുസ്സ് നീട്ടിനൽകിയതും ഡിബ്രൂയിൻ തന്നെ. ഇതുവരെ 42 പന്തുകൾ നേരിട്ട ഡിബ്രൂയിൻ നാലു ഫോറും ഒരു സിക്സും സഹിതമാണ് 30 റൺസെടുത്തത്. ഏഴാം വിക്കറ്റിൽ ഡെയ്ൻ പീറ്റിനൊപ്പം 31 റണ്‍സും എട്ടാം വിക്കറ്റിൽ റബാദയ്ക്കൊപ്പം 23 റൺസും പിരിയാത്ത ഒൻപതാം വിക്കറ്റിൽ നോർജെയ്ക്കൊപ്പം 11 റൺസും കൂട്ടിച്ചേർത്താണ് ഡിബ്രൂയിൻ ദക്ഷിണാഫ്രിക്കയുടെ ‘ജീവൻ’ നീട്ടിയെടുത്തത്.

മാത്രമല്ല, ആദ്യ രണ്ടു ടെസ്റ്റുകളിലെ നാല് ഇന്നിങ്സിൽനിന്ന് നേടിയ ഉയർന്ന സ്കോറിനൊപ്പവുമെത്തി ഡിബ്രൂയിൻ. പുണെ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ നേടിയ 30 റൺസാണ് ഡിബ്രൂയിന്റെ ഉയർന്ന സ്കോർ. ഈ ടെസ്റ്റിൽ ഡിബ്രൂയിൻ ആ സ്കോറിനൊപ്പം എത്തിക്കഴിഞ്ഞു. മറുവശത്ത്, ദക്ഷിണാഫിക്കൻ ഇന്നിങ്സിലെ 27–ാം ഓവറിൽ രവിചന്ദ്രൻ അശ്വിന്റെ പന്ത് കയ്യിൽ കൊണ്ടാണ് സാഹയ്ക്ക് വിരലിനു പരുക്കേറ്റത്. ഇതോടെ കളമൊഴിഞ്ഞ സാഹയ്ക്കു പകരം വിക്കറ്റ് കാക്കാനെത്തിയത് പന്തും.

∙ എന്താണ് കൺകഷൻ സബ്സ്റ്റിറ്റ്യൂഷൻ ?

മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ തലയിൽ പന്തിടിച്ചു പരുക്കേറ്റാൽ മറ്റൊരു താരത്തെ പകരക്കാരനായി ഇറക്കുന്ന നിയമത്തെയാണു കൺകഷൻ സബ്സ്റ്റിറ്റ്യൂഷൻ എന്നു വിളിക്കുന്നത്. പരുക്കേറ്റ താരത്തെ പിൻവലിച്ചതിനുശേഷം പകരക്കാരനായി പുതിയ താരത്തെ ഇറക്കുന്നതാണു നിയമം. പകരക്കാരനായി കളിക്കുന്ന താരത്തിനു ബാറ്റിങ്ങും ബോളിങും ചെയ്യാൻ തടസ്സമില്ല.

ഓസീസ് താരം മാൻനസ് ലെബുഷെയ്നാണ് ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ സബ്സ്റ്റിറ്റ്യൂട്ട് ബാറ്റ്സ്മാൻ. ഇക്കഴിഞ്ഞ ആഷസ് പരമ്പരയിലാണ് ജോഫ്ര ആർച്ചറുടെ ബൗൺസർ കഴുത്തിലിടിച്ചു പരുക്കേറ്റ സ്റ്റീവ് സ്മിത്തിനു പകരക്കാരനായി ലെബുഷെയ്ൻ ഓസീസിനായി ബാറ്റിങ്ങിന് ഇറങ്ങിയത്. ലെബുഷെയ്നെയും ഉജ്വല ബൗൺസറോടെയാണ് ആർച്ചർ വരവേറ്റത്. പന്തു ഹെൽമെറ്റിലിടിച്ചു നിലത്തുവീണ ലെബുഷെയ്ൻ, പക്ഷേ ബാറ്റിങ് തുടർന്നു. വിലപ്പെട്ട അർധ സെഞ്ചുറിയും (59) നേടി.

English Summary: Dean Elgar Ruled Out, Theunis de Bruyn Named Concussion Replacement, Rishabh Pant in for Saha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com