ADVERTISEMENT

റാഞ്ചി∙ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം തന്നെ റാഞ്ചിയിൽ വിജയം റാഞ്ചാമെന്ന ഇന്ത്യൻ മോഹം വിലപ്പോയില്ല. കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലിറങ്ങിയ തെയുനിസ് ഡിബ്രൂയിനൊപ്പം ദക്ഷിണാഫ്രിക്കൻ വാലറ്റം ഉറച്ചുനിന്നതോടെ ‘ഉറപ്പിച്ച’ വിജയം പോക്കറ്റിലാക്കാൻ ഇന്ത്യ ചൊവ്വാഴ്ച വരെ കാത്തിരിക്കണം. 335 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് കടവുമായി വീണ്ടും ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സിലും തകർന്നടിഞ്ഞുകഴിഞ്ഞു. ഈ പരമ്പരയിലുടനീളം കണ്ടതുപോലെ ‘വാലിൽക്കുത്തി’ അവർ തീർത്ത പ്രതിരോധമാണ് ഇന്ത്യയുടെ വിജയസ്വപ്നങ്ങൾ നാലാം ദിനത്തിലേക്കു നീട്ടിയത്. മൂന്നാം ദിനം കളി നിർത്തുമ്പോൾ 46 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 132 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. ഡിബ്രൂയിൻ 30 റൺസോടെയും ആൻറിച് നോർജെ അഞ്ചു റൺസോടെയും ക്രീസിൽ. രണ്ടു വിക്കറ്റ് മാത്രം ബാക്കിനിൽക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിേനക്കാൾ 203 റൺസ് പിന്നിലാണ് സന്ദർശകർ.

ഓപ്പണർ ക്വിന്റൺ ഡികോക്ക് (അഞ്ച്), ഒന്നാം ഇന്നിങ്സിലെ ടോപ് സ്കോറർ സുബൈർ ഹംസ (0), ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി (നാല്), തെംബ ബാവുമ (0), ഹെൻറിച് ക്ലാസ്സൻ (അഞ്ച്), ജോർജ് ലിൻഡെ (27), ഡെയ്ൻ പീറ്റ് (23), കഗീസോ റബാദ (16 പന്തിൽ 12) എന്നിവരാണ് രണ്ടാം ഇന്നിങ്സിൽ പുറത്തായ ദക്ഷിണാഫ്രിക്കൻ താരങ്ങൾ. ഓപ്പണർ ഡീൻ എൽഗാറിനു പരുക്കേറ്റതോടെയാണ് ‘കണ്‍കഷൻ സബ്സ്റ്റിറ്റ്യൂട്ട്’ ആയി ഡിബ്രൂയിൻ കളത്തിലിറങ്ങിയത്. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി മൂന്നും ഉമേഷ് യാദവ് രണ്ടും രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ജോർജ് ലിൻഡെ റണ്ണൗട്ടായി. രണ്ടു ദിവസത്തെ കളി ശേഷിക്കെ ദക്ഷിണാഫ്രിക്ക ഇന്നിങ്സ് തോൽവി ഉറപ്പിച്ചു കഴിഞ്ഞു. തുടർച്ചയായ മൂന്നാം ജയത്തോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പരമ്പര തൂത്തുവാരുന്നതിന്റെ വക്കിലാണ് ഇന്ത്യ.

∙ രണ്ടാം ഇന്നിങ്സിലും കൂട്ടത്തകർച്ച

സ്കോർ ബോർഡിൽ അഞ്ചു റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ ക്വിന്റൺ ഡികോക്കാണ് ആദ്യം പുറത്തായത്. ആറു പന്തിൽ ഒരു ഫോർ സഹിതം അഞ്ചു റൺസെടുത്ത ഡികോക്ക് ഉമേഷ് യാദവിന്റെ പന്തിൽ ക്ലീൻ ബൗൾഡായി. അഞ്ചു റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും രണ്ടാം വിക്കറ്റും നഷ്ടം. ഒന്നാം ഇന്നിങ്സിലെ ടോപ് സ്കോറർ സുബൈർ ഹംസ ഇക്കുറി ഡക്കായി മടങ്ങി. ആറു പന്തു നേരിട്ട ഹംസയെ മുഹമ്മദ് ഷമി ക്ലീൻ ബോൾ ചെയ്തു. സ്കോർ 18ൽ എത്തിയപ്പോൾ ക്യാപ്റ്റൻ ഡുപ്ലേസിയും പുറത്ത്. 10 പന്തിൽ നാലു റൺസെടുത്ത ഡുപ്ലേസിയെ ഷമി എൽബിയിൽ കുരുക്കി. ഡുപ്ലേസി അംപയറിന്റെ തീരുമാനം റിവ്യൂ ചെയ്തെങ്കിലും ഫലമുണ്ടായില്ല. നാലു റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും ബാവുമയും ഡക്കായി. മൂന്നു പന്തു മാത്രം േനരിട്ട ബാവുമയെ ഷമി വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ കൈകളിലെത്തിച്ചു.

ഇതിനിടെ ഡീൻ എൽഗാറിനു പരുക്കേറ്റതോടെ ചായയ്ക്ക് നേരത്തേ പിരിയാൻ അംപയർമാർ തീരുമാനിച്ചു. ചായയ്ക്കു ശേഷം തിരിച്ചെത്തിയപ്പോൾ എൽഗാർ ഇറങ്ങിയുമില്ല. പകരം ജോർജ് ലിൻഡെയാണ് വന്നത്. എന്നാൽ, സ്കോർ 36ൽ നിൽക്കെ ഹെൻറിച് ക്ലാസ്സനെ പുറത്താക്കി ഉമേഷ് യാദവ് രണ്ടാം വിക്കറ്റ് നേടി. ഉമേഷിന്റെ പന്തിൽ കുറ്റി തെറിച്ചാണ് ക്ലാസ്സന്റെ മടക്കം. സ്കോർ 67ൽ എത്തിയപ്പോൾ ജോർജ് ലിൻഡെയും മടങ്ങി. അരങ്ങേറ്റ ടെസ്റ്റിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ലിൻഡെയെ ഷഹബാസ് നദീം റണ്ണൗട്ടാക്കി.

ബാറ്റിങ്ങിനിടെ പരുക്കേൽക്കുന്ന താരത്തിനു പകരക്കാരനായി ടീമിലെ പന്ത്രണ്ടാമനെ ബാറ്റിങ്ങിന് ഇറക്കുന്ന ‘കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് ’ ആയെത്തിയ തെയുനീസ് ഡിബ്രൂയിനാണ് ഒൻപതാമനായി ക്രീസിലെത്തിയത്. ഡെയ്ൻ പീറ്റിനെ കൂട്ടുപിടിച്ച് ഡിബ്രൂയിൻ ഏഴാം വിക്കറ്റിൽ 31 റൺസ് കൂട്ടിച്ചേർത്തെങ്കിലും പീറ്റിനെ ജഡേജ മടക്കി. 73 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 23 റണ്‍സെടുത്ത പീറ്റിനെ ജഡേജ ക്ലീൻ ബോൾ ചെയ്തു. മൂന്നു ഫോറുകളോടെ കഗീസോ റബാദ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അശ്വിൻ തിരിച്ചടിച്ചു. രവീന്ദ്ര ജഡേജയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോൾ 16 പന്തിൽ മൂന്നു ഫോറുകൾ സഹിതം നേടിയ 12 റൺസായിരുന്നു റബാദയുടെ സമ്പാദ്യം. പിന്നീടെത്തിയ ആൻറിച് നോർജെയെ കൂട്ടുപിടിച്ച് ഡിബ്രൂയിൻ പ്രതിരോധം തീർത്തതോടെ വിജയത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് നാലാം ദിനത്തിലേക്ക്.

∙ ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും ഫോളോ ഓൺ

ഒന്നാം ഇന്നിങ്സിൽ 162 റൺസിന് പുറത്തായതോടെയാണ് റാഞ്ചിയിലും ദക്ഷിണാഫ്രിക്ക ഫോളോ ഓൺ ചെയ്തത്. 56.2 ഓവറിലാണ് ദക്ഷിണാഫ്രിക്ക 162 റൺസിന് പുറത്തായത്. ടെസ്റ്റിലെ കന്നി അർധസെഞ്ചുറി കുറിച്ച യുവതാരം സുബൈർ ഹംസയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ഹംസ 79 പന്തിൽ 10 ഫോറും ഒരു സിക്സും സഹിതം 62 റൺസെടുത്തു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 335 റൺസ് അകലെ പുറത്തായതോടെയാണ് ഇന്ത്യൻ നായകൻ സന്ദർശകരെ ഫോളോ ഓൺ ചെയ്യിച്ചത്. പുണെയിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഫോളോ ഓൺ ചെയ്യിച്ചിരുന്നു.

സുബൈർ ഹംസയ്ക്കു പുറമെ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിൽ രണ്ടക്കം കണ്ടത് രണ്ടു പേർ മാത്രമാണ്. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ജോർജ് ലിൻഡെ 37 റൺസെടുത്ത് ദക്ഷിണാഫ്രിക്കയുടെ രണ്ടാമത്തെ ടോപ് സ്കോററായി. 81 പന്തിൽ മൂന്നു ഫോറും ഒരു സിക്സും ഉൾപ്പെടുന്നതാണ് ലിൻഡെയുടെ 37 റൺസ്. 32 റൺസെടുത്ത തെംബ ബാവുമയാണ് രണ്ടക്കം കണ്ട മൂന്നാമൻ. 72 പന്തിൽ അഞ്ചു ഫോർ സഹിതമാണ് ബാവുമ 32 റൺസെടുത്തത്. ഇന്ത്യയ്ക്കായി ഉമേഷ് യാദവ് മൂന്നും ഷഹബാസ് നദീം, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടും രവിചന്ദ്രൻ അശ്വിൻ ഒരു വിക്കറ്റും വീഴ്ത്തി.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ ഉയർന്ന രണ്ടാമത്തെ ഒന്നാം ഇന്നിങ്സ് ലീഡാണ് റാഞ്ചിയിലെ 335 റൺസ്. 2009–10ൽ കൊൽക്കത്തയിൽ 347 റൺസ് ലീഡ് നേടിയതാണ് ഒന്നാമത്. പുണെയിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ 326 റൺസ് ലീഡ് നേടിയിരുന്നു. എട്ടാം തവണ എതിരാളികളെ ഫോളോ ഓൺ ചെയ്യിച്ച് ഇന്ത്യൻ നായകൻ വിരാട് കോലിയും റെക്കോർഡിട്ടു. ഏഴു തവണ എതിരാളികളെ ഫോളോ ഓൺ ചെയ്യിച്ച മുഹമ്മദ് അസ്ഹറുദ്ദീനെയാണ് കോലി പിന്തള്ളിയത്. മുൻപ് ഏഴു തവണ ഫോളോ ഓൺ ചെയ്യിച്ചതിൽ അഞ്ചു തവണയും ഇന്ത്യ ജയിച്ചു. ഇന്ത്യൻ മണ്ണിൽ തുടർച്ചയായ അഞ്ചാം ഇന്നിങ്സിലും മൂന്നു വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവും റെക്കോർഡിട്ടു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ പേസ് ബോളറാണ് ഉമേഷ് യാദവ്. കഴിഞ്ഞ നാല് ഇന്നിങ്സുകളിൽ 6/88, 4/45, 3/37, 3/22 എന്നിങ്ങനെയാണ് യാദവിന്റെ പ്രകടനം.

∙ ബാറ്റിങ് ‘മറന്ന്’ ദക്ഷിണാഫ്രിക്ക

രാജ്യാന്തര കരിയറിലെ രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന ഇരുപത്തിനാലുകാരൻ സുബൈർ ഹംസയുടെ പ്രകടനം മാത്രമാണ് മൂന്നാം ദിനം ആദ്യ സെഷനിൽ ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വസിക്കാനുള്ളത്. ഇന്ത്യൻ മണ്ണിൽ ഇന്ത്യൻ താരങ്ങളെ അനുസ്മരിപ്പിക്കും വിധം ബാറ്റു വീശിയ ഹംസ, ടെസ്റ്റിലെ കന്നി അർധസെഞ്ചുറിയും കുറിച്ചു. 79 പന്തിൽ 10 ഫോറും ഒരു സിക്സും സഹിതം 62 റൺസെടുത്ത ഹംസയെ രവീന്ദ്ര ജഡേജയാണ് പുറത്താക്കിയത്. ഇതിനിടെ നാലാം വിക്കറ്റിൽ തെംബ ബാവുമയ്ക്കൊപ്പം 89 റൺസിന്റെ കൂട്ടുകെട്ട് തീർക്കാനും ഹംസയ്ക്കായി.

രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഒൻപത് റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഓവറിൽത്തന്നെ മൂന്നാം വിക്കറ്റ് നഷ്ടമാകുന്ന കാഴ്ചയോടെയാണ് കളം ഉണർന്നത്. ഒൻപതു പന്തിൽ ഒരു റൺ മാത്രമെടുത്ത ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസിയെ ഉമേഷ് യാദവ് ക്ലീൻ ബോൾ ചെയ്തു. എന്നാൽ നാലാം വിക്കറ്റിൽ പോരാട്ടം ഏറ്റെടുത്ത സുബൈർ ഹംസ – തെംബ ബാവുമ സഖ്യം ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷ സമ്മാനിച്ചു.

ഇന്ത്യൻ പേസർമാരെ നിഷ്പ്രയാസം നേരിട്ട ഹംസ മികച്ച ഫോമിലായിരുന്നു. ഉമേഷ് യാദവിനെയും മുഹമ്മദ് ഷമിയെയും ഹംസ അനായാസം ബൗണ്ടറി കടത്തി. ഹംസയുടെ പ്രകടനത്തിൽനിന്ന് ആത്മവിശ്വാസമാർജിച്ച് ബാവുമയും തകർത്തടിച്ചതോടെ കൂട്ടുകെട്ട് അർധസെഞ്ചുറി പിന്നിട്ടു. ദക്ഷിണാഫ്രിക്കൻ സ്കോറും 100 കടന്നു. പേസർമാരെ ഇരുവരും അനായാസം നേരിട്ടതോടെ കോലി സ്പിന്നർമാരെ രംഗത്തിറക്കി. പ്രത്യേകിച്ചു ഫലമൊന്നുമുണ്ടായില്ല. ഏകദിന ശൈലിയിൽ തകർത്തടിച്ച ഹംസ 56 പന്തിൽ എട്ടു ഫോറും ഒരു സിക്സും സഹിതം കന്നി അർധസെഞ്ചുറിയിലെത്തി. രവിചന്ദ്രൻ അശ്വിനെതിരെ സിക്സ് നേടിയാണ് ഹംസ അർധസെഞ്ചുറി പിന്നിട്ടത്. ഇന്ത്യൻ മണ്ണിലെ കന്നി ഇന്നിങ്സിൽ 50 കടക്കുന്ന ഏഴാമത്തെ ദക്ഷിണാഫ്രിക്കൻ താരമാണ് ഹംസ. ഇതിൽ രണ്ടു പേർ സെഞ്ചുറിയും നേടി.

ഒടുവിൽ ഹംസയെ ക്ലീൻ ബോൾ ചെയ്ത് രവീന്ദ്ര ജഡേജയാണ് ഇന്ത്യ കാത്തിരുന്ന വിക്കറ്റ് സമ്മാനിച്ചത്. 79 പന്തിൽ 10 ഫോറും ഒരു സിക്സും സഹിതം 62 റൺസുമായി ഹംസ മടങ്ങി. കൂട്ടുകാരൻ പോയതോടെ ഏകാഗ്രത നഷ്ടമായ ബാവുമയെ അടുത്ത ഓവറിൽ കന്നി ടെസ്റ്റ് കളിക്കുന്ന ഷഹബാസ് നദീം പുറത്താക്കി. ക്ഷമ നശിച്ച് നദീമിനെ കയറിയടിക്കാനുള്ള ബാവുമയുടെ ശ്രമം പാളി. പന്തു പിടിച്ചെടുത്ത വൃദ്ധിമാൻ സാഹ ബാവുമയെ സ്റ്റംപ് ചെയ്തു. നദീമിന്റെ കന്നി ടെസ്റ്റ് വിക്കറ്റ്. സ്റ്റംപിങ്ങിലൂടെ കന്നി ടെസ്റ്റ് വിക്കറ്റ് നേടുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് നദീം.

സ്കോർ 119ൽ എത്തിയപ്പോൾ ജഡേജ വീണ്ടും സന്ദർശകർക്ക് പ്രഹരമേൽപ്പിച്ചു. പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഹെൻറിച് ക്ലാസ്സനെ പുറത്താക്കാൻ ജഡേജ എറിഞ്ഞ പന്ത് ‘ക്ലാസ്’ ആയിരുന്നു. ക്ലാസന്റെ പ്രതിരോധം തകർത്ത പന്ത് സ്റ്റംപുമായി പാഞ്ഞു. ഡെയ്ൻ പീറ്റും ജോർജ് ലിൻഡെയും കൂടുതൽ വിക്കറ്റ് നഷ്ടം കൂടാതെ ക്രീസിൽ നിന്നതോടെ ആറിന് 129 റൺസെന്ന നിലയിൽ ലഞ്ചിന് പിരിഞ്ഞു. ഉച്ചഭക്ഷണത്തിനു ശേഷം ജോർജ് ലിൻഡെ നടത്തിയ ചെറുത്തുനിൽപ്പ് ദക്ഷിണാഫ്രിക്കയ്ക്കു തുണയായി. 37 റൺസെടുത്ത ലിൻഡെയെ ഉമേഷ് യാദവ് പുറത്താക്കി. കഗീസോ റബാദ (0), ആൻറിച് നോർജെ (നാല്) എന്നിവർ കൂടി പുറത്തായതോടെ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിനും വിരാമം.

മത്സരത്തിന്റെ രണ്ടാം ദിനം 3 വിക്കറ്റിന് 224 എന്ന സ്കോറിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ, 9 വിക്കറ്റിന് 497 എന്ന സ്കോറിൽ ഡിക്ലയർ ചെയ്തിരുന്നു. രോഹിത് (212), രഹാനെ (115), രവീന്ദ്ര ജഡേജ (51) എന്നിവരാണ് പ്രധാന സ്കോറർമാർ. 4 വിക്കറ്റെടുത്ത ജോർജ് ലിൻഡെ ദക്ഷിണാഫ്രിക്കയ്ക്കായി ഭേദപ്പെട്ട പ്രകടനം നടത്തി. ചായയ്ക്കുശേഷം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 2 വിക്കറ്റ് നഷ്ടത്തിൽ 9 റൺസ് എടുത്തു നിൽക്കെ വെളിച്ചക്കുറവിനെത്തുടർന്ന് രണ്ടാം ദിവസത്തെ കളി അവസാനിപ്പിച്ചു. ഡീൻ എൽഗാർ (0), ക്വിന്റൻ ഡി കോക്ക് (4) എന്നിവരാണു പുറത്തായത്. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമിയും ഉമേഷ് യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

English Summary: India vs South Africa, 3rd Test - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com