ADVERTISEMENT

റാഞ്ചി∙ വെറും പന്ത്രണ്ട് പന്തുകൾ! നേടിയത് ഒരേയൊരു റൺ. അതിനിടെ അവസാന രണ്ടു വിക്കറ്റും നഷ്ടം. ഫലം, റാഞ്ചി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ വിജയം നാലാം ദിനത്തിലേക്ക് നീട്ടിയ ദക്ഷിണാഫ്രിക്കൻ വാലറ്റം അതിവേഗം തുടച്ചുനീക്കി ഇന്ത്യ വിജയപീഠത്തിൽ. രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കൻ വെല്ലുവിളി വെറും 133 റൺസിൽ അവസാനിപ്പിച്ചാണ് റാ‍ഞ്ചിയിലും ഇന്ത്യ ഇന്നിങ്സ് വിജയം ആവർത്തിച്ചത്. 335 റണ്‍സിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത ദക്ഷിണാഫ്രിക്ക, 48 ഓവറിലാണ് 133 റൺസിന് പുറത്തായത്. കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായെത്തി ദക്ഷിണാഫ്രിക്കയുടെ ആയുസ് നാലാം ദിനത്തിലേക്ക് നീട്ടിയെടുത്ത തെയൂനിസ് ഡിബ്രൂയിൻ, പതിനൊന്നാമൻ ലുങ്കി എൻഗിഡി എന്നിവരെ തുടർച്ചയായ പന്തുകളിൽ പുറത്താക്കി അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ഷഹബാസ് നദീമാണ് ഇന്ത്യയ്ക്ക് ഗംഭീര വിജയം സമ്മാനിച്ചത്. ഇന്നിങ്സിനും 202 റൺസിനുമാണ് ഇന്ത്യയുടെ വിജയം. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ ടെസ്റ്റ് പരമ്പര തൂത്തുവാരുന്നത് ഇതാദ്യം. ഇരട്ട സെഞ്ചുറി നേടിയ രോഹിത് ശർമയാണ് കളിയിലെ താരം. പരമ്പരയുടെ താരവും രോഹിത് തന്നെ!

സ്കോർ: ഇന്ത്യ – 497/9 ഡിക്ലയേർഡ്, ദക്ഷിണാഫ്രിക്ക – 162, 133

എട്ടിന് 132 റണ്‍സെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് മുഹമ്മദ് ഷമി എറിഞ്ഞ ആദ്യ ഓവർ മാത്രമേ അതിജീവിക്കാനായുള്ളൂ. രണ്ടാം ഓവറിൽ അരങ്ങേറ്റ താരം ഷഹബാസ് നദീമിനെ കൊണ്ടുവന്ന ക്യാപ്റ്റൻ വിരാട് കോലി ദക്ഷിണാഫ്രിക്കൻ ബാറ്റിങ് ചുരുട്ടിക്കെട്ടി. അഞ്ചാം പന്തിൽ തെയൂനിസ് ഡിബ്രൂയിനെ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ കയ്യിലെത്തിച്ച നദീമിലൂടെ ഇന്ത്യ വിജയത്തിലേക്ക് ആദ്യ ചുവടുവച്ചു. 49 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 30 റൺസായിരുന്നു ഡിബ്രൂയിന്റെ സമ്പാദ്യം. തൊട്ടടുത്ത പന്തിൽ പതിനൊന്നാമൻ ലുങ്കി എൻഗിഡിയെ സ്വന്തം ബോളിങ്ങിൽ പിടികൂടി നദീം ദക്ഷിണാഫ്രിക്കയുടെ ശവപ്പെട്ടിയിൽ അവസാന ആണിയും അടിച്ചു. നേരിട്ട ആദ്യ പന്തിൽ എൻഗിഡി പുറത്തായത് കൗതുകകരമായ രീതിയിലായിരുന്നു. എൻഗിഡി അടിച്ചകറ്റിയ പന്ത് നോൺ സ്ട്രൈക്കേഴ്സ് എൻഡിൽനിന്ന എൻറിച് നോർജെയുടെ തോളിൽത്തട്ടി ഉയർന്നുപൊങ്ങി. നദീം പന്ത് അനായാസം കൈപ്പിടിയിലൊതുക്കി.

തുടർച്ചയായ രണ്ടാം ടെസ്റ്റിലാണ് ദക്ഷിണാഫ്രിക്ക ഇന്നിങ്സ് തോൽവിയുടെ നാണക്കേടിലേക്ക് വഴുതിവീഴുന്നത്. പുണെയിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ദക്ഷിണാഫ്രിക്ക ഇന്നിങ്സ് തോൽവി വഴങ്ങിയിരുന്നു. ഇതിനു മുൻപ് ഒരേ പരമ്പരയിൽ ദക്ഷിണാഫ്രിക്ക തുടർച്ചയായി രണ്ട് ഇന്നിങ്സ് തോൽവികൾ വഴങ്ങിയത് 1935–36 കാലഘട്ടത്തിലാണ്. അന്ന് ഓസ്ട്രേലിയയ്ക്കെതിരെ മൂന്ന് ടെസ്റ്റുകളിൽ അവർ തുടർച്ചയായി ഇന്നിങ്സിന് തോറ്റു. അതിനുശേഷം ഇപ്പോൾ ഇന്ത്യയ്ക്കെതിരെയും സമാനമായ നാണക്കേട് ആവർത്തിച്ചിരിക്കുന്നു.

∙ ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച് ഇന്ത്യൻ പേസർമാർ

നേരത്തെ, രണ്ടാം ഇന്നിങ്സിൽ 8 വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് എടുത്ത ദക്ഷിണാഫ്രിക്ക പരാജയം ഉറപ്പിച്ചുനിൽക്കെ മൂന്നാം ദിവസത്തെ കളിക്ക് അവസാനമായി. 9 വിക്കറ്റിന് 497 എന്ന സ്കോറിൽ ഇന്ത്യ ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. മത്സരം രണ്ടു ദിവസം ശേഷിക്കെ ഇന്ത്യയെക്കാൾ 203 റൺസിനു പിന്നിലാണു ദക്ഷിണാഫ്രിക്ക. ആദ്യ 2 ടെസ്റ്റുകൾ ജയിച്ച ഇന്ത്യ 3 മത്സര പരമ്പര നേരത്തേ സ്വന്തമാക്കിയിരുന്നു. ഉമേഷ് യാദവിന്റെ ബൗൺസിനും മുഹമ്മദ് ഷമിയുടെ റിവേഴ്സ് സ്വിങ്ങറുകൾക്കും മുന്നിൽ അടിതെറ്റിയാണ് ദക്ഷിണാഫ്രിക്ക, മൂന്നാം ടെസ്റ്റിലും ഇന്നിങ്സ് തോൽവി വഴങ്ങിയത്. ഇന്നലെ ഒറ്റദിവസം രണ്ട് ഇന്നിങ്സിലും നിന്നായി ദക്ഷിണാഫ്രിക്കയുടെ 16 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബോളർമാരാണ് സൂപ്പർ താരങ്ങൾ.

ആദ്യ ഓവറിൽത്തന്നെ ഫാഫ് ഡുപ്ലെസിയുടെ (1) ഓഫ് സ്റ്റംപ് തെറിപ്പിച്ച ഉമേഷ് യാദവ് ദക്ഷിണാഫ്രിക്കയ്ക്ക് വരാനിരിക്കുന്ന ആപത്തിന്റെ സൂചനയാണു നൽകിയത്. സുബൈർ ഹംസ (62), തെംബ ബവൂമ (32), ജോർജ് ലിൻഡെ (37) എന്നിവർ അൽപനേരം പിടിച്ചുനിന്നെങ്കിലും ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്സ് നീണ്ടത് 57 ഓവർ മാത്രം. 335 റൺസിനു പിന്നിലായ ദക്ഷിണാഫ്രിക്കയെ ഫോളോ ഓൺ ചെയ്യിക്കാൻ ഇന്ത്യൻ നായകൻ വിരാട് കോലി രണ്ടാമതൊന്ന് ആലോചിച്ചില്ല.

അതിഗംഭീര ബോളിങ് പ്രകടനത്തോടെ ഇന്ത്യൻ പേസർമാർ രണ്ടാം ഇന്നിങ്സിലും കോലിയുടെ തീരുമാനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. 36 റൺസ് ചേർക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയുടെ 5 മുൻനിര വിക്കറ്റുകൾ തെറിപ്പിച്ച പേസർമാർ, മൂന്നാം ദിനംതന്നെ ഇന്ത്യയെ വിജയതീരത്ത് എത്തിച്ചു. വാലറ്റത്തിന്റെ കരുത്തിൽ ദക്ഷിണാഫ്രിക്ക മത്സരം ഇന്നത്തേക്കുകൂടി നീട്ടിയെടുത്തെന്നു മാത്രം.

കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായെത്തി 30 റൺസെടുത്ത തെയൂനിസ് ഡിബ്രൂയിൻ അവരുടെ ടോപ് സ്കോററായി. ജോർജ് ലിൻഡെ (27), ഡെയ്ൻ പീറ്റ് (23), ഡീൻ എൽഗാർ (16 റിട്ടയേർഡ് ഹർട്ട്), കഗീസോ റബാദ (12) എന്നിവരും ഭേദപ്പെട്ടു നിന്നു. ക്വിന്റൻ ഡികോക്ക് (5), സുബൈർ ഹംസ (0), തെംബ ബാവുമ (0), ഫാഫ് ഡുപ്ലേസി (4), ഹെൻറിച്ച് ക്ലാസ്സൻ (5), ലുങ്കി എൻഗിഡി (0) എന്നിവർ നിരാശപ്പെടുത്തി. ആദ്യ ഇന്നിങ്സിൽ 3 വിക്കറ്റെടുത്ത ഉമേഷ് രണ്ടാം ഇന്നിങ്സിൽ 2 വിക്കറ്റ് കൂടി വീഴ്ത്തി. മുഹമ്മദ് ഷമിക്കും കിട്ടി 5 വിക്കറ്റ്; ആദ്യ ഇന്നിങ്സിൽ രണ്ടും പിന്നെ മൂന്നും.

∙ എന്താണ് ദക്ഷിണാഫ്രിക്കയ്ക്ക് സംഭവിക്കുന്നത് ?

റാഞ്ചിയിലെ വിക്കറ്റിലെ ബൗൺസ് വ്യത്യാസം പരമാവധി മുതലെടുത്ത് ആഞ്ഞടിച്ച ഇന്ത്യൻ പേസ് ബോളർമാരാണ് ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത്. സ്റ്റംപ് ലക്ഷ്യമാക്കിയുള്ള ഉമേഷ് യാദവിന്റെയും മുഹമ്മദ് ഷമിയുടെയും ബോളുകൾ റാഞ്ചിയിലെ വിക്കറ്റിൽ കൂടുതൽ അപകടകരമായി. ഇരുവരെയും ഫ്രണ്ട് ഫുട്ടിൽ പ്രതിരോധിക്കാനുള്ള ദക്ഷിണാഫ്രിക്കൻ തന്ത്രം രണ്ട് ഇന്നിങ്സിലും പാളി.

എ‍ൽബിഡബ്ല്യു ആയും ബോൾഡായും ദക്ഷിണാഫ്രിക്കൻ താരങ്ങൾ ഇന്ത്യൻ പേസർമാർക്കു വിക്കറ്റ് സമ്മാനിച്ചപ്പോൾ 2 വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജയും ഷെഹ്ബാസ് നദീമും തങ്ങളുടെ ദൗത്യവും ഭംഗിയാക്കി. ക്വാളിറ്റി പേസ് ബോളർമാരെ നേരിടുന്നതിലുള്ള ദക്ഷിണാഫ്രിക്കൻ യുവനിരയുടെ പരിചയക്കുറവും മത്സരത്തിൽ തെളിഞ്ഞുകണ്ടു.

 

∙ സ്കോർ ബോർഡ്

ഇന്ത്യ– ആദ്യ ഇന്നിങ്സ്: 9 വിക്കറ്റിന് 497 ഡിക്ല.

ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്സ്: എൽഗാർ സി സാഹ ബി ഷമി 0, ഡി കോക് സി സാഹ ബി ഉമേഷ് 4, ഹംസ ബി ജഡേജ 62, ഡുപ്ലെസി ബി ഉമേഷ് 1, ബവൂമ സ്റ്റംപ്ഡ് സാഹ ബി നദീം 32, ക്ലാസെൻ ബി ജഡേജ 6, ലിൻഡെ സി രോഹിത് ബി ഉമേഷ് 37, പീറ്റ് എൽബി ബി ഷമി 4, റബാദ റണ്ണൗട്ട് 0, നോർട്ട്യ എൽബി ബി നദീം 4, എൻഗിഡി നോട്ടൗട്ട് 0. എക്സ്ട്രാസ് 12. ആകെ 56.2 ഓവറിൽ 162നു പുറത്ത്.

ബോളിങ്– ഷമി: 10–4–22–2, ഉമേഷ്: 9–1–40–3, നദീം: 11.2–4–22–2, ജഡേജ: 14–3–19–2, അശ്വിൻ: 12–1–48–0.

ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സ്: ഡി കോക്ക് ബി ഉമേഷ് 5, എൽഗാർ റിട്ട. ഹർട്ട് 16, ഹംസ ബി ഷമി 0, ഡുപ്ലെസി എൽബി ബി ഷമി 4, ബവൂമ സി സാഹ ബി ഷമി 0, ക്ലാസെൻ എൽബി ബി ഉമേഷ് 5, ലിൻഡെ റണ്ണൗട്ട് 27, പീറ്റ് ബി ജഡേജ 23, ഡി ബ്രൂയ്ൻ സി സാഹ ബി നദീം 30, റബാദ സി ജഡേജ ബി അശ്വിൻ 12, നോർജെ നോട്ടൗട്ട് 5, ലുങ്കി എൻഗിഡി സി ആൻഡ് ബി നദീം 0. എക്സ്ട്രാസ് 6. ആകെ 48 ഓവറിൽ 133ന് പുറത്ത്.

ബോളിങ്– ഷമി: 10–6–10–3, ഉമേഷ്: 9–1–35–2, ജഡേജ: 13–5–36–1, നദീം: 6–1–18–2, അശ്വിൻ: 10–3–28–1.

English Summary: India vs South Africa, 3rd Test - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com