ADVERTISEMENT

റാഞ്ചി∙ ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്ന മുൻ നായകൻ മഹേന്ദ്രസിങ് ധോണിയുടെ ഭാവിയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി നൽകിയ ഉത്തരം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനുശേഷം പതിവുള്ള വാർത്താ സമ്മേളനത്തിന് എത്തിയതായിരുന്നു കോലി. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്നിങ്സ് വിജയം നേടി പരമ്പര തൂത്തുവാരിയതിന്റെ ആഹ്ലാദത്തിനിടെയാണ് ‘ധോണിയുടെ ഭാവി’യെക്കുറിച്ച് മാധ്യമപ്രവർത്തകൻ കോലിയോട് ചോദ്യമുന്നയിച്ചത്.

മാധ്യമപ്രവർത്തകന്റെ ചോദ്യത്തെ ചിരിയോടെ നേരിട്ട കോലിയുടെ മറുപടി ഇങ്ങനെ:

‘അദ്ദേഹം ഇവിടെയുണ്ട്, ഡ്രസിങ് റൂമിൽ. വന്ന് അദ്ദേഹത്തോട് ഹലോ പറയൂ.’

കോലിയുടെ സരസമായ മറുപടിയെ ചിരിയോടെയാണ് മാധ്യമപ്രവർത്തകർ സ്വീകരിച്ചത്. ഇന്ത്യ–ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് നടന്ന റാഞ്ചി, മഹേന്ദ്രസിങ് ധോണിയുടെ സ്വന്തം നാടാണ്. മത്സരത്തിന്റെ നാലാം ദിനമായ ഇന്നു രാവിലെ ഇന്ത്യൻ വിജയത്തിന് സാക്ഷിയാകാൻ ധോണിയും സ്റ്റേഡിയത്തിലെത്തിയിരുന്നു. മത്സരശേഷം ഇന്ത്യൻ താരങ്ങളെ കണ്ട ധോണി, ഈ ടെസ്റ്റിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ ജാർഖണ്ഡുകാരൻ ഷഹബാസ് നദീമിനൊപ്പം സമയം ചെലവഴിച്ചു.

എട്ടു വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് പുഃനരാരംഭിച്ച ദക്ഷിണാഫ്രിക്കയെ, തുടർച്ചയായ പന്തുകളിൽ വിക്കറ്റ് വീഴ്ത്തിയ ഷഹബാസ് നദീമാണ് അനിവാര്യമായ തോൽവിയിലേക്ക് തള്ളിവിട്ടത്. ‘ആരാണ് ഇതെന്നു നോക്കൂ’ എന്ന ക്യാപ്ഷനോടെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ധോണിയും നദീമും ഒന്നിച്ചുള്ള ചിത്രം ട്വീറ്റ് ചെയ്തിരുന്നു. പിന്നീട് ധോണിക്കൊപ്പമുള്ള ചിത്രം ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയും ട്വീറ്റ് ചെയ്തു. ‘അതിശയകരമായ വിജയത്തിനുശേഷം ഒരു യഥാർഥ ഇന്ത്യൻ ഇതിഹാസത്തെ അദ്ദേഹത്തിന്റെ തട്ടകത്തിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം’ എന്ന ക്യാപ്ഷനോടു കൂടിയായിരുന്നു ശാസ്ത്രിയുടെ ട്വീറ്റ്.

ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് നേരത്തേതന്നെ വിരമിക്കൽ പ്രഖ്യാപിച്ച ധോണി, ലോകകപ്പ് സെമിയിലെ തോൽവിക്കുശേഷം ഇന്ത്യൻ ജഴ്സിയിൽ കളിച്ചിട്ടില്ല. ഇടയ്ക്ക് സൈനിക സേവനത്തിനും സമയം കണ്ടെത്തിയ ധോണി, ഇനിയെന്നാണ് ഇന്ത്യൻ ജഴ്സിയിൽ മടങ്ങിയെത്തുക എന്ന് വ്യക്തമല്ല.

English Summary: Virat Kohli asks reporters to say 'hello' to guest Mahendra Singh Dhoni

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com