ADVERTISEMENT

മുംബൈ∙ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഉജ്വല പ്രകടനത്തിന്റെ ബലത്തിൽ ഐസിസി റാങ്കിങ്ങിലും നേട്ടമുണ്ടാക്കി ഇന്ത്യൻ താരങ്ങൾ. ബാറ്റ്സ്മാൻമാരുടെ പട്ടികയിലാണ് ഇന്ത്യൻ താരങ്ങൾ കൂടുതൽ നേട്ടമുണ്ടാക്കിയത്. മൂന്നാം ടെസ്റ്റിലെ സെഞ്ചുറി പ്രകടനവുമായി അജിൻക്യ രഹാനെ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നതോടെ, ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ ആദ്യ അഞ്ചിൽ മൂന്ന് ഇന്ത്യൻ താരങ്ങളായി. രണ്ടാം സ്ഥാനം നിലനിർത്തിയ വിരാട് കോലി, നാലാം സ്ഥാനം നിലനിർത്തിയ ചേതേശ്വർ പൂജാര എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റ് ഇന്ത്യക്കാർ.

പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ട ഓപ്പണർ രോഹിത് ശർമ കരിയറിലെ ഏറ്റവും ഉയർന്ന റാങ്കിങ്ങെന്ന നേട്ടവുമായി 10–ാം സ്ഥാനത്ത് എത്തിയതോടെ ആദ്യ പത്തിലെ ഇന്ത്യൻ താരങ്ങളുടെ എണ്ണം നാലായി. മൂന്നു ടെസ്റ്റുകളിലെ നാല് ഇന്നിങ്സുകളിൽനിന്ന് 132നു മുകളിൽ ശരാശരിയുമായി 529 റൺസ് നേടിയ പ്രകടനമാണ് രോഹിത്തിനെ 10–ാം റാങ്കിലെത്തിച്ചത്. ഒരു ഇരട്ടസെഞ്ചുറി സഹിതം പരമ്പരയിൽ മൂന്നു സെഞ്ചുറി കുറിച്ച രോഹിത്, 12 സ്ഥാനം കുതിച്ചുകയറിയാണ് പത്തിലെത്തിയത്. 18–ാം സ്ഥാനം നിലനിർത്തിയ മായങ്ക് അഗർവാൾ കൂടി ചേരുന്നതോടെ ആദ്യ ഇരുപതിലുള്ള ഇന്ത്യൻ താരങ്ങളുടെ എണ്ണം അഞ്ചായി.

റാങ്കിങ്ങിൽ അഞ്ചാമതെത്തിയ അജിൻക്യ രഹാനെയുടെ കരിയറിലെ ഉയർന് നേട്ടമാണിത്. മുൻപ് 2016 നവംബറിൽ രഹാനെ അഞ്ചാം റാങ്കിലെത്തിയിരുന്നു. 937 പോയിന്റുമായി ഓസീസ് താരം സ്റ്റീവ് സ്മിത്താണ് പട്ടികയിൽ മുന്നിൽ. അതേസമയം, 936 പോയിന്റുമായി കഴിഞ്ഞ തവണ സ്മിത്തിനു തൊട്ടുപിന്നിലുണ്ടായിരുന്ന കോലിക്ക് പോയിന്റിൽ ചെറിയ ഇടിവുതട്ടി. നിലവിൽ 926 പോയിന്റുമായാണ് കോലി രണ്ടാം സ്ഥാനത്തു തുടരുന്നത്. സ്മിത്തിനെ കുടാതെ മൂന്നാം റാങ്കിലുള്ള ന്യൂസീലൻഡ് നായകൻ കെയ്ൻ വില്യംസനാണ് ആദ്യ അഞ്ചിലെ ഇന്ത്യക്കാരനല്ലാത്ത രണ്ടാമത്തെ താരം.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ പേസ് ബോളിങ്ങിൽ വിസ്മയം സൃഷ്ടിച്ച മുഹമ്മദ് ഷമിയും ഉമേഷ് യാദവും ബോളർമാരുടെ പട്ടികയിലും നേട്ടമുണ്ടാക്കി. കരിയറിലെ ഏറ്റവും ഉയർന്ന പോയിന്റ് നേട്ടവുമായി (751) ഷമി 15–ാം സ്ഥാനത്താണ്. 2018 മാർച്ചിൽ 14–ാം റാങ്കിലെത്തിയതാണ് ഷമിയുടെ ഏറ്റവും മികച്ച നേട്ടം. 624 പോയിന്റ് നേടിയ ഉമേഷ് യാദവ് 24–ാം സ്ഥാനത്താണ്. 2016 ജൂലൈയിൽ 21–ാം റാങ്കിലെത്തിയതാണ് ഉമേഷിന്റെ മികച്ച നേട്ടം.

അതേസമയം, പരമ്പരയിൽനിന്ന് വിട്ടുനിന്ന ജസ്പ്രീത് ബുമ്ര ഒരു സ്ഥാനം താഴേയ്ക്കിറങ്ങി നാലാമതായി. വിൻഡീസ് നായകൻ ജെയ്സൺ ഹോൾഡറാണ് ബുമ്രയെ പിന്തള്ളിയത്. പത്താം സ്ഥാനത്തുള്ള സ്പിന്നർ രവിചന്ദ്രൻ അശ്വിനാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത രവീന്ദ്ര ജഡേജ 14–ാം സ്ഥാനത്താണ്. ഓൾറൗണ്ടർമാരുടെ പട്ടികയിൽ ജഡേജ രണ്ടാം സ്ഥാനം നിലനിർത്തി. അശ്വിൻ ആറാം സ്ഥാനത്തുമുണ്ട്. ടീമുകളുടെ റാങ്കിങ്ങിൽ 119 പോയിന്റുമായി ഇന്ത്യ എതിരാളികളേക്കാൾ ബഹുദൂരം മുന്നിലെത്തി.

English Summary: ICC Test Ranking Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com