ലോകകപ്പ് പ്രവചനം: ബംപർ വിജയിക്കുള്ള കാർ സഞ്ജു സാംസൺ സമ്മാനിച്ചു

Mail This Article
തിരുവനന്തപുരം ∙ കഴിഞ്ഞ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗമായി മലയാള മനോരമയും പ്രമുഖ ടിഎംടി നിർമാതാക്കളായ മെറ്റ്കോൺ ടിഎംടിയും ചേർന്നു നടത്തിയ ഡ്രീം റൺ എസ്എംഎസ് പ്രവചന മത്സരത്തിലെ ബംപർ വിജയിക്കുള്ള കാർ സമ്മാനിച്ചു. വിജയി തൃശൂർ മാള ആത്തപ്പള്ളി വീട്ടിൽ ഡിജോ ഡേവിസ്, സമ്മാനമായ മാരുതി സ്വിഫ്റ്റ് കാറിന്റെ താക്കോൽ ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീം അംഗം സഞ്ജു സാംസണിൽനിന്ന് ഏറ്റുവാങ്ങി.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ്, മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു, മെട്രോള സ്റ്റീൽസ് (മെറ്റ്കോൺ ടിഎംടി) ഡയറക്ടർ വർഗീസ് കുര്യൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. 41 ദിവസങ്ങളിലായാണു പ്രവചന മത്സരങ്ങൾ നടത്തിയത്. എല്ലാ ചോദ്യങ്ങൾക്കും ശരിയുത്തരം അയച്ചവരിൽനിന്നാണു ബംപർ വിജയിയെ തിരഞ്ഞെടുത്തത്. മറ്റു സമ്മാനങ്ങൾ നേരത്തേ വിതരണം ചെയ്തിരുന്നു.
∙ കഠിനാധ്വാനം തന്നെ മന്ത്രം: സഞ്ജു
കഴിയുംവിധം കേരളത്തിന്റെ ജൂനിയർ താരങ്ങളെ എക്കാലത്തും പ്രോത്സാഹിപ്പിക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗം സഞ്ജു സാംസൺ. മലയാള മനോരമയുടെ ലോകകപ്പ് പ്രവചന മത്സരത്തിലെ ബംപർ വിജയിക്കുള്ള സമ്മാനം കൈമാറുന്ന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു താരം. ട്വന്റി20 ടീമിനായി മികച്ച പ്രകടനം നടത്തുകയാണു ലക്ഷ്യം. നന്നായി കഠിനാധ്വാനം ചെയ്യുന്നുണ്ട്. പക്ഷേ, ക്രിക്കറ്റിൽ പ്രവചനങ്ങൾക്കു പ്രസക്തിയില്ല. കളത്തിലെ മികവാണു പ്രധാനമെന്നും സഞ്ജു പറഞ്ഞു.
∙ കേരളത്തിൽ ഐപിഎൽ വേദിക്കായി ശ്രമിക്കും: ജയേഷ്
ഐപിഎൽ ക്രിക്കറ്റിലെ പ്ലേ ഓഫ് മത്സരങ്ങളുടെ വേദികളിലൊന്നായി കാര്യവട്ടം സ്പോർട്സ് ഹബ്ബിനെ മാറ്റാൻ ശ്രമിക്കുമെന്നു ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ്. മലയാള മനോരമ സംഘടിപ്പിച്ച ലോകകപ്പ് പ്രവചന മത്സരത്തിലെ ബംപർ വിജയിക്കുള്ള സമ്മാനദാനച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലേക്കു ടെസ്റ്റ് വേദി കൊണ്ടുവരാനായി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.