ADVERTISEMENT

ബെംഗളൂരു∙ കർണാടക പ്രീമിയർ ലീഗുമായി ബന്ധപ്പെട്ട വാതുവയ്പ് വിവാദത്തിൽ രണ്ട് പ്രമുഖ കർണാടക താരങ്ങൾ അറസ്റ്റിൽ. കർണാടകയ്ക്കായി രഞ്ജി ട്രോഫിയിൽ കളിച്ചിട്ടുള്ള വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ചിദംബരം ഗൗതം, അബ്റാർ കാസി എന്നിവരാണ് അറസ്റ്റിലായത്. കർണാടക പ്രീമിയർ ലീഗ് ഫൈനലിൽ ഇരുവരും ഒത്തുകളിച്ചെന്നാണ് ആരോപണം. ബെല്ലാരി ടസ്കേഴ്സ് നായകനായ ഗൗതവും സഹതാരം കാസിയും ചേർന്ന് ‘മന്ദഗതിയിൽ ബാറ്റ് ചെയ്യാൻ’ 20 ലക്ഷത്തോളം രൂപ കൈപ്പറ്റിയെന്നാണ് കേസ്. ഹൂബ്ലി ടൈഗേഴ്സിനെതിരായ കലാശപ്പോരാട്ടം ടസ്കേഴ്സ് എട്ടു റൺസിനു തോൽക്കുകയും ചെയ്തു.

കലാശപ്പോരിൽ ഹൂബ്ലി ടൈഗേഴ്സ് ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബെല്ലാരി ടസ്കേഴ്സിന് 144 റൺസ് മാത്രമാണ് നേടാനായത്. ഓപ്പണറായിറങ്ങിയ ഗൗതം 37 പന്തിൽനിന്ന് 29 റൺസാണ് നേടിയത്. കാസിയാകട്ടെ, ആറു പന്തിൽനിന്ന് 13 റൺസുമടിച്ചു. ഫൈനലിനു പുറമെ ബെംഗളൂരു ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിലും ഇരുവരും ഒത്തുകളിച്ചതായി ആരോപണമുണ്ട്. ഒരുകാലത്ത് കർണാടക ക്രിക്കറ്റ് ടീമിന്റെ നെടുന്തൂണായിരുന്ന താരമാണ് ഗൗതം. കർണാടകയ്ക്കായി ഒൻപതു വർഷത്തോളം കളിച്ച ഗൗതം ഈ സീസണിൽ ഗോവയിലേക്കു കൂടുമാറിയിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഗോവയുടെ ക്യാപ്റ്റനായും ഗൗതത്തെ പ്രഖ്യാപിച്ചിരുന്നു. ഒത്തുകളിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സാഹചര്യത്തിൽ ഗൗതവുമായുള്ള കരാർ ഗോവ ക്രിക്കറ്റ് അസോസിയേഷൻ അടിയന്തരമായി റദ്ദാക്കി.

മുൻ ഇന്ത്യൻ താരം കൂടിയായ വിനയ് കുമാർ കർണാടക ക്യാപ്റ്റനായിരുന്ന കാലത്ത് ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു മുപ്പത്തിമൂന്നുകാരനായ ഗൗതം. വിനയ് കുമാറിന്റെ അഭാവത്തിൽ 2013ൽ മൂന്നു മത്സരങ്ങളിൽ കർണാടകയെ നയിക്കുകയും ചെയ്തു. റോബിൻ ഉത്തപ്പ, കെ.എൽ രാഹുൽ, മായങ്ക് അഗർവാൾ, മനീഷ് പാണ്ഡെ തുടങ്ങിയവരെല്ലാം ഈ സമയത്ത് കർണാടക ടീമിൽ അംഗങ്ങളായിരുന്നു. ഇന്ത്യ എയ്ക്കായും ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ്, ഡൽഹി ഡെയർഡെവിൾസ് (ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ്) തുടങ്ങിയ ടീമുകൾക്കായും ഗൗതം കളിച്ചിട്ടുണ്ട്.

കർണാടകയ്ക്കായി ദീർഘകാലം കളിച്ചിട്ടുള്ള കാസിയും കഴിഞ്ഞ സീസൺ മുതൽ നാഗാലാൻഡിലേക്കു ചേക്കേറിയിരുന്നു. അവിടെ മധ്യനിര താരമായി കളിക്കുന്ന കാസി മൂന്നുതവണ 150+ സ്കോറുഖവും നേടി. ഈ സീസണിന്റെ തുടക്കത്തിൽ മിസോറമിലേക്കു മാറി. ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനായി ഒരു മത്സരം കളിച്ചിട്ടുണ്ട്.

കളിക്കാർക്കും വാതുവയ്പുകാർക്കുമിടയിൽ ഇടനിലക്കാരനായി പ്രവർത്തിച്ച നിഷാന്ത് ഷെഖാവത്ത് എന്ന താരത്തെ കഴിഞ്ഞ ദിവസം കർണാടക പൊലീസിന്റെ സെന്‍ട്രൽ ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അതിനു മുൻപ് എം. വിശ്വനാഥനെന്ന താരത്തെയും ബെംഗളൂരു ബ്ലാസ്റ്റേഴ്സിന്റെ ബോളിങ് പരിശീലകൻ വിനു പ്രസാദിനെയും അറസ്റ്റ് ചെയ്തു. കെപിഎൽ ഒത്തുകളിയുമായി ബന്ധപ്പെട്ട് ഇതുവരെ വലയിലായ താരങ്ങളിൽ പ്രമുഖനാണ് ഗൗതം. ബെളഗാവി പാന്തേഴ്സ് ഉടമ അലി അസ്ഫാക്ക് താരയുടെ അറസ്റ്റോടെയാണ് സെപ്റ്റംബറിൽ ഒത്തുകളി വിവാദം പൊട്ടിപ്പുറപ്പെട്ടത്.

English Summary: CM Gautam, Abrar Kazi arrested in relation to KPL corruption case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com